Sunday, April 19, 2020

19.04.2020 - വചന വിചിന്തനം...


മരണാനന്തരമുള്ള യേശുവിന്റെ ഉയിർപ്പ് ഇന്ന് നാം വിശ്വാസ പ്രമാണമായി ഏറ്റുചൊല്ലുന്നത്ര എളുപ്പമായിരുന്നില്ല ആദ്യ ശിഷ്യന്മാർക്ക്, അത് പത്രോസിനായാലും, ഒടുവിൽ തോമസിനായാലും! ആ വിശ്വാസത്തിലേക്ക് വരാൻ, വളരാൻ അവർ ഒരുപാട് ബദ്ധപ്പെട്ടു, സഹിച്ചു.
പിന്നെപ്പിന്നെ എല്ലാവരും തോമസിനെപ്പോലെ 'കാണാതെ വിശ്വസിച്ചു.' (Jn 20:29)
പത്രോസിന്റെ സാക്ഷ്യം കേട്ട് ഏതാണ്ട് 'മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു... അവർ ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായി ക്കരുതുകയും ചെയ്തു. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തു വകകളും വിറ്റ് ആവശ്യാ നുസരണം എല്ലാവർക്കുമായി വീതിച്ചു.' (Acts 2:41, 44-45)
അങ്ങനെ അവർ 'അവനെ കണ്ടിട്ടില്ലെങ്കിലും സ്നേഹിച്ചു. ഇപ്പോൾ കാണുന്നില്ലെങ്കിലും അവനിൽ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂർണവുമായ സന്തോഷത്തിൽ അവർ മുഴുകുന്നു.' (1Pet 1:8)
ഇങ്ങനെ ജീവിച്ചവരെയാണ് 'അന്ത്യോക്യയിൽവച്ചു... ആദ്യമായി ക്രിസ്ത്യാനികൾ' ( Acts 11:26) എന്ന് വിളിച്ചത്,
അല്ലാതെ നമ്മെപ്പോലെ വെറും ഞായറാഴ്ച ക്രിസ്ത്യാനികളെയല്ല, ആചാര ക്രൈസ്തവരുയുമല്ല.
ഇപ്പോൾ, കൊറോണാ പ്രതിരോധനത്തിന്റെ പേരിൽ ഏർപ്പെടുത്തിയ അടച്ചുപൂട്ടലും (lockdown), യാത്രാവിലക്കും, സമൂഹ അകലംപാലിക്കലുമൊക്കെ ദിവസക്കൂലിവേലക്കാരായ, സാധാരണക്കാരെ എന്തുമാത്രം ദുരിതത്തിലാഴ്ത്തിയെന്നു സമ്പന്നർ, സമ്പന്നയായ സഭാ'മാതാവ്' അറിയുന്നില്ലെന്നോ! മക്കൾ വിശന്നുവലയുമ്പോഴും സുഭിക്ഷതയിൽ കഴിയുന്നവർ! ഇവർ ഇടയന്മാർ, നല്ലയിടന്മാരാ ണോ അതോ 'കള്ളന്മാരും കവർച്ചക്കാരു'മാണോ? (Jn 10:1)
വിശ്വാസത്തെ ആചാരമാക്കുക എളുപ്പമാണ്, എന്നാൽ ആദിമ ക്രൈസ്തവരെപ്പോലെ ജീവിതമാക്കാൻ പ്രയാസവും, 'അഗ്നിശോധനയ്ക്ക്' തുല്യം. അതിനെ അതിജീവിക്കുന്നവർ 'സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും' അർഹരാവുമെന്നു പത്രോസ് തന്റെ ആദ്യ ലേഖനത്തിൽ ഉറപ്പുതരുന്നു (1:6-7).
നമുക്ക് നമ്മുടെ ഭണ്ടാരങ്ങളെ, ഖജനാവുകളെ പാവങ്ങളെ പോറ്റുവാൻ തുറക്കാം, യേശുവിന്റെ അലിവോടെ, അനുകമ്പയോടെ: 'ഈ ജനക്കൂട്ടത്തോട് എനിക്ക്‌ അനുകമ്പ തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നോടുകൂടെയാണ്, അവർക്കു ഭക്ഷിക്കാൻ യാതൊന്നുമില്ല. അവർ വഴിയിൽ തളർന്നുവീഴാനിടയുള്ളതിനാൽ ആഹാരം നൽകാതെ അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സുവരുന്നില്ല. (Mt 15:32).
ദൈവത്തിന്റെ, ദൈവപുത്രന്റെ ഈ അമ്മ മനസ്സ് നമുക്ക്, സഭയ്ക്ക് എന്ന് ഉണ്ടാവുന്നുവോ അന്ന് സഭ മാതാവാകും, പ്രസക്തയാവും, യേശു ദൈവത്തിന്റെ കൂദാശയെന്നപോലെ സഭ യേശുവിന്റെ കൂദാശ, അടയാളമാവും.
കൊറോണാ ദുരിദത്തെ ഒരുമിച്ച് പ്രതിരോധിക്കാം, അതിജീവിക്കാം, അതാണ് ഉയിർപ്പു നൽകുന്ന പ്രതീക്ഷ, ഉയിർപ്പാനുഭവത്തിൽ ജനിച്ച സഭയുടെ മാതൃക. അതനുകരിക്കാം, അനുഗ്രഹീതരാവാം.
ശുഭദിനം.

No comments: