Sunday, April 19, 2020

11.04.2020: Breaking the word...

യേശുശിഷ്യന്മാരുടെ (പത്രോസിന്റെ), ക്രൈസ്തവരുടെ ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണം ഉയിർപ്പാണ്: 'നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി...' (ആക്ടസ് 2:36). തങ്ങളുടെ പ്രഘോഷണത്തിന്റെയും വിശ്വാസത്തിന്റെയും ആധാരം ഉയിർപ്പാണെന്ന് പൗലോസും അസന്നിക്തമായി പ്രഖ്യാപിക്കുന്നു (1 Cor 15:14).
ഉയിർപ്പിന്റ അനിവാര്യതയെ യേശുവും വ്യക്തമാക്കിയിട്ടുണ്ട്: 'സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും... നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും.' (Mk 8:35), 'ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.' (Jn 12:24).
ക്രൈസ്തവീകതയുടെ കാതൽ യേശുവിന്റെ ഈ പ്രബോധനങ്ങളാണ്, അവയെ അന്വർത്ഥമാക്കിയ അവിടുത്തെ ജീവിതവും മരണവുമാണ്.
ഇന്നത്തെ വിപുലമായ ആരാധനാക്രമവും, അവയിലെ വിവിധങ്ങളായ അടയാളങ്ങളും കുറെയധികം വായനകളും, ഈ അടിസ്ഥാന സത്യത്തെ ഉറപ്പിക്കാൻവേണ്ടിയാണ്, അത് ലോകാരംഭം മുതൽ പ്രവാചകന്മാരിലൂടെയും അല്ലാതെയും ദൈവം ഒരുക്കിക്കൊണ്ടുവന്നതാണ് എന്നും പഠിപ്പിക്കാൻവേണ്ടിക്കൂടിയാണ്.
'ജീവിതം ഒരു ചുമടു വണ്ടി'യെന്നും, 'ചുമലിൽ ജീവിതഭാരം' എന്നുമൊക്കെ ചിന്തിച്ചു വിലപിക്കുന്ന മനുഷ്യന് പ്രത്യാശ ഇല്ലെങ്കിൽ! ആ പ്രത്യാശയാണ് യേശുവിന്റെ ഉയിർപ്പ്.
തിന്മയുടെയും, ദുരിതങ്ങളുടെയും ആകെത്തുകയെന്നു വിശേഷിപ്പിക്കാവുന്ന മരണത്തിന്റെമേലുള്ള ആത്യന്തിക വിജയമാണ് ഉയിർപ്പ്. അതുകൊണ്ടാണ് ക്രൈസ്തവീകത 'പ്രത്യാശ ഇല്ലാത്തിടത്തെ പ്രത്യാശ' ('hope against hope') എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
ഈ കൊറോണ ദുരിതങ്ങളുടെ നിസ്സഹായ, നിരാശാകാലത്തു യേശുവിന്റെ ഉയിർപ്പ്, നമ്മിലൂടെ മാനവരാശിക്ക് പ്രത്യാശ പകരട്ടെ, പുത്തൻ ഉണർവ് നൽകട്ടെ.
സുപ്രഭാതം 

No comments: