സംന്യാസ-സമര്‍പ്പിത-ക്രൈസ്തവ
ജീവിത ലക്ഷ്യം:
ഒറ്റവാക്കില്‍
ഇവയുടെയെല്ലാം ലക്ഷ്യം രക്ഷയല്ലാതെ മറ്റൊന്നല്ല. അതില്‍ ആത്മരക്ഷയും
സഭയുടെ രക്ഷ/വളര്‍ച്ചയും പെടും. ‘നിങ്ങള്‍ ലോകമെങ്ങും പോയി, ...സുവിശേഷം
പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും...’
(മത്തായി 16:15-16). സുവിശേഷം ദൈവരാജ്യത്തിന്റെ സുവിശേഷമാണ്. അതാണ് രക്ഷ.
അത് സര്‍വ്വരുടേതുമാവണം, സാര്‍വത്രികമാവണം.
താന്‍ വളര്‍ന്ന
സ്ഥലമായ നസറത്തിലെ സിനഗോഗില്‍, ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേശു പറഞ്ഞതിതാണ്:
‘കര്‍ത്താവിന്‍റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍
അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക്
കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ
വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.’ (ലൂക്കാ 4:16-18).
വിശ്വസിച്ച് സ്നാനം
സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും എന്നതിനെ ക്രൈസ്തവര്‍ മാത്രം രക്ഷപെടും
എന്ന് ചിന്തിക്കുന്നവരും ഇല്ലാതില്ല. ഇനി, ക്രൈസ്തവര്‍ ആരാണ് എന്ന് ചോദിച്ചാല്‍ വിശ്വസിക്കുന്നവര്‍,
വിശ്വാസികള്‍ എന്നും പറയും. [ഇവിടെ, തെയ്യാര്‍ദ് ഷര്‍ദാന്റെ ‘പ്രപഞ്ച ക്രിശ്തുവും’ (Cosmic Christ), റൈമുണ്ട് പണിക്കറുടെ (Anonymous Christians) ‘അജ്ഞാത ക്രൈസ്തവരും’ അവഗണിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്.] വിശ്വാസം
എന്താണ് എന്ന് ചോദിച്ചാല്‍, അത് വിശ്വാസപ്രമാണം എന്നായിരിക്കും മറുപടി. സുവിശേഷവും
ദൈവരാജ്യവും സൌകര്യപൂര്‍വ്വം വിസ്മരിക്കപ്പെടും, കാരണം, അത് വലിയ
വില (‘The Cost of Discipleship’, Dietrich Bonhoeffer), കുരിശോളമുള്ള വില കൊടുക്കേണ്ട ഒന്നാണ്.
വിശ്വസിക്കാത്തവര്‍, അക്രൈസ്തവര്‍
വിശ്വാസികള്‍ക്ക് വിജാതിയരാണ്, അത്ജാനികളാണ്. അവരുടെ ദൈവങ്ങള്‍ നിരാകരിക്കപ്പെടേണ്ടാവരും.
അങ്ങനെ, നമ്മള്‍ അസഹിഷ്ണുക്കള്‍ ആവുമ്പോള്‍ അവര്‍ സഹിഷ്ണുതയുള്ളവരും നമ്മെ
ബഹുമാനിക്കുന്നവരുമാവുന്നു. ഇവിടെ എന്താണ് ആത്യാത്മികത എന്ന് നാം
തിരിച്ചറിയണം.
പ്രാര്‍ത്ഥന, യേശുവിന് എപ്പോഴും ദൈവേഷ്ടം അന്വേഷിക്കലാണ്, അല്ലാതെ സ്വന്തം ഇഷ്ടം
അടിച്ചേല്‍പ്പിക്കലല്ല, അതിനായി നേര്‍ച്ച കാഴ്ചകളിലൂടെ,
ഉപവാസത്തിലൂടെയും ദൈവത്തെ സ്വാധീനിക്കലല്ല, എല്ലാം ദൈവത്തെ ഏല്പിച്ചു അലസമായിരിക്കലുമല്ല.
