Thursday, October 8, 2020

Reflection on Mass Readings...

 ജോബിന്റെ പുസ്തകത്തിലെ അവസാന ഭാഗമാണ് ഇന്ന് നാം ശ്രവിച്ചത്. 


നീതിമാന്റെ സഹനമെന്ന  സങ്കീർണമായ പ്രശ്നം അപഗ്രഥിച്ചു പരിഹാരം കാണാനുള്ള ശ്രമമായിരുന്നല്ലോ പുസ്തകത്തിന്റെ പ്രമേയം.


ജീവാപഹരണം ഒഴിച്ചുള്ള സകല ദുരിതങ്ങളും സഹിച്ച ജോബിനെ അദ്ദേഹത്തിന്റെ ഭാര്യയും ആത്മസുഹൃത്തുക്കളും പോലും ദൈവത്തെ പഴിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുമ്പോഴും ജോബ് സംശയിക്കുന്നതല്ലാതെ കീഴടങ്ങുന്നില്ല എന്നു മാത്രമല്ല, ദൈവം പ്രത്യക്ഷപ്പെട്ടു കാര്യങ്ങൾ വ്യക്തമാക്കിക്കൊടുത്തപ്പോൾ, തനിക്ക് മനസ്സിലാകാത്ത... കാര്യങ്ങളെക്കുറിച്ച്... പറഞ്ഞുപോയി എന്ന് പരിഭവിക്കുന്ന ജോബിന്റെ ജീവിതം മുന്പിലത്തേ തിനേക്കാൾ ധന്യമാക്കി എന്ന ശുഭ പര്യവസായിയായി. 


ദൈവപുത്രനായ യേശുവിന്റെ പീഡകളും മരണവും ഉയിർപ്പും ഇതേ സന്ദേശംതന്നെയല്ലേ നൽകുന്നത്, നിലത്തുവീണ് ഇല്ലാതായി തീരുന്ന ഗോതമ്പു മണിപോലെ..!


ഒന്നിലും, മടിശ്ശീലയിലോ, സഞ്ചിയിലോ, ചെരുപ്പിലോ  പോലുമോ ആശ്രയിക്കാതെ, ചെയ്യുന്ന വേലയ്ക്ക് അർഹമായ കൂലിയിൽ മാത്രം ആശ്രയിക്കാൻ ആഹ്വാനം ചെയ്ത്, താൻ പോകാനിരുന്ന പട്ടണങ്ങളിലേക്കും നാട്ടിൻ പുറങ്ങളിലേക്കും തനിക്കു മുമ്പേ ശിഷ്യന്മാരെ അയച്ച യേശു സന്തോഷത്തോടെ തിരിച്ചുവന്ന അവരെ ഓർത്ത്, ആത്മാവിൽ ആനന്ദിക്കുന്നു, ശിശു തുല്യരായ, നിസ്സാരരായ ശിഷ്യൻമാർക്ക് തിന്മയുടെ ശക്തികൾ കീഴടങ്ങുന്ന രഹസ്യം വെളിപ്പെട്ടതിനെയോർത്ത് ദൈവത്തെ സ്തുതിക്കുന്നു, ശിഷ്യന്മാരുടെ അത്തരം കണ്ണുകളും കാതുകളും ഭാഗ്യമുള്ളവയെന്ന് പ്രഘോഷിക്കുന്നു. 


യേശുവിന്റെ വിളി ശിഷ്യത്വത്തിലേക്കുള്ളതാണ്. ശിഷ്യൻ എല്ലാം ഉപേക്ഷിച്ചു സ്വന്തം കുരിശുമെടുത്ത് അവിടുത്തെ അനുഗമിക്കേണ്ടവനാണ്. അവർക്കുള്ള പ്രതിഫലം ജോബിന്റെ ധന്യതപോലെ, യേശുവിന്റെ ഉയിർപ്പുപോലെ പ്രാഭവമേറിയതാണ്, ആനന്ദ ദായകമാണ്, സ്തുതിക്ക്‌ യോഗ്യമാണ്.

No comments: