Saturday, April 25, 2020

Reflections 22.04.2020

ബുധൻ, 22/4/2020

Wednesday of the 2nd week of Eastertide
വിചിന്തനം:
റോമാക്കാരുടെ ഭരണമാണ് പാലസ്ത്തീനയിലെങ്കിലും യഹൂദ പുരോഹിതർക്കും നേതൃത്വത്തിനും അവരുടെ മതവിശ്വാസികളെ വേണ്ടപ്പോൾ കാരാഗ്രഹത്തിലടയ്ക്കാൻ കഴിയുമായിരുന്നു. അങ്ങനെയാവണം അപ്പസ്തോലന്മാരെ കാരാഗ്രഹത്തിലടച്ചത്. എന്നാൽ, സത്യം കല്ലറയിലും കാരാഗ്രഹത്തിലും ഒതുങ്ങുന്ന ഒന്നല്ല എന്ന് മാത്രമല്ല, അത് പൂർവ്വാധികം ശക്തമാവുകയും ചെയ്യുമെന്ന്  വീണ്ടും തെളിയുകയാണ്! 

സുവിശേഷത്തിൽ തന്റെ ജനനം ലോകത്തോടുള്ള തന്റെ പിതാവിന്റെ സ്നേഹപാരമ്യത്താലാണെന്നു  നിക്കോദേമോസിനെ യേശു അറിയിക്കുന്നു. 

യേശു ലോകത്തിന്റെ പ്രകാശമാണ്, എങ്കിലും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. തിന്മ പ്രവർത്തിക്കുന്ന അവർ തങ്ങളുടെ പ്രവർത്തികൾ വെളിപ്പെടാതിരിക്കുന്നതിനു വെളിച്ചത്തു വരുന്നുമില്ല. അത്തരക്കാരുടെ ശിക്ഷ അന്ധകാരത്തിലായിരിക്കുക എന്നതുതന്നെയാണ്, അല്ലാതെ അവിടുത്തെ ആഗമനം ആരെയും ശിക്ഷയ്ക്കു വിധിക്കാനല്ല. 

അന്ധകാരത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ശക്തികൾ ഇന്നുമുണ്ട്. അവരാണ് ലോകത്ത് പട്ടിണി, ദാരിദ്ര്യം, രോഗം, മരണം എന്നിവ വിതയ്ക്കുന്നത്, ഭ്രുണഹത്യമുതൽ അക്രമവും  അരുംകൊലയും, യുദ്ധം വരെ അഴിച്ചുവിടുന്നവർ, ജൈവായുദ്ധംപോലും. 

ഇന്ന് ലോകം ഭീതിയിലായിരിക്കുന്ന കൊറോണാ ഇത്തരത്തിലുള്ള മനുഷ്യ നിർമ്മിതമായ ഒരു വൈറസ് ആണെന്നുവരെ സംശയിച്ചു  നിസ്സഹായമായി പകച്ചു നിൽക്കേണ്ടിവരുന്ന കാലം അന്ധകാരത്തിന്റെതന്നെ. 

ഇതിനെ അതിജീവിക്കാൻ പ്രകാശത്തിന്റെ മക്കളായി നന്മയുള്ളവരായി ജീവൻ പരിപോഷിപ്പിക്കുന്നവരായി നമുക്ക് ഉയരാം, കൊറോണയെ സംയുക്തമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ടു തന്നെ പിടിച്ചുകെട്ടാം. 
ശുഭദിനം.

No comments: