Sunday, April 19, 2020

ശനി, 18/4/2020* Easter Saturday *വിചിന്തനം...

യേശുവിന്റെ ഉയിർപ്പ് വിദ്യാവിഹീനരും സാധാരണക്കാരുമായ അവിടുത്തെ ശിഷ്യൻമാരെ ശക്തരും ധീരരുമാക്കിയപ്പോൾ അവിടുത്തെ പ്രതിയോഗികളെ അത് ദുർബലരും ഭീരുക്കളും അസ്വസ്ഥരുമാക്കുന്ന പ്രതിഭാസമാണ് ഇന്നത്തെ ആദ്യ വായന അവതരിപ്പിക്കുന്നത്.
വസ്തുതകളെ, സത്യത്തെ നിക്ഷിപ്‌ത താല്പര്യക്കാർക്ക് അതേപടി ഉൾക്കൊള്ളാൻ, അംഗീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ അതനുഭവിച്ചവരെ ഭീഷണിപ്പെടുത്തുകയോ, വിരട്ടുകയോ, താക്കീത് ചെയ്യുകയോ അല്ലാതെ മറ്റോ ന്നിനുമാവില്ല. എന്നാൽ വസ്തുതകളും ബോധ്യങ്ങളും അധികാരത്തെക്കാൾ അതിന്റെ ഭീഷണിയെയും പീഡനമുറകളെയുംകാൾ ശക്തമാണെന്ന് അവരറിയുന്നില്ല!
ആ ബോധ്യവും ശക്തിയും (വിശ്വാസം) എത്രയോ പുരോഹിത സംവിധാനങ്ങളെ, സ്ഥാപനങ്ങളെ, അവരെ താങ്ങിനിർത്തുന്ന ഭരണാധികാരികളെ, പ്രഗൽപ്പരെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്, അതിജീവിച്ചിട്ടുണ്ട്! (പിന്നീട് സഭതന്നെ ഇത്തരം പീഡനമുറകളെ തങ്ങളുടെ ബോധ്യങ്ങൾക്കുവേണ്ടി നിലപാടെടുത്തവരോട് പ്രയോഗിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം!)
സത്യം മരണത്തെപ്പോലും അതിജീവിക്കുന്നതാണ്!
ഇന്നത്തെ സുവിശേഷം, മാർക്കോസിന്റേത്, 'തന്നെക്കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തേയും അവൻ കുറ്റപ്പെടുത്തി!' എന്ന് പറയുമ്പോൾ യോഹന്നാൻ തോമസിലൂടെ പറയുന്നത് തികച്ചും വ്യത്യസ്തമാണ്: 'അവന്റെ കൈകളിൽ ആനിയുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.' എന്ന് പറഞ്ഞവനോട്, 'നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.' (Jn 21:24-27) എന്ന് പറയുന്ന സഹിഷ്ണുതയും സൗന്ദര്യവും!
യേശു അസഹിഷ്ണുവല്ല, പത്രോസിനോടോ യൂദാസിനോടുപോലുമോ. പിന്നെ എങ്ങനെയാണ് 'വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവൻ കുറ്റപ്പെടുത്തു'ക!
അധികാരവും ആസ്തിയുമൊന്നും യേശുവിന്റെതല്ല. അത് ആഗ്രഹിച്ചുകുന്നവർ, അനുഭവിക്കുന്നവർ അസഹിഷ്ണുതയുടെ പ്രയോഗങ്ങൾ നടത്തും. അത് സുവിശേഷങ്ങളിലും യേശുവിന്റെ പേരിൽ കടന്നുകൂടിയിട്ടുണ്ടാവും!
അവിടുത്തെ വാക്കുകളിൽത്തന്നെ, 'സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കുവിൻ. ' (Mt 10:16) എന്നാണ് യേശു പഠിപ്പിക്കുന്നത്.
ഒന്നിനെയും വിഗ്രഹമാക്കേണ്ടതില്ല, വചനത്തെപ്പോലും, കാരണം 'അത് എത്രമാത്രം ദൈവ വചനമോ അത്രയെങ്കിലും അത് മനുഷ്യവചനം കൂടിയാണ്' എന്ന് മറക്കാതിരിക്കാം. ഒന്നിനെയും 'അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ്' (Mt 5:17) അവിടുന്ന് വന്നത്.
വസ്തുതകളും ബോധ്യങ്ങളുമാണ് വലുത്, മറ്റെന്തിനേക്കാളും, മറ്റാരേക്കാളും. ഇന്നത്തെ വസ്തുതയാണ് കൊറോണാ. അതിനോടുള്ള പ്രതികരണം, പ്രതിരോധവും അപ്രകാരമായിരിക്കണം. സർക്കാരിനോട്, അതിന്റെ ആരോഗ്യ പ്രവർത്തനത്തോട്, പ്രവർത്തകരോട് സഹകരിച്ചു അതിനെ അതിജീവിക്കാം, നല്ല നാളെയെ, ദൈവാരാജ്യത്തെ യാഥാർഥ്യമാക്കാം.
ശുഭദിനം.

No comments: