Monday, April 22, 2019

B'day Greetings...


ജന്മദിനം പുണ്യദിനം
കെന്നത്ത് ശങ്കറിന്‍റെ
എഴുപത്തിയഞ്ചാം ധന്യദിനം..!

ക്രൈസ്തവ-ഹൈന്ദവ വിശ്വാസത്തിന്‍
മാതൃകാ ദാമ്പത്യത്തിന്‍ നാലാമന്‍
സുന്ദരസുമുഖ കെന്നത്തെന്നും...

അമ്മയുടെ വിശ്വാസവും
അച്ഛന്റെ സംസ്കാരവും
ഒത്തിണങ്ങിയ വ്യക്തിത്വം...

യൌവ്വനത്തിലെ ഏകാന്തതയ്ക്ക്
ദൈവം ഒരുക്കിയ ജീവിതസഖി
സൗമ്യസുന്ദര ലീലാമ്മടീച്ചര്‍

ഈ ജീവിതനൌകയില്‍
ദൈവം സമ്മാനിച്ച രണ്ടു
മക്കള്‍ നെബു, സാജന്‍  

വിദ്യാഭ്യാസ വകുപ്പിലെ
വിഖ്യാത സേവനാനന്തര വിശ്രമം
വേണ്ടെന്നുവച്ച വിദ്യാലയ സേവനം

അതുമതിയാക്കി ആത്യത്മിക മേഖല
സന്നദ്ധ സേവനത്തോടൊപ്പം ഇടവക
സേവന-ഭരണ പങ്കാളിത്തവും...

എഴുപത്തിയഞ്ചില്‍ എല്ലാറ്റില്‍നിന്നും
വിരമിച്ച് സ്വസ്ത സുന്ദര ജീവിതം
അതിനൊരു തിലകച്ചാര്‍ത്തീ ജന്മദിനം!

ഇനിയും വാഴണം നീണാള്‍
വര്‍ദ്ധിത ആരോഗ്യത്തോടെ
ആത്മ സംതൃപ്തിയോടെ...
-   പങ്ക്രെഷ്യസ്, പേട്ട – 23.04.2019



ഉയിര്‍പ്പു ഞായര്‍


ഉയിര്‍പ്പു ഞായര്‍ - പരിശുദ്ധ രാത്രി – പെസഹാജാഗരം
20/21.04.2019 - PETTAH – [Rom 6:3-11/ Lk 24:1-12]
ഉയിര്‍പ്പ്, നമുക്കിന്നു ആചാരപരമായ ആഘോഷത്തിന് കാരണമാവുന്നു. എന്നാല്‍, നമ്മില്‍ എത്രപേര്‍ക്ക് അത് വൈകാരികവും ഒപ്പം വിചാരപരവും യുക്തിസഹജവുമായ അനുഭാവമാവുന്നു! അന്ധമായ വിശ്വാസം ഉള്ളവര്‍ക്ക്, അതില്‍ത്തന്നെ പുതിയ പ്രതിഭാസമായ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിള്ളവര്‍ക്ക് പ്രത്യേകിച്ചും, അങ്ങനെയൊക്കെ തോന്നാം. എന്നാല്‍ അത് ജീവിതത്തെ, അതിന്‍റെ ദൈനംദിന കഷ്ടപ്പാടുകളെ ഉയിര്‍പ്പ് നല്‍കുന്ന പ്രത്യാശയോടെ, പ്രതീക്ഷയോടെ കാണാനും, അതിലുപരി മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍, വേണ്ടപ്പോള്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന രീതിയില്‍ ജീവിക്കാനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം..!    

ഉയിര്‍പ്പ്, ഇന്ന് നമുക്ക് കലണ്ടര്‍ നിശ്ചയിക്കുന്ന, നിശ്ചയിച്ച ഒരു ആഘോഷമാണ്, എന്നാല്‍ യേശുവിന്‍റെ സമകാലികര്‍ക്കോ, അതുമല്ലെങ്കില്‍ അന്നും ഇന്നും ഉയിര്‍പ്പിനെയെന്നല്ല, യുക്തിക്ക് നിരക്കാത്ത ഒന്നിനെയും അംഗീകരിക്കാത്തവര്‍ക്കോ! ഈ പശ്ചാത്തലത്തില്‍ ഉയിര്‍പ്പിനെയും അത് നല്‍കുന്ന സന്ദേശത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കാം, പ്രത്യാശ നഷ്ടപ്പെടുന്ന ഒരു തലമുറയ്ക്ക് പ്രത്യാശയേകി തിന്മയുടെ ശക്തികള്‍ക്കെതിരെ നിലപാടെടുക്കാന്‍ ശക്തിപകരാം.
ഉയിര്‍പ്പിലേക്ക് വിരല്‍ ചൂണ്ടാവുന്ന ആദ്യ പരാമര്‍ശങ്ങള്‍: ‘കര്‍ത്താവായ യേശുവിന്‍റെ ശരീരം കണ്ടില്ല’ – സ്ത്രീകള്‍ (Lk 24:3). മഗ്ദലേനമറിയം... ശിമയോന്‍ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: ‘കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു.’ (Jn 20:2).  
ഉയിര്‍പ്പിനെ കേന്ദ്രീകരിച്ചുള്ള ശിഷ്യരുടെ അവസ്ഥ...
-   അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല. (Lk 24:11)
-   പ്രധാനപുരോഹിതന്മാരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്ക് വേണ്ടത്ര പണം കൊടുത്തിട്ട് ഉണ്ടാക്കിയ നുണക്കഥ... (Mt 28:11ff).
-   ‘...ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടചിരിക്കെ...’ (Jn 20:19)
-   തോമസിന്‍റെ സംശയം (Jn 21:24ff)
-   എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍അവര്‍ മ്ളാനവദനരായിരുന്നു... (Lk 24:13ff)
ഉയിര്‍പ്പു, ജനനംപോലെ മാലഖമാരുടെയും മറ്റും അകമ്പടിയോടെ ദൈവീകപരിവേഷത്തോടെ യായിരുന്നില്ല, രാജക്കന്മാരുടെയോ, ആട്ടിടയന്മാരുടെതുപോലുമോ സാന്നിധ്യവും ഇല്ലായിരുന്നു! അവിടുന്ന് വളരെ സാധാരണമായിട്ടാണ് പ്രത്യക്ഷപ്പെട്ടതുപോലും: ശിഷ്യന്മാരുടെ ഭക്ഷണത്തിനടയ്ക്കു(Lk 24:41-43); എമ്മാവൂസിലെക്കുള്ള യാത്രാമദ്ധ്യേ(Lk 24:13ff); തോട്ടത്തില്‍ കരഞ്ഞുകൊണ്ടിരുന്ന മറിയത്തിന്റെ അടുത്തേയ്ക്ക്; തിബേരിയാസ് കടല്‍ത്തീരത്ത് മല്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ശിഷ്യന്മാര്‍ക്കൊക്കെ...(Jn 20:14ff); (Jn 21:1ff). എങ്കിലും ഇവയൊന്നും വിശ്വസത്തിലേക്ക് നയിക്കാന്‍ പരിയാപ്തമായിരുന്നില്ല! അതുകൊണ്ടായി- രിക്കണമല്ലോ എമ്മാവൂസിലെക്കുള്ള ശിഷ്യന്മാരുടെ നിരാശാജനകമായ പ്രതികരണം: ‘ഇസ്രായേലിനെ മോചിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.’(Lk 24:21)

പിന്നെപ്പിന്നെയാണ് വിശ്വാസത്തിലേക്ക് നയിക്കാന്‍ പോരുന്ന ‘സംഭവ’ങ്ങള്‍ - ഏതാണ്ട് പന്ത്രണ്ടോളം: എമ്മാവൂസിലെതന്നെ ശിഷ്യന്മാരുടെ അനുഭവവും ജെറുസലേമിലെ പതിനോന്നുപെരുടെയും... (Lk24:30-35), സംശ്യാലുവായ തോമസുമായുള്ള കൂടിക്കാഴ്ചയും വെല്ലുവിളിയും ‘കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്ന പ്രഖ്യാപനവും. (Jn 20:24ff). ഇതിലുപരി അവിടുന്ന് ഒരു അവിശ്വാസിക്കും, ശിഷ്യനല്ലാത്തവര്‍ക്കും പ്രത്യക്ഷപെട്ടില്ല എന്നതാണ്. C. H. Dodd പറയുമ്പോലെ: ‘സഭയില്‍നിന്ന് (ശിഷ്യഗണങ്ങളില്‍നിന്ന്) വളര്‍ന്നതല്ല ഉയിര്‍പ്പിലുള്ള വിശ്വാസം, മറിച്ച് ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍മേല്‍ വളര്‍ന്നതാണ് സഭ’.

മരിക്കാന്‍ മാത്രം യേശു വെറും ഒരു മനുഷ്യനല്ല; സ്നേഹമാണ്, അലിവാണ്, ആര്‍ദ്രതയാണ്‌. ഇവയ്ക്കു മരണമുണ്ടോ! ദൈവം സ്നേഹമാണ്(1 Jn 4:8). ദൈവത്തോളം വളര്‍ന്നവനാണ്, ദൈവംതന്നെയായവനാണ്. അതല്ലേ, ശതാധിപനും കൂടെയുണ്ടായിരുന്നവരും വിളിച്ചുപറഞ്ഞത്‌: ‘സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു’. (Mt 27:54; Mk 15:39).

ദൈവം വെറും ഒരു പ്രതിഷ്ഠയല്ല. അവിടുന്നു സ്നേഹമാണ്, നന്മയാണ്, സത്യമാണ്, നീതിയാണ്, കരുണയാണ്, ക്ഷമയാണ്, അഭയമാണ്, ആശ്രയമൊക്കെയാണ്. ഇവയെല്ലാമായിരുന്നു യേശു അവതരിപ്പിച്ച ദൈവം, യേശുവും. അതുകൊണ്ടുതന്നെ അവിടുന്ന് ദൈവവും. യേശു
  ദൈവമല്ലെങ്കില്‍, മറ്റാരോ, മറ്റെന്തോ ദൈവമാവും നമുക്കും ലോകത്തിനും.

ചെറുപ്പം മുതലേ മാതാപിതാക്കളില്‍നിന്നും, അവരുടെ മത/വിശ്വാസ പ്രതിഭാസങ്ങളില്‍നിന്നും, ആചാരാനുഷ്ഠാനങ്ങളില്‍നിന്നും യാന്ത്രികമായി, വീണ്ടുവിചാരമില്ലാതെ, വിവേചനമില്ലാതെ       ഏറ്റുവാങ്ങേണ്ടിവന്നതും, അതുമല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ദൈവസങ്കല്‍പ്പങ്ങളെ യേശുവില്‍ ആരോപിച്ചു അവിടുത്തെ ദൈവമാക്കുന്ന ഒരു രീതിയും, അതില്‍നിന്നും വ്യതസ്ഥമായി യേശുവിലെ മനുഷ്യന്‍ ദൈവത്തോളം ഉയര്‍ന്ന്‍ ദൈവമായതും, രണ്ടും രണ്ടാണ്.

രണ്ടാമത്തേത് കൂടുതല്‍ യുക്തിഭദ്രവും, അതുകൊണ്ടുതന്നെ സ്വീകാര്യവും, കാരണം, അന്നുവരെ പരിചിതമായിരുന്ന കോപിഷ്ടനായ, ക്രുദ്ധനായ, പ്രതികാരദാഹിയായ, ശിക്ഷിക്കുന്ന ദൈവത്തെയല്ല, മറിച്ച് ഹൃദ്യനായ, കരുണാര്‍ദ്രനായ, രോഗത്തിലും, വിശപ്പിലും, ഒറ്റപ്പെടുത്തലിലും, അവഹേളനത്തിലും, മരണത്തിലുമൊക്കെ അടുത്തുനില്‍ക്കുന്ന, അലിവു കാണിക്കുന്ന, ആശ്വസിപ്പിക്കുന്ന ദൈവത്തെ, അവഹേളിതരെ ആശ്ലേഷിച്ചു അംഗീകരിക്കുന്ന, ക്ഷമിക്കുന്ന, നഷ്ടപ്പെട്ടതിനെ, ഉപേക്ഷിക്കപ്പെട്ടതിനെ തേടിച്ചെല്ലുന്ന ദൈവത്തെ കാണാന്‍, കേള്‍ക്കാന്‍, അനുഭവിക്കാന്‍ യേശു വഴിയൊരുക്കി. ഇതല്ലേ പുറപ്പാട് പുസ്തകത്തില്‍ ഇറങ്ങി വന്ന ദൈവം (Ex3:7-8); നസ്രേത്ത് സിനഗോഗിലെ യേശുവിന്‍റെ വായനയും ചേര്‍ത്തുവച്ച അവകാശവാദവും (Lk 4:18-21) അവതരിപ്പിക്കുന്ന ദൈവം; അങ്ങനെ അവിടുന്ന് ദൈവത്തോളം ഉയര്‍ന്നു, ദൈവമായി. മാനവീകതയുടെ പൂര്‍ണതയാണ് ദൈവീകത. അങ്ങനെയാണ് യേശു ദൈവമായത്. അങ്ങനെയാണ് മനുഷ്യന്‍, വിശേഷിച്ചും യേശുവില്‍, ദൈവത്തിന്‍റെ ചായയും സാദൃശ്യവുമാവുന്നത്.

മനുഷ്യനെ കൊച്ചാക്കി – ദാസനെന്നും, അടിയനെന്നും, സ്വയം പാപിയെന്നും, ഒരു യോഗ്യതയുമില്ലാത്തവന്‍ എന്നുമൊക്കെയാക്കി - വലിയവനാവുന്ന ദൈവമല്ല യേശു അവതരിപ്പിച്ചത്; മറിച്ച് ‘ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനെകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനും’ വന്ന ദൈവമാണ് (Mk 10:45). ശിഷ്യരുടെ പാദങ്ങള്‍ കഴുകി മാതൃകയാവുന്ന ദൈവം(Jn 13:1ff). ‘ദൈവം പരിശുദ്ധനായിരിക്കുന്നപോലെ നമ്മളും പരിശുദ്ധരായിരിക്കണം’ എന്നു പഠിപ്പിക്കയും അങ്ങനെ ജീവിക്കുന്ന, ജീവിക്കാന്‍ ആഹ്വാനം ചെയ്ത് നമ്മെ ദൈവത്തോളം ഉയര്‍ത്തുന്നവാനാണ്, അവിടുന്ന്.  യേശു യാഹൂടരോട് ചോദിക്കുന്നത് ശ്രദ്ധിക്കുക: നിങ്ങള്‍ ദൈവങ്ങളാണെന്ന് ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? ...ദൈവവചനം ആരുടെ അടുത്തേക്ക്‌ വരുന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു...Jn10:34). ‘ഞാനും പിതാവും ഒന്നാണ്’(Jn 10:30) ‘എന്നെക്കാണുന്നവന്‍ പിതാവിനെക്കാണുന്നു’ (Jn 14:9) എന്നുവരെ അവകാശപ്പെട്ടവന്‍; ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു’ (Jn 8:12) എന്നു പ്രഘോഷിച്ചവാന്‍ നമ്മളും ‘ലോകത്തിന്‍റെ പ്രകാഷമാണെ’(Mt 5:14)ന്ന് പഠിപ്പിച്ചവന്‍; എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തതെന്ന് (Mt 25:40,45) വ്യക്തമാക്കിയവാന്‍... !  

യേശുവിലൂടെയാണ് നാം ദൈവത്തെ അടുത്തറിഞ്ഞത്...
‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി...’ (Acts 2:36), എന്നതാണ് ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണം. ഇതാണ് ക്രൈസ്തവീകതയുടെ കാതല്‍. അതുകൊണ്ടാണ് പൌലോസ് പ്രഖ്യാപിച്ചത്: ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.’ (I Cor 15:14). ഉയിര്‍പ്പില്ലെങ്കില്‍ ക്രൈസ്തവീകതവികതയില്ല. മരണത്തിനുമപ്പുറമുള്ള പ്രതീക്ഷയാണ് ക്രൈസ്തവീകത. HAPPY EASTER!                                              - Pancretius, Pettah – 20.04.2018


Good Friday - വിശ്വാസികളുടെ പ്രാര്‍ത്ഥന


Good Friday
Memorial of the Lord’s Passion
St. Anne’s Forane Church, Pettah - 19.04.2019

വിശ്വാസികളുടെ പ്രാര്‍ത്ഥന 
1.     തിരുസ്സഭയ്ക്കുവേണ്ടി: നല്ല ഇടയനായ സ്നേഹ പിതാവേ, അങ്ങേ ഏക ജാതന്‍ യേശുവഴി മാനവ സമൂഹത്തിനു അങ്ങേ സ്നേഹവും കരുതലും വെളിപ്പെടുത്തിയല്ലോ. സഭയായിത്തീര്‍ന്ന അങ്ങേ പുത്രന്‍റെ ശിഷ്യഗണങ്ങളുടെ ജീവിതങ്ങളെ സ്നേഹപൂര്‍വ്വം നയിക്കണമേ. ലോകമെങ്ങും അതിവസിക്കുന്ന അവര്‍ അങ്ങേ പുത്രന്‍റെ ആഹ്വാനത്തിനൊത്തു ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായിത്തീര്‍ന്നു തിന്മയുടെ അന്തകാരമകറ്റാനും സ്വാത് നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് സ്വാതേകുവാനും ഇടയാക്കേണമേ. കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കണമേ.
 
2.     പരിശുദ്ധ പിതാവിനുവേണ്ടി: സ്നേഹ പിതാവേ അങ്ങേ പ്രിയ പുത്രന്‍, തന്നോടുള്ള സ്നേഹത്തിനു പ്രത്യുപകാരമായാണല്ലോ അവിടുത്തെ ആടുകളെ മേയിക്കാന്‍ പത്രോസിനെ ഭരമേല്‍പ്പിച്ചത്. ആ ശിഷ്യ പ്രമുഖന്‍റെ പിന്‍ഗാമിയായിട്ടാണല്ലോ ഞങ്ങളുടെ പ്രീയങ്കരനായ ഫ്രാന്‍സിസ് പാപ്പാ അങ്ങേ എളിയ മക്കളായ ഞങ്ങളെയും, ഒരര്‍ഥത്തില്‍ ലോകത്തെത്തന്നെയും അങ്ങേ പുത്രന്‍റെ മാതൃകയില്‍ നയിക്കുന്നത്. അദ്ദേഹത്തെ സംരക്ഷിക്കണമേ, ഞങ്ങള്‍ ഓരോരുത്തരെയും ഒരു കുറവും കൂടാതെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തണമേ.

3.     മറ്റു സഭാ ശുശ്രൂഷകര്‍ക്കുവേണ്ടി: ഞങ്ങളുടെ പ്രാദേശിക സഭയെ നയിക്കുന്ന ഇടയന്‍മാരെ, മറ്റു സഭാശുശ്രൂഷകരെ, സമര്‍പ്പിതാരെയും വിശുദ്ധീകരിച്ചു വിശ്വാസത്തില്‍ ആഴപ്പെടുത്തി ഞങ്ങള്‍ക്ക് യേശു ശിഷ്യത്വത്തിന്റെ നല്ല മാതൃക നല്കുന്നവരാക്കണമേ. അങ്ങനെ ഞങ്ങളും വിശുദ്ധീക്രുതരായി ദൈവജനമായിത്തീരാന്‍ അനുഗ്രഹിക്കണമേ.

4.     ജ്ഞാനസ്നാനാര്‍ഥികള്‍ക്കുവേണ്ടി: പശ്ചാത്തപിച്ചുകൊണ്ട്‌ പാപമോചനത്തിനായി അങ്ങേ പ്രിയ പുത്രന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിച്ചവരെ സ്വന്തം കുരിശുമെടുത്തു അവിടുത്തെ അനുഗമിക്കുന്ന യഥാര്‍ത്ഥ യേശുഷിശ്യത്വം അഭ്യസിപ്പിക്കണമേ,  അതിനുവേണ്ടിവരുന്ന വില, ജീവന്‍വരെ സമര്‍പ്പിക്കുന്ന വില, നല്‍കാനും പ്രാപ്തരാക്കനമേ. അവരിലൂടെ അങ്ങേ രാജ്യം ഇവിടെ യാതാര്‍ത്ഥ്യമാകാന്‍, അങ്ങേ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറാന്‍ ഇടയാക്കണമേ.

5.     ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി: സ്നേഹപിതാവേ അങ്ങേ പുത്രന്‍ യേശുവിന്‍റെ ശിഷ്യഗണങ്ങളാണല്ലോ ക്രൈസ്തവര്‍. എന്നാല്‍ ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍പ്പെട്ടു പല താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പല വഴികളിലൂടെ ചരിക്കുകയാണവര്‍, മറ്റുള്ളവര്‍ക്ക് പലപ്പോഴും ദുര്‍മാത്രുകയായും. അങ്ങേ പുത്രന്‍റെ ആഗ്രഹാപ്രഹാരം ഒരാട്ടിന്‍പറ്റവും ഒരിടയനുമായി വളരാന്‍ അതിനുവേണ്ടി വരുന്ന എല്ലാ ത്യാഗവും വിട്ടുവീഴകളും ചെയ്തു അവര്‍ അങ്ങില്‍ ഒന്നാകാന്‍ ഇടയാക്കേണമേ.

6.     അക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി, വിശിഷ്യ യഹൂദ ജനത്തിനുവേണ്ടി: സ്നേഹപിതാവേ,  അന്നുവരെ അകലങ്ങളില്‍, ആകാശങ്ങളില്‍ ആയിരുന്ന, ഭയപ്പെട്ടിരുന്ന അങ്ങയെ ഞങ്ങളുടെ അടുത്തെത്തിച്ചതും, വാത്സല്യ പിതാവായി പരിചയപ്പെടുത്തിയതും അങ്ങേ പുത്രനാണല്ലോ. ആ പുത്രനെ, അവിടുത്തെ ജീവന്‍ വരെ നല്‍കിയുള്ള ത്യാഗത്തെ, അറിഞ്ഞിട്ടും അംഗീകരിക്കാത്തവര്‍, അനുകരിക്കാത്തവരെ ഈ വേളയില്‍ ഓര്‍ക്കുന്നു, വിശിഷ്യാ അങ്ങ് തെരഞ്ഞെടുത്ത്  വഴി നടത്തിയ, അവിടുത്തെയ്ക്കുവേണ്ടി കാത്തിരുന്ന, അങ്ങോരുക്കിയ അങ്ങേ ജനംപോലും അങ്ങേ പുത്രനെ അംഗീകരിക്കാത്തത് വിരോധാഭാസം എന്നു തോന്നും. അവരും മറ്റുള്ളവരും യേശു സ്നേഹത്തില്‍ സായൂജ്യം കണ്ടെത്താന്‍, അവിടുന്നിലൂടെയുള്ള രക്ഷ അറിയാന്‍ അനുഭവിക്കാന്‍ ഇടയാക്കേണമേ.

7.     ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കുവേണ്ടി: സ്നേഹപിതാവേ, അങ്ങാണല്ലോ സര്‍വ്വ പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും, വിശിഷ്യാ അങ്ങേ ചായയിലും സാദൃശ്യത്തിലും ശ്രുഷ്ടിക്കപ്പെട്ട മനുഷ്യരുടെയും ഉത്ഭവവും ഉറവിടവും. അങ്ങിലാണ് എല്ലാം മടങ്ങേണ്ടതും വിലയം പ്രാപിക്കെണ്ടതും. എങ്കിലും അങ്ങില്‍ വിശ്വാസിത്തവരും ഉണ്ടെന്നും, അവരെയും അങ്ങ് പരിപാലിക്കുന്നെന്നും, സ്നേഹിക്കുന്നെന്നും കരുതുന്നു, ആകാശത്തിലെ പറവകള്‍ക്കൊപ്പം, വയലിലെ ലില്ലികള്‍ക്കൊപ്പവും. ചിലരെങ്കിലും അങ്ങയെ നിരാകരിക്കുന്നത് അങ്ങയെ വികലമായി അവധരിപ്പിക്കുന്നതിലുള്ള പ്രതിശേദമായിട്ടായിരിക്കാം. അവരെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവരെയും അനുഗ്രഹിക്കേണമേ, ആശീര്‍വദിക്കേണമേ.

8.     ഭരണാധികാരികള്‍ക്കുവേണ്ടി: സ്നേഹപിതാവേ, അങ്ങാണ്, അങ്ങ് മാത്രമാണ് ഞങ്ങളുടെ ശ്രുഷ്ടാവും നിയന്താവും. മറ്റുള്ളവര്‍ ആരായാലും അങ്ങേക്ക് വേണ്ടി അങ്ങേ ഹൃദയത്തിനൊത്തു ഞങ്ങളെ നയിക്കേണ്ടാവരോ മറ്റോ ആണ്. അങ്ങയുടെ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കെ, നന്മയും തിന്മയും തിരിച്ചറിഞ്ഞു അവരെ ഭരിക്കാന്‍, പരിപാലിക്കാന്‍ വേണ്ട ജ്ഞാനവും വിവേകവും സോളമനെപ്പോലെ നല്‍കി വ്യക്തി മാഹാത്മ്യമ്യം പരിപോഷിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങളും സൌകര്യങ്ങളും ഒരുക്കുന്നവാര്‍കൂടിയാകാന്‍  അനുഗ്രഹിക്കേണമേ. 

9.     യാതനകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി: അങ്ങയുടെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട്, രോദനം കേട്ട്, യാതനകള്‍ അറിഞ്ഞ അവരെ മോചിപ്പിക്കാന്‍ ഇറങ്ങി വന്ന സ്നേഹപിതാവേ, ബന്ധിതര്‍ക്ക് മോചനവും, അന്ധര്‍ക്ക് കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കാന്‍ അങ്ങേ പുത്രനെ അഭിഷേകം ചെയ്തയചുവല്ലോ. അവിടുന്നുതന്നെ കാലിത്തൊഴുത്തുമുതല്‍ കാല്‍വരിവരെ സഹനത്തിന്റെ മനുഷ്യനായി, മാതൃകയായി അതിന്‍റെ പാരമ്യം ഇന്ന് ഞങ്ങള്‍ സ്നേഹത്തോടെ അനുസ്മരിക്കുമ്പോള്‍ യാതനകള്‍ അനുഭവിക്കുന്നവരുടെ ദുരിതങ്ങള്‍ അകറ്റി അവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കേണമേ എന്നു പ്രാര്‍ഥിക്കുന്നു.   

§  പങ്ക്രെഷ്യസ്/19.04.2019  



Mass of the Last Supper


Holy Week – Paschal Triduum
Mass of the Last Supper – 18th April 2019

5.30 pm:
Ex 12:1-8, 11-14/ Res (1Cor 10:16) Ps 115: 12-13; 15-16bc/ 17-18/ 1 Cor 11:23-26/ Jn 13:1-15

ദിവ്യകാരുണ്യത്തിന്‍റെയും പൌരോഹിത്യത്തിന്റെയും സ്ഥാപനവും പരസ്നേഹകല്പന യുമാണ് ഇന്നനുസ്മരിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങള്‍.

ആദ്യത്തെ വായന പെസഹാ അനുസ്മരണത്തേയും രണ്ടാമത്തേത് ദിവ്യകാരുണ്യ സ്ഥാപനത്തിന്റെയും സുവിശേഷം ശുശ്രൂശയിലൂടെയുള്ള പരസ്നേഹത്തെയുമാണ് അവതരിപ്പിക്കുന്നത്‌.

ആദം മുതല്‍ നോഹവരെയും,  ബാബേല്‍ ഗോപുരത്തിലൂടെ ഭൂമുഖത്തെല്ലാം ചിതറിക്കപ്പെട്ട നോഹിന്റെ സന്തതികള്‍ അബ്രാമില്‍ എത്തി, അദ്ദേഹത്തിന്‍റെ വിളിയോടെ അതൊരു പുതിയ ചരിത്രത്തിന്‍റെ ആരംഭാമാവുന്നു, അദ്ദേഹം ദൈവവുമായുള്ള ഉടമ്പടിയിലൂടെ, വിശ്വാസത്തിലൂടെ പൂര്‍വ്വ പിതാവാകുന്നു... ആ ചരിത്രം ഇസഹാക്കിലൂടെ, യാക്കോബിലൂടെ അദ്ദേഹത്തിന്‍റെ പന്ത്രണ്ടു മക്കളിലൂടെ, ജോസെഫിനെ ഈജിപ്തിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതിലൂടെ, അവിടേക്കു, ക്ഷാമ നിവാരണത്തിനുവേണ്ട ധാന്യം വാങ്ങാന്‍ മറ്റു സഹോദരന്മാര്‍ വരുന്നതിലൂടെ ഇസ്രായേല്‍/യാക്കോബ് ഈജിപ്തിലെത്തുന്നു.  അവിടെ അടിമകളാക്കപ്പെടുന്നു. മോശ ജനിക്കുന്നു. അവനിലൂടെ, തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട, രോദനം കേട്ട, യാതനകള്‍ അറിഞ്ഞ ദൈവം, അവരെ മോചിപ്പിക്കാന്‍ കടന്നുവരുന്നു. അവിടുത്തെ കരുത്തേറിയ കരബലത്താല്‍ അവരെ മോചിപ്പിക്കുന്നതിന്റെ മുന്നോടിയായി പെസഹാ ആചരണത്തിലൂടെ അവരെ ഒരുക്കി ചെങ്കടല്‍ കടത്തി – പുറപ്പാട് - സീനായ് ഉടമ്പടിയിലൂടെ – കല്പനകളിലൂടെ – ഒരു നേതാവിന്‍റെ കീഴില്‍ കാനാന്‍ ദേശം കീഴടക്കി ഒരു ജനതയായി രൂപാന്തരപ്പെടുന്നു. ‘ഈ ദിവസം (പെസഹാ) നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇത് തലമുറതോറും കര്‍ത്താവിന്‍റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇത് നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്പനയായിരിക്കും.’ (Ex 12: 14).

‘...ശിഷ്യന്മാര്‍ യേശുവിന്‍റെ അടുത്തുവന്നു ചോദിച്ചു: നിനക്ക് പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’ ((Mt 26:17). യേശുവിനു ഇതൊരു വെറും അനുസ്മരണമോ അര്‍ത്ഥമില്ലാത്ത ആചാരമോ ആയിരുന്നില്ല. ആവശ്യം വേണ്ട ആടിന്‍റെ അഭാവത്തില്‍ അവന്‍ സ്വയം കുഞ്ഞാടാവുകയാണ്, യോഹന്നാന്‍റെ ശിഷ്യന്മാര്‍ക്ക് അവിടുത്തെ പരിചയപ്പെടുത്തിയ പ്രവചന തുല്യമായ, ‘ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്’ എന്നപോലെ, അപ്പത്തെ സ്വന്തം ശരീരമായും വീഞ്ഞിനെ രക്തമായും നല്‍കിക്കൊണ്ട്, തൊട്ടടുത്ത ദിവസം കാല്‍വരിയില്‍, മരക്കുരിശില്‍ സ്വയം മുറിക്കപ്പെട്ടും, പിളര്‍ക്കപ്പെട്ടും, രക്തം ചിന്തിയും അവിടുന്ന് ആ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. അങ്ങനെ യഹൂദരുടെ പെസഹയെ യേശു തന്‍റെ ബലിയുടെ മുന്നോടിയായി, മുന്നാസ്വാദനമായി മാറ്റുകയായിരുന്നു; ഇന്ന് നമ്മുടെ ദിവ്യബലിയായി, ദിവ്യകാരുണ്യമായെല്ലാം...

പൌരോഹിത്യവും യേശുവുമായി, കടലും കടലാടിയും പോലെ, കിഴക്കുനിന്നു പടിഞ്ഞാറ് എത്രകണ്ട് അകന്നിരിക്കുന്നുവോ അത്രകണ്ട് അകല്‍ച്ചയുണ്ട്. പുരോഹിതസംഘമാണ് രാഷ്ട്രീയ നേതൃത്വവുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി യേശുവിനെ അതിക്ഷേപിച്ചു, അവഹേളിച്ചു, പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. അവിടുത്തേയ്ക്ക് അക്കൂട്ടരുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു എന്നുമാത്രമല്ല അവരേക്കാള്‍ ഒരു വിജാതിയന്‍ ശ്രേഷ്ഠന്‍ എന്നും തന്‍റെ സമരിയാക്കാരന്‍റെ ഉപമയിലൂടെ സ്ഥാപിച്ചു. അവര്‍ കച്ചവടസ്തലമാക്കി അശുദ്ധമാക്കിയ ദേവാലയത്തെ ശുദ്ധീകരിച്ചതിലൂടെ അവരുടെ ശത്രുവായി, നിഷ്കാസനം ചെയ്യപ്പെട്ടു.
യഹൂദ പാരമ്പര്യത്തിന്‍റെ അവിഭാജ്യഘടകമാണ് പൌരോഹിത്യം. അതിനെ യേശു ശിഷ്യര്‍ക്ക് സമ്മാനിച്ചത്‌ പൌലോസായി മാറിയ സാവൂളിന്റെ സംഭാവനയായിരിക്കണം, ഹെബ്രായര്‍ക്കുള്ള ലേഖനത്തിലൂടെ... യേശു, പൌരോഹിത്യ ശൈലിയില്‍ ഒന്നിനെ ബാലിയാക്കി മറ്റൊന്നിനെ വീണ്ടെടുക്കുകയല്ല, മറിച്ച് നിസ്വാര്‍ത്ഥതയുടെ പര്യായമായി  സ്വയം ബലിയാവുകയായിരുന്നു, സ്വാര്‍ഥരായ നമ്മെപ്പോലുള്ളവരെ വീണ്ടെടുക്കുവാനായി, ആ ബലി ആവര്‍ത്തിക്കപ്പെടെണ്ടാതല്ല, ആവര്‍ത്തിക്കാന്‍ ആവുന്നതുമല്ല എന്നതാണ് സത്യം. എങ്കിലും...

-   [പൌരോഹിത്യം ലേവി ഗോത്രത്തിനുള്ളതാണ്. യേശുവാകട്ടെ, യൂദായുടെ വംശത്തിലാണെന്ന് പറയപ്പെടുന്നു.
-   യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല.
-   അന്നത്തെ പ്രധാനപുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബാലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ ത്തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബാലിയര്‍പ്പിചിരിക്കുന്നു...  
-   ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു... ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു...]

പരസ്നേഹ കല്പന: തിരസ്കാരം, നിഗ്രഹം എന്നിവയെ ഉള്‍ക്കൊള്ളാനാവാതെ പത്രോസ് തടസ്സം പറഞ്ഞപ്പോള്‍, ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ’ എന്നാഹ്വാനം ചെയ്തു./ തങ്ങളില്‍ ആരാണ് വലിയവന്‍ എന്നതിനെക്കുറിച്ചുള്ള ശിഷ്യരുടെ തര്‍ക്കത്തിന് നല്‍കിയ മറുപടി: ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം./ അവന്‍റെ മഹത്വത്തില്‍ പ്രമുഖ സ്ഥാനം ആവശ്യപ്പെട്ട സെബതി പുത്രന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പറഞ്ഞത്: വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാം.../ നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അത് ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം...
-   നല്ല സമരിയാക്കാരന്റെ ഉപമ:
o    നിയമജ്ഞന്‍: നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണം?
o    യേശു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?
o    നിയമജ്ഞന്‍: നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണ ആത്മാവോടും, പൂര്‍ണ ശക്തിയോടും, പൂര്‍ണ മനസ്സോടുംകൂടെ സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.
o    യേശു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവര്‍ത്തിക്കുക...
o    നിയമജ്ഞന്‍: ആരാണ് എന്‍റെ അയല്‍ക്കാരന്‍?
o    യേശു: നല്ല സമരിയാക്കാരന്റെ ഉപമ
o          കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?
o    നിയമജ്ഞന്‍: അവനോടു കരുണ കാണിച്ചവന്‍.
o    യേശു: നീയും പോയി അതുപോലെ ചെയ്യുക.
ദൈവസ്നേഹവും സഹോദരസ്നേഹവും ഒന്നുതന്നെ: അവസാന വിധി (Mt 25:31ff) ‘എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്... ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്...’
-   ‘ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വെഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല.’ (1 Jn 4:20).   

Reflections on Mt 27:40


Reflections: Mt 27:40 (for Florence Antony, Vzm – 15.04.2019):
‘അതിലെ കടന്നുപോയവര്‍ തല കുലക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നു ദിവസംകൊണ്ട് അതു പണിയുന്നവനെ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവവപുത്രനാണ് എങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക...’ 

അവന്‍ അവിടെ ഉണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത് യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല; അവന്‍ മരിച്ചവൃല്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍ കൂടിയാണ്. ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്മാര്‍ ആലോചിച്ചു. എന്തെന്നാല്‍, അവന്‍ നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെവിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു… ലാസറിനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ച അവസരത്തില്‍ അവനോടോപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നല്‍കിയിരുന്നു. അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാന്‍ വന്നത്. അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നു കാണുന്നില്ലേ? നോക്കു, ലോകം അവന്‍റെ പിന്നാലെ പോയിക്കഴിഞ്ഞു. (Jn 12:9-11; 17-19).

ഇങ്ങനെ യേശുവിലെ ദൈവീകത, അലിവായി, ആര്‍ദ്രതയായി, സൗഖ്യമായി, പാപാമോചനമായി, അപ്പമായി, അംഗീകാരമായൊക്കെ അറിഞ്ഞ ജനം അവിടുത്തെ അന്വേഷിച്ചലഞ്ഞു, അനുഗമിച്ചു... ജനസഞ്ചയത്തിന്റെ ഈ അംഗീകാരം സഹിക്കാത്ത അവിടുത്തെ പ്രതിയോഗികള്‍ അവിടുത്തെ അപകടപ്പെടുത്താന്‍ തുനിഞ്ഞപ്പോഴൊക്കെ അവരാണ് അവിടുത്തേക്ക്‌ രക്ഷാകവചമൊരുക്കിയത്... ആ ജനംതന്നെയാണ് ജറുസലേമിലേക്കുള്ള അവിടുത്തെ ആഗമനത്തെ മരച്ചില്ലകള്‍ വീശിയും വഴികള്‍ നീളെ വസ്ത്രങ്ങള്‍ വിരിച്ചും ഹോസാനാ പാടിയും ആര്‍ത്തിരമ്പി ആഘോഷമാക്കിയത്‌.

ഇവരെയാണ്, ഇന്നത്തെ രാഷ്ട്രിയക്കാരെപ്പോലെതന്നെ അന്നത്തെ പുരോഹിത വര്‍ഗ്ഗം രാഷ്ട്രിയ നേതൃത്വവുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മാറ്റിമറിച്ചത്, തങ്ങളുടെ ആശ്വാസവും ആശ്രവുമായിരുന്നു യേശുവിനെതിരെ അണിനിരത്തിയത്... അവരില്‍ ചിലരാണ് കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെ ‘തല കുലക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നു ദിവസംകൊണ്ട് അതു പണിയുന്നവനെ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവവപുത്രനാണ് എങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക...’

മൂന്നു ദിവസംകൊണ്ട് മരണത്തെ അതിജീവിച്ചു അവിടുന്ന് ഉയിര്‍ത്തത് വസ്തുതയാണ്, അതാണ്‌ യേശു ശിഷ്യരുടെ, സഭയുടെ എക്കാലത്തെയും പ്രഘോഷണവും വിശ്വാസ അടിസ്ഥാനവും...

എന്നാല്‍ വ്യത്യസ്തമായി പ്രതികരിച്ചവരും ധാരാളം: കുരിശില്‍ തരയ്ക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ മറ്റൊരുവന്‍ പറഞ്ഞു: ‘ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.’ (Lk 23:41).  ‘ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാരത്തടിച്ചുകൊണ്ട് തിരിച്ചുപോയി.’ (Lk 23:47-48).