പതിനെട്ടാം ഞായർ (വി. ജോൺ മരിയ വിയാനി) 4.8.24:
Ex 16:2-4, 12-15, Eph 4:17,
20-24, Mt 6:24-35
ഒന്നാം വായന, മരുഭൂമിയിൽ ദാഹിച്ചും വിശന്നും വലഞ്ഞ ഇസ്രായേൽ മക്കൾ
അഹറോനും മോശയ്ക്കുമെതിരായി പിറുപിറുത്തപ്പോൾ മന്ന നൽകി വിശപ്പടക്കിയ
ദൈവത്തെയാണ് അവതരിപ്പിക്കുന്നത്.
സുവിശേഷത്തിൽ, യേശുവിനെ തിരക്കിയെത്തിയ ജനത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം
ചെയ്തുകൊണ്ട് വിശപ്പടക്കുന്ന അപ്പത്തിനൊപ്പമോ അതിലുപരിയോ നിത്യജീവന്റെ
അപ്പത്തിനായിക്കൂടി പരിശ്രമിക്കാൻ ആഹ്വാനം ചെയ്യുന്നതോടൊപ്പം ആ അപ്പം താൻ
തന്നെയെന്ന് അവകാശപ്പെടുകകൂടി ചെയ്യുന്നു അവിടുന്ന്.
നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ച് വിശന്നു വലഞ്ഞ
അവിടുന്ന്, തന്റെ അത്ഭുതസിദ്ധി ഉപയോഗിച്ച്, ചുളുവിൽ കല്ലിനെ അപ്പമാക്കി വിശപ്പടക്കാൻ ഉണ്ടായ
പ്രലോഭനത്തെ, അത് അധ്വാനത്തിന്റെ, വിയർപ്പിന്റെ വിലയായി മാത്രം നേടേണ്ട ഒന്നാണെന്ന ബോധ്യത്തിൽ, അതിജീവിക്കു കയായിരുന്നു.
മാത്രവുമല്ല, അപ്പം മുറിച്ച് പങ്കുവയ്ക്കപ്പെടേണ്ടതാണെന്നും, ആഹാരം ഓഹരിക്കപ്പെടേണ്ടതാണെന്നും പഠിപ്പിക്കുക
മാത്രമല്ല, അങ്ങനെ മാത്രമേ തന്നിലെ ദൈവീകതയെ അറിയാനും
അനുഭവിക്കാനും കഴിയുവെന്ന് എമ്മാവൂസിലെ ശിഷ്യന്മാർക്ക് യേശു അനുഭവേദ്യമാക്കി
ക്കൊടുക്കുകകൂടി ചെയ്തു.
പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് ആവശ്യത്തിന്റെ
പേരിൽ അവിടുന്ന് പഠിപ്പിച്ച കർത്തൃ പ്രാർത്ഥനയിൽ 'അന്നന്നു വേണ്ട ആഹാരത്തിനായി' പ്രാർത്ഥിക്കാൻ, പ്രയത്നിക്കാൻ പഠിപ്പിച്ചു. പ്രാർത്ഥിക്കുക എന്നാൽ
പ്രയത്നിക്കുക എന്നുകൂടി അർത്ഥമുണ്ട്.
ആകാശത്തിലെ പറവകൾക്കൊപ്പം നമുക്കും അവകാശപ്പെട്ടതാണ്
അന്നന്നത്തെ അപ്പം. അത് പൂഴ്ത്തി വയ്ക്കപ്പെടേണ്ട ഒന്നല്ല. 'നാളത്തേക്കുവേണ്ടിയുള്ള നിന്റെ ഉറിയിലെ കഞ്ഞി, ഇന്ന് വിശന്നു കരയുന്ന അയലത്തെ കുഞ്ഞിന്റെതാണ്. ആ
അർത്ഥത്തിൽ നീ മോഷ്ടാവുമാണ്' എന്ന് പറയാൻ വി. ബേസിൽ തുനിഞ്ഞതും ശ്രേദ്ധേയമാണ്.
ജനക്കൂട്ടത്തിന്റെ വിശപ്പിൽ അലിവ് തോന്നി തങ്ങൾക്കും
വേണ്ടപ്പെട്ടവർക്കും മാത്രമായി സൂക്ഷിച്ചിരുന്ന ആഹാര സാധനങ്ങളെ പുറത്തെടുക്കാനും
അത് മുറിച്ച് പങ്കുവയ്ക്കാനും പ്രേരിപ്പിച്ചതാണ് അപ്പം വർദ്ധിപ്പിച്ച അത്ഭുതം.
ഇതൊക്കെ കൊണ്ടാവണം, വിമോചനത്തിന്റെ എക്കാലത്തെയും ഓർമ്മയായ പെസഹാചാരണ
വേളയിൽ ലഭ്യമായ അപ്പത്തെ വീഞ്ഞിനെ, അനിവാര്യമായിരുന്ന കുഞ്ഞാടിനു പകരം സ്വയം കുഞ്ഞാടായി
ഭാവിച്ച്, സ്വന്തം ശരീര രക്തങ്ങളായി മുറിക്കപ്പെടാനും ചിന്തപ്പെടാനും
നൽകിയത്. ആ ആചാരം അടുത്ത ദിവസം തന്നെ കാൽവരിയിൽ യാഥാർഥ്യമാക്കുകകൂടി ചെയ്തു.
വചനം മാംസമാവേണ്ടതുപോലെ ആചാരം അർത്ഥവത്താവണം, ജീവിതമാവണം, നമ്മുടെ ജീവിതവും മറ്റുള്ളവർക്കായി പങ്കുവയ്ക്കപ്പെടണം.
"വിശക്കുമ്പോൾ വിരുന്നൊരുക്കാൻ അപ്പമുണ്ടോ കൂട്ടരെ, കല്ലിനെ അപ്പമാക്കാൻ സിദ്ധിയുണ്ടോ കൂട്ടരെ, മാംസത്തെ അപ്പമാക്കാൻ സിദ്ധിയില്ലേ കൂട്ടരെ/ വരണ്ടരണ്ട തൊണ്ടയ്ക്കായ് എന്തുണ്ട് കൂട്ടരേ, വെള്ളത്തെ വീഞ്ഞാക്കാൻ സിദ്ധിയുണ്ടോ കൂട്ടരെ, രക്തത്തെ വീഞ്ഞാക്കാൻ സിദ്ധിയില്ലേ കൂട്ടരെ...' [എൺപതുകളുടെ അവസാനം ഇവിടെ ശുശ്രൂഷ ചെയ്തപ്പോൾ കുഞ്ഞു മക്കളെ പഠിപ്പിച്ച വരികൾ . ..]
'പ്രകൃതിയിൽ എല്ലാവരുടെയും ആവശ്യങ്ങൾക്ക് എല്ലാമുണ്ട്, എന്നാൽ ആരുടേയും ആർത്തിക്ക് ഒന്നുമില്ല' എന്ന ഗാന്ധിജിയുടെ കണ്ടെത്തലിനെ മറക്കാതിരിക്കാം.
വിശക്കുന്നവന്റെ മുന്നിൽ അപ്പത്തിന്റെ രൂപത്തിലാണ് ദൈവം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ് യേശു അപ്പത്തിന്റെ രൂപത്തിൽ സ്വയം നൽകിയത്. അത് നിയോഗങ്ങൾക്ക് കാശ് വാങ്ങിയും അതിന്റെ വലിപ്പത്തിലും ബലത്തിലും സംഗീത, അലങ്കാര അകമ്പടിയോടെ അർപ്പിക്കപ്പെടുന്ന ദൈനംദിന ബലിയായും, ശീദീകരിച്ച നിത്യാരാധന കപ്പേളകളിൽ ആരാധിക്കപ്പെടുന്ന ഓസ്തി/അപ്പമായും ആചാരവത്കരിക്കപ്പെടേണ്ടതല്ല, അവ ജീവിതമായി, മോചനമായി, സ്വാതന്ത്ര്യമായി പരിണമിക്കാൻ ആഹ്വാനമാവേണ്ട, വെല്ലുവിളിയാവേണ്ട ഒരു ഓർമ്മ, അടയാളമാവേണ്ടതാണ്.
''ശുഷ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി മോചനദ്രവ്യമാകാനും വന്ന' യേശുവിന്റെ യഥാർത്ഥ ശിഷ്യരാവാം. അങ്ങനെയുള്ളവരെയാണ്
അവിടുന്ന് തന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഉയർത്തിയത്.
(- കൊച്ചുതുറ ഇടവക പള്ളിയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി
മധ്യേ നടത്തിയ വചന വിചിന്തനമാണ്...)
No comments:
Post a Comment