പരിശ്രമവും പ്രാര്‍ഥനയും ഒപ്പത്തിനൊപ്പം പോകേണ്ടാവയാണ്. (‘God helps those who help themselves.’ ‘You do your best and God would do
the rest.’)
ഇനി, പ്രാര്‍ത്ഥന
ആത്യാത്മ ജീവിതത്തിന് അനിവാര്യമാവുമ്പോള്‍, അത്തരക്കാര്‍ക്ക് സമഗ്രമായ, ലളിതമായ ഒരു
പ്രാര്‍ഥനാ രൂപമുണ്ട്. അത് നമുക്കേവര്‍ക്കും സുപരിചിതമായ ജബമാല തന്നെ. അവിടെ
വിശ്വാസ പ്രമാണം പ്രാര്‍ത്ഥനയാവുന്നു. യേശു പഠിപ്പിച്ച ഒരേ പ്രാര്‍ഥനയായ ‘സ്വര്‍ഗസ്ഥനായ
ഞങ്ങളുടെ പിതാവേ...’, മറിയത്തെ ദൈവദൂതന്‍ അഭിസംബോധന ചെയ്ത ‘നന്മ നിറഞ്ഞ
മറിയമേ...’, എന്നിവയ്ക്ക് പുറമേ, വിശ്വാസം, ശരണം, സ്നേഹം എന്നിവയ്ക്ക് വേണ്ടിയും, യേശുവിന്‍റെ രക്ഷാകര
രഹസ്യങ്ങളെ ധ്യാനിച്ച് നാം പ്രാര്‍ഥിക്കുന്നു.
നിത്യജീവന്‍/രക്ഷ
പ്രാപിക്കാന്‍ പ്രമാണങ്ങള്‍ അനുസരിക്കണമെന്ന് യേശു പറയുന്നു. (മത്തായി 19:16-17). അവയില്‍
അതിപ്രധാനമായത്, കര്‍ത്താവിനെ... സ്നേഹിക്കുക. അതിന് തുല്യമായ മറ്റൊന്ന്, നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. (22:34-39) എന്നിവ. ഇതിന് സ്വാര്‍ഥത/അഹന്ത
നിഗ്രഹിക്കപ്പെടണം, കുറഞ്ഞപക്ഷം അത് നിയന്ത്രിക്കപ്പെടുകയെങ്കിലും വേണം. ഇതാണ് ആത്യാത്മികത.
‘കര്‍ത്താവ്...
ആയിരക്കണക്കിന് മുട്ടാടുകളിലും പതിനായിരക്കണക്കിനു എണ്ണപ്പുഴകളിലും സംപ്രീതനാകുമോ?
...എന്‍റെ ആദ്യജാതനെ ഞാന്‍ നല്‍കണമോ... ശരീരത്തിന്‍റെ ഫലം കാഴ്ച്ചവയ്ക്കണമോ?
മനുഷ്യാ, നല്ലതെന്തെന്നു അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ
കാണിക്കുക, ...വിനീതനായി ചരിക്കുക.’ (മിക്കാ 6:6-8; ഏശയ്യാ
1:11-17; ആമോസ് 5:21-23).
നമ്മെക്കാള്‍,
കൂടുതലായി സര്‍വ്വത്രിക രക്ഷ വിശ്വസിക്കുന്നവരും പ്രാവര്‍ത്തികമാക്കു ന്നവരും
ഒരുപക്ഷെ അക്രൈസ്തവരായിരിക്കും. ഈ അടുത്തിടെ കാലം ചെയ്ത പ്രസിദ്ധനായ സൂര്യാ
കൃഷ്ണമൂര്‍ത്തി തന്‍റെ ഒരു പരിപാടിക്ക് എന്നെ ക്ഷണിച്ചപ്പോള്‍, ഞാന്‍ എന്താണ്
ചെയ്യേണ്ടതെന്ന ചോദ്യത്തിന്, ‘യേശുവിനെക്കുറിച്ച് സംസാരിക്കുക’ എന്ന് പറഞ്ഞ് എന്നെ
അത്ഭുതപ്പെടുത്തി. അതുപോലെ, ഒരിക്കല്‍ മതനേതാക്കള്‍കൂടി ഉള്‍പ്പെടുന്ന സുഗതകുമാരിയുടെ
‘ശാന്തി സമിതി’ യോഗത്തിനു ശേഷം പങ്കെടുത്തവരില്‍
ഒരു മത നേതാവിന്‍റെ ശിരസ്സില്‍ കൈകള്‍വച്ച് അവര്‍പ്രാര്‍ഥിച്ചത് കണ്ട്, എന്‍റെയും ശിരസ്സില്‍
കൈകള്‍ വച്ച് പ്രാര്‍ഥിക്കാന്‍ ഞാനും ആവശ്യപ്പെട്ടു. ഇവരുടെ സ്നേഹം, ആദരവ്, വിനയം മുതലായവ നാം കണ്ട് പഠിക്കേണ്ടതാണ്...
ഒരു ക്രൈസ്തവ
പ്രഭാഷണത്തിനിടെ, പ്രാഭാഷകന്‍ പറഞ്ഞു, ആരാണ് സ്വര്‍ഗത്തില്‍ പോവുക എന്നതിന് ശരിയായ
ഉത്തരം പറഞ്ഞാല്‍ നല്ലൊരു സമ്മാനം തരാം എന്ന്. ആരും മിണ്ടാതിരിക്കെ, ഒരു ഹൈന്ദവ
സംനിയാസി, യേശു എന്ന് പറഞ്ഞു. അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചുവത്രേ, ഇങ്ങനെ പറയാന്‍
എന്താണ് കാരണം? അദ്ദേഹം പറഞ്ഞുവത്രേ, അത് ശ്രീകൃഷ്ണനാണ് എന്ന് എനിക്ക് ബോധ്യമുണ്ടെങ്കിലും
സമ്മാനത്തിനു വേണ്ടി അങ്ങനെ പറഞ്ഞു എന്ന്! അതായത്, കാര്യം കാണാന്‍ സൌകര്യാര്‍ത്ഥം
നിലപാട് മാറ്റുന്നവര്‍, ജീവിക്കുന്നവര്‍!
ശിഷ്യത്വം…
യേശുവിന്‍റെ
വിളി ശിഷ്യത്വത്തിലേക്ക് മാത്രമാണ്. വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ദൈവ
രാജ്യത്തിന്റെ സുവിശേഷം അറിയിച്ച യേശു (മാര്‍ക്ക് 1:15) ശിമയോനെയും കൂട്ടരെയും
തന്നെ അനുഗമിക്കാന്‍ ആഹ്വാനംചെയ്തു (1:17). ഇത് കൂടാതെ നിരവധി പേര്‍
യേശുവിന്‍റെ ആര്‍ദ്രതയുള്ള, ആശ്വസിപ്പിക്കുന്ന, സൌഖ്യപ്പെടുത്തുന്ന, സാമീപ്യം അനുഭവിക്കാന്‍, ഭയമകറ്റുന്ന,
ശാക്തീകരിക്കുന്ന വചനം കേള്‍ക്കാനൊക്കെ
വന്നും പോയുമിരുന്നു. ചിലര്‍ അവിടുത്തെ തങ്ങളുടെ ഭവനങ്ങളില്‍ സ്വീകരിച്ചു. എന്നാല്‍
മറ്റു ചിലര്‍, സ്ത്രീകള്‍ ഉള്‍പ്പെടെ, അവനോടൊപ്പം കൂടി (ശിഷ്യന്മാര്‍). അവരില്‍
നിന്നുമായിരിക്കണം പന്ത്രണ്ട് പേരെ തെരഞ്ഞെടുത്തത്. ലൂക്കാ ഈ പന്ത്രണ്ട് പേരെ
(അപ്പസ്തോലന്മാര്‍) അയക്കുന്നതും (9:1-6), എഴുപത്തിരണ്ടു പേരെ അയക്കുന്നതും
(10:1-11) വിവരിക്കുന്നുണ്ട്.
അവിടുത്തെ
കുരിശുമരണത്തോടെ ചിതറിയോടിയ ശിഷ്യഗണം ഉയിര്‍പ്പിന്റെ വാര്‍ത്ത അറിഞ്ഞതോടെ
ഒത്തുകൂടുന്നു. പിന്നീട് ആയിരങ്ങള്‍ ഇവരോടൊപ്പം ചേര്‍ന്നു. ഇവര്‍ ‘ഒരു ഹൃദയവും
ഒരാത്മാവും ആയിരുന്നു.’ (അ. പ്ര. 4:32). ഇവരെ സഹായിക്കാനാണ്
ശിഷ്യന്മാരുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ ഡീക്കന്മാര്‍ നിയോഗിക്കപ്പെട്ടത്
(6:1-6). ‘ക്രിസ്തുമാര്‍ഗം
സ്വീകരിച്ച’ (9:2) ഇവര്‍ക്ക് നേരെയാണ് വധഭീഷണി മുഴിക്കിക്കൊണ്ട് സാവൂള്‍
ഇറങ്ങിത്തിരിച്ചത് (9:1). ‘അന്ത്യോക്യായില്‍ വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍
എന്ന് വിളിക്കപ്പെട്ടത്’ (11:26).
പിന്നെ, അപ്പസ്തോല
നിരയിലേക്ക് യൂദാസിനു പകരം മത്തിയാസ് (1:25-26) പൌലോസായി മാറിയ സാവൂള്‍,
സ്വയമേയുള്ള അവകാശ വാദത്തിന്‍റെ പേരില്‍ (Gal 1:1; 1Cor
9:1), എന്നിവരും ചേര്‍ക്കപ്പെടുന്നുണ്ട്. ഇത് ഏതാണ്ട്
വ്യവസ്ഥാപിതമാവുന്നത്, ജറുസലെം സുനഹദോസോ ടെയാവാണം(Acts 15:1ff).
അപ്പോഴേക്കും ശ്രേഷ്ഠന്മാര്‍
(Acts 14:23, Titus 1:5) എന്നൊരു വിഭാഗത്തെ നിയമിച്ചു കാണുന്നുണ്ട്. അപ്പസ്തോലന്മാരെപ്പോലെ
ഇവരും അപ്പം മുറിച്ചിരുന്നതായും അനുമാനിക്കാം. പിന്നെ,
ക്രിസ്ത്യാനികള്‍ വ്യാപിച്ചതോടെ പ്രാദേശിക സമൂഹങ്ങള്‍, സഭകള്‍
ഉണ്ടായി. അവിടെക്കായിരുന്നുവല്ലോ ശ്രേഷ്ടന്മാര്‍ നിയമിതരായത്. തുടര്‍ന്ന് മെത്രാന്‍ (Titus 1:7)മാരുടെ കാര്യവും പ്രതിബാധിക്കപ്പെടുന്നുണ്ട്. മെത്രാന്‍, അദ്ദേഹത്തിന്‍റെ
നേത്രുത്വത്തില്‍ ശുശ്രൂഷ ചെയ്യാന്‍ പുരോഹിതര്‍, പിന്നെ ഡീക്കന്മാര്‍ എന്നിവരെക്കുറിച്ച്
അന്ത്യോക്യായിലെ ഇഗ്നേഷ്യസ് പരാമര്‍ശിച്ചു കാണുന്നുണ്ട്.
ഇവിടെ
ശ്രദ്ധേയമായ കാര്യം, പ്രാമുഖ്യത്തിനായി അവിടുത്തെ സമീപിച്ച സെബദി പുത്രന്മാരോട് അമര്‍ഷം തോന്നിയ
ബാക്കി പത്തു പേരെയും വിളിച്ച്, ‘വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം
പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും
നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍
അങ്ങനെയാകരുത്... മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല
ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചന ദ്രവ്യമായി
നല്കാനുമത്രേ.’ (മാര്‍ക്ക് 10:42-45) എന്ന് സംശയത്തിന് ഇടയില്ലാതെ
വ്യക്തമാക്കി. [A note prepared for Archbishop Emeritus Susai Pakiam for his classses to the seminarians as well as the aspirants of his Handmaids of Hope]