Monday, April 22, 2019

Reflections on Mt 27:40


Reflections: Mt 27:40 (for Florence Antony, Vzm – 15.04.2019):
‘അതിലെ കടന്നുപോയവര്‍ തല കുലക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നു ദിവസംകൊണ്ട് അതു പണിയുന്നവനെ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവവപുത്രനാണ് എങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക...’ 

അവന്‍ അവിടെ ഉണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത് യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല; അവന്‍ മരിച്ചവൃല്‍നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍ കൂടിയാണ്. ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്മാര്‍ ആലോചിച്ചു. എന്തെന്നാല്‍, അവന്‍ നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെവിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു… ലാസറിനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ച അവസരത്തില്‍ അവനോടോപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നല്‍കിയിരുന്നു. അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാന്‍ വന്നത്. അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നു കാണുന്നില്ലേ? നോക്കു, ലോകം അവന്‍റെ പിന്നാലെ പോയിക്കഴിഞ്ഞു. (Jn 12:9-11; 17-19).

ഇങ്ങനെ യേശുവിലെ ദൈവീകത, അലിവായി, ആര്‍ദ്രതയായി, സൗഖ്യമായി, പാപാമോചനമായി, അപ്പമായി, അംഗീകാരമായൊക്കെ അറിഞ്ഞ ജനം അവിടുത്തെ അന്വേഷിച്ചലഞ്ഞു, അനുഗമിച്ചു... ജനസഞ്ചയത്തിന്റെ ഈ അംഗീകാരം സഹിക്കാത്ത അവിടുത്തെ പ്രതിയോഗികള്‍ അവിടുത്തെ അപകടപ്പെടുത്താന്‍ തുനിഞ്ഞപ്പോഴൊക്കെ അവരാണ് അവിടുത്തേക്ക്‌ രക്ഷാകവചമൊരുക്കിയത്... ആ ജനംതന്നെയാണ് ജറുസലേമിലേക്കുള്ള അവിടുത്തെ ആഗമനത്തെ മരച്ചില്ലകള്‍ വീശിയും വഴികള്‍ നീളെ വസ്ത്രങ്ങള്‍ വിരിച്ചും ഹോസാനാ പാടിയും ആര്‍ത്തിരമ്പി ആഘോഷമാക്കിയത്‌.

ഇവരെയാണ്, ഇന്നത്തെ രാഷ്ട്രിയക്കാരെപ്പോലെതന്നെ അന്നത്തെ പുരോഹിത വര്‍ഗ്ഗം രാഷ്ട്രിയ നേതൃത്വവുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മാറ്റിമറിച്ചത്, തങ്ങളുടെ ആശ്വാസവും ആശ്രവുമായിരുന്നു യേശുവിനെതിരെ അണിനിരത്തിയത്... അവരില്‍ ചിലരാണ് കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെ ‘തല കുലക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നു ദിവസംകൊണ്ട് അതു പണിയുന്നവനെ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവവപുത്രനാണ് എങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക...’

മൂന്നു ദിവസംകൊണ്ട് മരണത്തെ അതിജീവിച്ചു അവിടുന്ന് ഉയിര്‍ത്തത് വസ്തുതയാണ്, അതാണ്‌ യേശു ശിഷ്യരുടെ, സഭയുടെ എക്കാലത്തെയും പ്രഘോഷണവും വിശ്വാസ അടിസ്ഥാനവും...

എന്നാല്‍ വ്യത്യസ്തമായി പ്രതികരിച്ചവരും ധാരാളം: കുരിശില്‍ തരയ്ക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ മറ്റൊരുവന്‍ പറഞ്ഞു: ‘ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.’ (Lk 23:41).  ‘ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാരത്തടിച്ചുകൊണ്ട് തിരിച്ചുപോയി.’ (Lk 23:47-48).

No comments: