പൂത്തറയും മത്സ്യത്തൊഴിലാളിമുന്നേറ്റ സമരങ്ങളും...
(ഒരു ശുശ്രൂഷ പൌരോഹിത്യം പിച്ചവയ്ക്കുന്നു...)
എന്‍റെ ശുശ്രൂഷാ (പൌരോഹിത്യ) ജീവിതം ആരംഭിക്കുന്നത് അഞ്ചുതെങ്ങ് മേഖലയില്‍ നിന്നുമാണ്, ആയിരത്തി തൊള്ളായിരത്തി എണ്‍പത് ഡിസംബര്‍ അവസാനം, കൃത്യമായി ക്രിസ്മസ്സോടെ, അന്ന് അഞ്ചുതെങ്ങിലെ വികാരി, തോമസ് പെരേരാ അച്ചന്‍റെ സഹായിയായിട്ടാണ്. തുടര്‍ന്ന്, താഴംപള്ളി -അരയതുരുത്തി ഇടവകകളുടെ താല്‍ക്കാലിക ചുമതലക്കാരനായി അഞ്ചുതെങ്ങില്‍ താമസം. പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരി പതിനാറിന് പൂത്തുറ ഇടവക ശുശ്രൂഷ (വികാരിയായി) ചുമതലയേറ്റു (കോച്ചേരി അച്ഛനും സംഘത്തിനും ശേഷം ഒരു വര്‍ഷത്തിനിടയ്ക്ക് രണ്ടു വികാരിമാര്‍ സ്ഥലം മാറിപ്പോയതിന്‍റെ പിന്നാലെ..). (അഞ്ചുതെങ്ങില്‍ നിക്കോളാസ് ഡിക്കോസ്റ്റാ അച്ചനും, മാമ്പള്ളിയില്‍ സ്റ്റീഫന്‍ മേത്താശ്ശേരി അച്ചനുമായിരുന്നു).
മത്സ്യത്തൊഴിലാളി മേഖല അവകാശ സമരങ്ങളാല്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ആറ്റിങ്ങലില്‍ ഉപതെരെഞ്ഞെടുപ്പ് വേറെ നടക്കാനിരിക്കുന്നു. ഏതോ ഒരു നിസ്സാര കാര്യത്തിന് അഞ്ചുതെങ്ങ് – പൂത്തുറക്കിടെ ഒരു വഴക്ക്, സംഘര്‍ഷാവസ്ഥ. അത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് മേയ് മാസം ഒന്നാം തിയതി, തൊഴിലാളി ദിനമായിരുന്നു. പോലീസ് സേന തമ്പടിച്ചു കഴിഞ്ഞിരുന്നു. പലതരത്തിലും പ്രബലരായ അഞ്ചുതെങ്ങുകാര്‍, അടുത്ത ദിവസം (രണ്ടാം തിയതി) പൂത്തുറയിലേക്ക് അതിക്രമിച്ചു കടക്കുന്നു. ചെറുത്തുനിന്നവരെ മര്‍ദ്ദിച്ചു മുന്നേറുന്നു, ജനം പിന്‍വാങ്ങുന്നു. മുന്‍ നിരയിലെത്തിയ ഞാന്‍ വൃത്തനായ ഒരാളെ അടികൊള്ളാതെ സംരക്ഷിച്ച് പുറകെയുണ്ട്. ഞങ്ങള്‍ ഏതാണ്ട് പള്ളിപ്പരസത്തെത്തുമ്പോള്‍ പോലീസും പുറകെയുണ്ട്. അപ്രദീക്ഷിതമായാണ് പൊടുന്നനെ വെടിയൊച്ച കേട്ട് ഞങ്ങള്‍ സ്ഥപ്തരായി തിരിഞ്ഞു നോക്കുമ്പോള്‍ പോലീസ് തോക്കുമായി ഉന്നംവച്ചു നില്‍ക്കുന്നു. എന്റെ മുന്‍പില്‍ ഗില്‍ബര്‍ട്ട് മാത്രം, ഉയര്‍ത്തിയ കൈകളില്‍ ഒരു തുഴവയുമായി, നിസ്സഹായനായി അടിയറ പറഞ്ഞു നിന്ന ഗില്‍ബര്‍ട്ടിനെ ഉന്നംവച്ച് വെടിയുതിര്‍ക്കുന്നു, ചോര ചീറ്റി ഉയര്‍ന്നു പൊങ്ങി നിലംപതിക്കുന്നു ഗില്‍ബര്‍ട്ട്. പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കിയത് അബ്ദുള്‍ അസ്സിസ് എന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്, അകാലത്തില്‍ പൊലീസ് ക്രൂരതയ്ക്കുമുന്നില്‍ പിടഞ്ഞുവീണത് ഒരു പാവം ചെറുപ്പക്കാരന്‍ മത്സ്യത്തൊഴിലാളി ഗ്രഹനാഥന്‍, ഗില്‍ബര്‍ട്ട്. പൌരോഹിത്യത്തിലെ ബാലനായ ഞാന്‍ വാവിട്ട് കരയുന്നു... പോലീസ് രംഗം കൈയ്യടക്കുന്നു... നിസ്സഹായരായ സ്ത്രീകളും കുട്ടികളുംമറ്റും നിലവിളിച്ചുകൊണ്ട് നിരാശരായി പിന്‍വാങ്ങുന്നു... [പൂത്തുറ വെടിവയ്പ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു അന്വേഷണക്കമ്മിഷനെ നിയോഗിക്കുകയുണ്ടായി. ആസ്ഥാനം ആറ്റിങ്ങലിലും. എന്നെയും ഒരിക്കല്‍ വിളിച്ചിരുന്നു. ഞാനും ഹാജരായി... യശ്ശരീരനായ ഗില്‍ബര്‍ട്ടിന്റെ വിധവയ്ക്ക് ഒരു ലാസ്റ്റ് ഗ്രേഡ് ജോലി ലഭിച്ചു എന്നല്ലാതെ മറ്റെന്തുണ്ടായി!]
സഭാ നേതൃത്വത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ വിവരം അറിയിക്കാന്‍, സാധ്യമായ സഹായം തേടാന്‍, സ്ഥിരം കടത്തുപോലുമില്ലാത്ത അന്ന് ഒരുവിധം അക്കരയെത്തുന്നു ഞാന്‍. കൂടെ പീറ്ററുമുണ്ട്... ആറ്റിങ്ങലിലെത്തി ഫോണ്‍ ചെയ്യുന്നു. ആപോഴാണ് പീറ്റര്‍ കോച്ചേരിയച്ചന്റെ കാര്യം പറഞ്ഞതും, ഞാന്‍ അദ്ദേഹത്തെയും വിവരം അറിയിച്ചതും. വൈകുന്നേരത്തോടെ അദ്ദേഹം അഞ്ചുതെങ്ങില്‍ എത്തിയെന്നും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നുമാണ് തുടര്‍ന്ന് കേട്ടത്! ഞാന്‍ വിളിച്ചിട്ടാണെന്ന കുറ്റബോധത്തില്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, അത് കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു എന്ന്‍. കാരണം ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യവും സാധ്യമെന്ന് അവര്‍ കരുതിയിട്ടുള്ള ഇടപെടലുകളും കോണ്ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനു ദോഷമാവുമെന്നു കരുതി ചെയ്തതാണെന്ന്.
ലോക്കപ് പീഡനം – ശാരീരിക, മാനസീക – നമുണ്ടായതായി പിന്നീട് കാണാന്‍ ചെന്ന എന്നോടും മേത്താശ്ശേരി അച്ചനോടും അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന് മത്സ്യത്തൊഴിലാളി സമരങ്ങളും, വെടിവയ്പ്പിനെതിരെയുള്ള പ്രതിഷേദങ്ങളും പ്രക്ഷോപങ്ങളും അദ്ദേഹത്തിന്‍റെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടമായി. അങ്ങനെ കോച്ചേരിയച്ചന് അപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റി മത്സ്യത്തൊഴിലാളി സംഘടനാ, സമരമുഖങ്ങളില്‍ നേത്രുത്വ നിരയിലേക്കു സാധാരണയിലും നേരത്തെ എത്തിപ്പെടുകയും ചെയ്തതു ചരിത്രമാണ്.
തോമസ് കോച്ചേരി, മാത്യൂ ഊട്ടുക്കുന്നേല്‍, ജെയിംസ് ചക്കാലക്കല്‍ എന്നീ രക്ഷകസഭാംഗങ്ങള്‍ (Redemptorists) അന്നത്തെ രൂപതാധ്യക്ഷന്‍ ക്രാന്തദര്‍ശിയുമായ പെരേര മെത്രാനാല്‍ പൂത്തുറയിലേക്ക് അയക്കപ്പെട്ടു. അങ്ങനെ കോച്ചേരിയച്ചനും കൂട്ടരും അവിടെ എന്‍റെ മുന്‍ഗാമികളായിരുന്നു. പൂത്തുറയുടെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ട് അവരെ, നിലവിലെ സാമൂഹിക വ്യവസ്ഥകളില്‍നിന്നും മറ്റും മോചിതരാക്കാന്‍, ‘വളം വയ്ക്കേണ്ടത് കതിരിലല്ല ചുവട്ടിലാണ്’ എന്നതിന്‍ പ്രകാരം കുഞ്ഞുമക്കള്‍ക്കായി ഒരു ബാലവാടി തുടങ്ങിയിരുന്നു. ഒപ്പം ബാല്യം കഴിഞ്ഞവര്‍ക്ക് വായിച്ചു വളരാന്‍ ഒരു വായനശാലയും, മത്സ്യത്തൊഴിലാളികള്‍ക്ക്, വിശിഷ്യാ സാമ്പത്തിക പരാദീനതയുടെ പേരില്‍ കമ്പവല പോലത്തെ മത്സ്യബന്ധന ഉപാദികളില്‍ അടിമകളെപ്പോലെ അകപ്പെട്ടുപോയവരെ മോചിപ്പിക്കാനും അത്തരക്കാരുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള കൂട്ടായ്മയ്ക്ക് തനതായ മത്സ്യബന്ധന ഉപാതി (സഹകരണ കമ്പവല) സംഘടിപ്പിക്കാനും ചെറു സംഘങ്ങള്‍ രൂപീകരിച്ച് ബാങ്ക് വായ്പ്പ ഏര്‍പ്പെടുത്തിയതുവരെ അവര്‍ അവിടെ ചെയ്ത് മാതൃകയായി.
അവിടുത്തെ ബാലവാടിയിലെ മിടുക്കന്മാരും മിടുക്കികളുമായ കുട്ടികള്‍ അന്നുതന്നെ കഥാപ്രസംഗം പോലുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു. ഉദാഹരണം കോച്ചേരിയച്ചന്‍ രചിച്ച് ജോളിതോമസ് എന്ന ബാലിക അവതരിപ്പിച്ച ‘കൊമ്പന്‍ സ്രാവ്’ പ്രസ്സിദ്ധമാണ്.
പൂത്തുറയ്ക്ക്, മറ്റു സ്ഥലങ്ങള്‍ക്കെന്നപോലെ, ഒരുപാട് മാറ്റമുണ്ടായി. തീരം കാര്‍ന്നുതിന്നുന്ന തിരയെ പ്രതിരോധിക്കാന്‍ കടല്‍ ഭിത്തി, പുതിയ പള്ളിയും, പള്ളിമേടയും, ചിരയിന്കീഴിലേക്ക് ചെല്ലാന്‍ പാലം, കന്യാസ്ത്രി മഠം, (ഇങ്ങ്ലീഷ്) പള്ളിക്കൂടം, പിന്നെ മുതലപ്പൊഴിയുമായി ബന്ധപ്പെട്ടുള്ള യാത്രാ സൗകര്യം എന്നിങ്ങനെ... [കൂട്ടത്തില്‍ ആ ഗ്രാമത്തിന്‍റെ സ്വന്തം സിസ്റ്റെര്സ് (മറ്റുള്ളവരുടെതുപോലത്തെ സാധാരണ ഓല മേഞ്ഞ, മേശ കസേരകളില്ലാത്ത, അടച്ചുപൂട്ടുള്ള സൌച്യാലയം പോലുമില്ലാത്ത ഒരു വീട്ടില്‍, നാട്ടിലെ സാധാരണക്കാരായ സ്ത്രീ ജനങ്ങളുടെതുപോലത്തെ വസ്ത്രങ്ങള്‍ ഉടുത്തു കഴിഞ്ഞ മെഡിക്കല്‍ മിഷന്‍ സഹോദരിമാര്‍) പിന്‍വാങ്ങേണ്ടി വന്നത്...]
എന്‍റെ കാലത്തും അതിന് മുന്‍പും പൂത്തുറ വൈദീക-സംന്യാസ പരിശീലനം നേടുന്ന കപ്പൂച്ചിന്‍, സി എം ഐ തുടങ്ങി പലരുടെയും, പരിശീലനത്തിന്‍റെ ഭാഗമായിട്ടുണ്ട്. വിമോചന ദൈവശാസ്ത്രത്തിന്റെ ആമുഖം മാത്രം കേട്ട് സെമിനാരി പഠനം പൂര്‍ത്തിയാക്കി വന്ന എനിക്ക് പൂത്തുറ നല്ല ഒരു പരിശീലനക്കളരിയായിരുന്നു, മത്സ്യത്തൊഴിലാളി ചൂഷണങ്ങള്‍ക്കെതിരെ അവരെ സംഘടിപ്പിച്ച് സമരം ചെയ്ത് പല നേട്ടങ്ങളും, വിശേഷിച്ചും ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ട്രോളിംഗ് നിരോധനം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമ നിധി, അവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം തുടങ്ങി പലതും നേടുന്നതിനൊപ്പം അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കുവാനും, അവരെ ഒരു സംഘടിത ശക്തിയാക്കി അവ നേടിയെടുക്കാന്‍ സമരം ചെയ്യാനും പ്രാപ്തമാക്കിയത് അവയില്‍ ചിലതുമാത്രമാണ്. അത്തരം സംഘടനകളില്‍ മുന്‍പേ പറന്ന പക്ഷിയാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി (യൂണിയന്‍) ഫെഡറേഷന്‍. അതിന്നും ആദ്യോല്‍സാഹത്തോടെ സമരമുഖങ്ങളില്‍, അതിന്‍റെ നേത്രുത്വ തലങ്ങളില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഉണ്ടെന്നുള്ളത് ചില്ലറ കാര്യമല്ല. തുടര്‍ന്നും മത്സ്യത്തൊഴിലാളി മുന്നേറ്റങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണമുള്‍പ്പെടെയുള്ള മാനവമോചത്തിനായുള്ള പടയോട്ടങ്ങളില്‍ ഉണ്ടാവട്ടെ എന്നാശംഷിക്കുന്നു.
ഈ മുന്നേറ്റങ്ങളിലെല്ലാം അന്നും, തുടര്‍ന്നിന്നുവരെ, സജീവ സാന്നിധ്യമായി പങ്കെടുക്കാനാവാത്തപ്പോഴും, ഞാനും അകലെ നിന്ന് ആദ്യാവേശത്തോടെ താല്പര്യപൂര്‍വ്വം ശ്രദ്ധിക്കുകയും മനസ്സുകൊണ്ട് നന്മ നേരുകയും ചെയ്യുന്നുണ്ട്, കാരണം ഇതും ദൈവരാജ്യം ഇവിടെ യാഥാര്‍ത്ഥ്യമാക്കാനുള്ള, അനുഭവവേദ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയെന്നുള്ള പ്രത്യാശയില്‍...
- പങ്ക്രെഷ്യസ്/03.10.2020
No comments:
Post a Comment