വെള്ളി, 24/4/2020
Friday of the 2nd week of Eastertide
or Saint Fidelis of Sigmaringen, Priest, Martyr
Friday of the 2nd week of Eastertide
or Saint Fidelis of Sigmaringen, Priest, Martyr
വിചിന്തനം:
അറിയപ്പെടുന്ന യോഗ്യതകളോ, അർഹതയോ ഒന്നുമില്ലാതെ ദൈവത്തിന്റെ പേരിൽമാത്രം അനുഭവിച്ചുപോന്ന ചില സ്ഥാനമാണങ്ങളുടെ, അധികാരത്തിന്റെ നെഗളിപ്പിൽ അഹങ്കാരികളും അവിവേകികളും അസഹിഷ്ണുക്കളുമായവരുടെ ഇടയിലും വിനയവും, വിവരവും, വിവേകവും, സമചിത്തതയുമുള്ള ആളുകൾ ഉണ്ടാവും. അത്തരത്തിൽ ആദരണീയനായ ഒരാളാണ് ഗമാലിയേൽ.
ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും വെറും സാധാരണക്കാരായ പത്രോസും കൂട്ടരും ഭയലേശമന്യേ തങ്ങളുടെ അനുഭവത്തിൽ, ബോധ്യത്തിൽ അചഞ്ചലരായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യം അയാൾക്ക് മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ടാണ് 'അവരെ അവരുടെ വഴിക്കു വിട്ടയക്കാൻ' ഉപദേശിച്ചത്. എന്നിട്ടും അവർ, 'യേശുവിന്റെ നാമത്തിൽ സംസാരിച്ചുപോകരുതെന്നു കല്പിച്ചു'വെങ്കിലും ശിഷ്യന്മാർ 'യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് വിരമിച്ചില്ല.' മാത്രമല്ല, അതിനനുയോജ്യമായി ജീവിച്ച് മറ്റുള്ളവർക്കു മാതൃകയാവുകയും ചെയ്തു. ഇതാണ് ബോധ്യം അല്ലെങ്കിൽ വിശ്വാസം.
സുവിശേഷത്തിൽ, യേശു രോഗികളിൽ പ്രവർത്തിച്ച അടയാളങ്ങൾ കണ്ട് അവനെ അനുഗമിച്ച ജനക്കൂട്ടത്തിനു ഭക്ഷിക്കുവാൻ അഞ്ചപ്പത്തെയും രണ്ടു മീനിനെയും വർധിപ്പിച്ചു എന്നതാണ്, പരാമർശം.
അയ്യായിരത്തോളം വരുന്ന പുരുഷന്മാരുടെ ഇടയിൽ ഒരു കുട്ടി, അതും അഞ്ചപ്പവും രണ്ടു മീനുമായിട്ടു! പണ്ഡിതന്മാർ ഇങ്ങനെ ഒരു സാഹചര്യമാണ് വിഭാവന ചെയ്യുന്നത്: അവിടെ വേറെയും ധാരാളം കുട്ടികളും അവരുടെ കൈവശം കഴിക്കാൻ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കണം.
തനിക്കും തന്നെക്കൊണ്ടു വന്നവർക്കുമാത്രമായി കൊണ്ടുവന്ന അഞ്ചപ്പവും രണ്ടുമീനും ആ കുട്ടി നൽകാൻ ഒരുമ്പെട്ടപ്പോൾ മറ്റുകുട്ടികളും അവരവരുടെ കൈവശമുള്ളതുകൂടി കൊടുത്തിട്ടുണ്ടാവണം. അവിടെ, യേശുവിനെ ശ്രവിക്കാൻ, അവനിൽനിന്നും സൗഖ്യം നേടാൻ വന്നവർക്ക് വിശപ്പിനേക്കാൾ വലുത് അവയായതിനാൽ ആരും തിന്നാൻ കൂട്ടാക്കിയിട്ടു ണ്ടാവില്ല. അങ്ങനെയാവാം ഇത്രയും - പന്ത്രണ്ടു കുട്ട - മിച്ചം വന്നത്.
ഇത്തരത്തിലുള്ളൊരാൾ രാജാവായാൽ കൊള്ളാം എന്നവർ ആശിച്ചിട്ടുണ്ടാവാം. അത് അറിഞ്ഞ യേശു പിന്മാറുന്നു. രാജാവാകയല്ല തന്റെ ദൗത്യം, മറിച്ചു '...ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രെ.' (Mk 10:45)
പങ്കുവയ്ക്കലാണ് യേശു പാരമ്പര്യം, വിശേഷിച്ചും ആഹാരം ഓഹരിക്കപ്പെടേണ്ട താണ്. അപ്പോഴാണ് നമുക്ക് യേശുവിനെ തിരിച്ചറിയാനാ വുന്നത്. (Lk 24:31).
ദുരിദങ്ങളുടെ ഈ കൊറോണാ കാലത്ത് ദിവസക്കൂലിക്ക് ജോലിചെയ്യുന്നവർ, മരുന്നിൽ കഴിയുന്ന രോഗികൾ, വൃദ്ധർ, ഒറ്റയ്ക്ക് താമസിക്കുന്നവർ ക്കെല്ലാം നാമക്കുള്ളത് പങ്കുവയ്ക്കുമ്പോഴാണ് നമുക്കും അവരിൽ യേശുവിനെ കാണാൻ കഴിയുന്നത് : 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ (സഹോദരിമാരിൽ) ഒരുവന് (ഒരാൾക്ക്) നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്' (Mt 25:40) എന്ന് മനുഷ്യപുത്രൻ പറയും.
'ദുഃഖങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും...' അതാണല്ലോ മനുഷ്യാവതാര ത്തിന്റെ പൊരുൾ.
ഇങ്ങനെ മാത്രമേ ഏതു ദുരിദത്തെയും, പ്രതിസന്ധിയെയും അതിജീവിക്കാൻ നമുക്കാവുക, ഭീതിജനകമായ, ഇന്നും പ്രവചനാതീതമായ കൊറോണയെപ്പോലും. ശുഭദിനം!
No comments:
Post a Comment