Monday, April 22, 2019

ഉയിര്‍പ്പു ഞായര്‍


ഉയിര്‍പ്പു ഞായര്‍ - പരിശുദ്ധ രാത്രി – പെസഹാജാഗരം
20/21.04.2019 - PETTAH – [Rom 6:3-11/ Lk 24:1-12]
ഉയിര്‍പ്പ്, നമുക്കിന്നു ആചാരപരമായ ആഘോഷത്തിന് കാരണമാവുന്നു. എന്നാല്‍, നമ്മില്‍ എത്രപേര്‍ക്ക് അത് വൈകാരികവും ഒപ്പം വിചാരപരവും യുക്തിസഹജവുമായ അനുഭാവമാവുന്നു! അന്ധമായ വിശ്വാസം ഉള്ളവര്‍ക്ക്, അതില്‍ത്തന്നെ പുതിയ പ്രതിഭാസമായ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിള്ളവര്‍ക്ക് പ്രത്യേകിച്ചും, അങ്ങനെയൊക്കെ തോന്നാം. എന്നാല്‍ അത് ജീവിതത്തെ, അതിന്‍റെ ദൈനംദിന കഷ്ടപ്പാടുകളെ ഉയിര്‍പ്പ് നല്‍കുന്ന പ്രത്യാശയോടെ, പ്രതീക്ഷയോടെ കാണാനും, അതിലുപരി മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍, വേണ്ടപ്പോള്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന രീതിയില്‍ ജീവിക്കാനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം..!    

ഉയിര്‍പ്പ്, ഇന്ന് നമുക്ക് കലണ്ടര്‍ നിശ്ചയിക്കുന്ന, നിശ്ചയിച്ച ഒരു ആഘോഷമാണ്, എന്നാല്‍ യേശുവിന്‍റെ സമകാലികര്‍ക്കോ, അതുമല്ലെങ്കില്‍ അന്നും ഇന്നും ഉയിര്‍പ്പിനെയെന്നല്ല, യുക്തിക്ക് നിരക്കാത്ത ഒന്നിനെയും അംഗീകരിക്കാത്തവര്‍ക്കോ! ഈ പശ്ചാത്തലത്തില്‍ ഉയിര്‍പ്പിനെയും അത് നല്‍കുന്ന സന്ദേശത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കാം, പ്രത്യാശ നഷ്ടപ്പെടുന്ന ഒരു തലമുറയ്ക്ക് പ്രത്യാശയേകി തിന്മയുടെ ശക്തികള്‍ക്കെതിരെ നിലപാടെടുക്കാന്‍ ശക്തിപകരാം.
ഉയിര്‍പ്പിലേക്ക് വിരല്‍ ചൂണ്ടാവുന്ന ആദ്യ പരാമര്‍ശങ്ങള്‍: ‘കര്‍ത്താവായ യേശുവിന്‍റെ ശരീരം കണ്ടില്ല’ – സ്ത്രീകള്‍ (Lk 24:3). മഗ്ദലേനമറിയം... ശിമയോന്‍ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: ‘കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു.’ (Jn 20:2).  
ഉയിര്‍പ്പിനെ കേന്ദ്രീകരിച്ചുള്ള ശിഷ്യരുടെ അവസ്ഥ...
-   അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല. (Lk 24:11)
-   പ്രധാനപുരോഹിതന്മാരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്ക് വേണ്ടത്ര പണം കൊടുത്തിട്ട് ഉണ്ടാക്കിയ നുണക്കഥ... (Mt 28:11ff).
-   ‘...ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടചിരിക്കെ...’ (Jn 20:19)
-   തോമസിന്‍റെ സംശയം (Jn 21:24ff)
-   എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍അവര്‍ മ്ളാനവദനരായിരുന്നു... (Lk 24:13ff)
ഉയിര്‍പ്പു, ജനനംപോലെ മാലഖമാരുടെയും മറ്റും അകമ്പടിയോടെ ദൈവീകപരിവേഷത്തോടെ യായിരുന്നില്ല, രാജക്കന്മാരുടെയോ, ആട്ടിടയന്മാരുടെതുപോലുമോ സാന്നിധ്യവും ഇല്ലായിരുന്നു! അവിടുന്ന് വളരെ സാധാരണമായിട്ടാണ് പ്രത്യക്ഷപ്പെട്ടതുപോലും: ശിഷ്യന്മാരുടെ ഭക്ഷണത്തിനടയ്ക്കു(Lk 24:41-43); എമ്മാവൂസിലെക്കുള്ള യാത്രാമദ്ധ്യേ(Lk 24:13ff); തോട്ടത്തില്‍ കരഞ്ഞുകൊണ്ടിരുന്ന മറിയത്തിന്റെ അടുത്തേയ്ക്ക്; തിബേരിയാസ് കടല്‍ത്തീരത്ത് മല്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ശിഷ്യന്മാര്‍ക്കൊക്കെ...(Jn 20:14ff); (Jn 21:1ff). എങ്കിലും ഇവയൊന്നും വിശ്വസത്തിലേക്ക് നയിക്കാന്‍ പരിയാപ്തമായിരുന്നില്ല! അതുകൊണ്ടായി- രിക്കണമല്ലോ എമ്മാവൂസിലെക്കുള്ള ശിഷ്യന്മാരുടെ നിരാശാജനകമായ പ്രതികരണം: ‘ഇസ്രായേലിനെ മോചിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.’(Lk 24:21)

പിന്നെപ്പിന്നെയാണ് വിശ്വാസത്തിലേക്ക് നയിക്കാന്‍ പോരുന്ന ‘സംഭവ’ങ്ങള്‍ - ഏതാണ്ട് പന്ത്രണ്ടോളം: എമ്മാവൂസിലെതന്നെ ശിഷ്യന്മാരുടെ അനുഭവവും ജെറുസലേമിലെ പതിനോന്നുപെരുടെയും... (Lk24:30-35), സംശ്യാലുവായ തോമസുമായുള്ള കൂടിക്കാഴ്ചയും വെല്ലുവിളിയും ‘കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്ന പ്രഖ്യാപനവും. (Jn 20:24ff). ഇതിലുപരി അവിടുന്ന് ഒരു അവിശ്വാസിക്കും, ശിഷ്യനല്ലാത്തവര്‍ക്കും പ്രത്യക്ഷപെട്ടില്ല എന്നതാണ്. C. H. Dodd പറയുമ്പോലെ: ‘സഭയില്‍നിന്ന് (ശിഷ്യഗണങ്ങളില്‍നിന്ന്) വളര്‍ന്നതല്ല ഉയിര്‍പ്പിലുള്ള വിശ്വാസം, മറിച്ച് ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍മേല്‍ വളര്‍ന്നതാണ് സഭ’.

മരിക്കാന്‍ മാത്രം യേശു വെറും ഒരു മനുഷ്യനല്ല; സ്നേഹമാണ്, അലിവാണ്, ആര്‍ദ്രതയാണ്‌. ഇവയ്ക്കു മരണമുണ്ടോ! ദൈവം സ്നേഹമാണ്(1 Jn 4:8). ദൈവത്തോളം വളര്‍ന്നവനാണ്, ദൈവംതന്നെയായവനാണ്. അതല്ലേ, ശതാധിപനും കൂടെയുണ്ടായിരുന്നവരും വിളിച്ചുപറഞ്ഞത്‌: ‘സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു’. (Mt 27:54; Mk 15:39).

ദൈവം വെറും ഒരു പ്രതിഷ്ഠയല്ല. അവിടുന്നു സ്നേഹമാണ്, നന്മയാണ്, സത്യമാണ്, നീതിയാണ്, കരുണയാണ്, ക്ഷമയാണ്, അഭയമാണ്, ആശ്രയമൊക്കെയാണ്. ഇവയെല്ലാമായിരുന്നു യേശു അവതരിപ്പിച്ച ദൈവം, യേശുവും. അതുകൊണ്ടുതന്നെ അവിടുന്ന് ദൈവവും. യേശു
  ദൈവമല്ലെങ്കില്‍, മറ്റാരോ, മറ്റെന്തോ ദൈവമാവും നമുക്കും ലോകത്തിനും.

ചെറുപ്പം മുതലേ മാതാപിതാക്കളില്‍നിന്നും, അവരുടെ മത/വിശ്വാസ പ്രതിഭാസങ്ങളില്‍നിന്നും, ആചാരാനുഷ്ഠാനങ്ങളില്‍നിന്നും യാന്ത്രികമായി, വീണ്ടുവിചാരമില്ലാതെ, വിവേചനമില്ലാതെ       ഏറ്റുവാങ്ങേണ്ടിവന്നതും, അതുമല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ദൈവസങ്കല്‍പ്പങ്ങളെ യേശുവില്‍ ആരോപിച്ചു അവിടുത്തെ ദൈവമാക്കുന്ന ഒരു രീതിയും, അതില്‍നിന്നും വ്യതസ്ഥമായി യേശുവിലെ മനുഷ്യന്‍ ദൈവത്തോളം ഉയര്‍ന്ന്‍ ദൈവമായതും, രണ്ടും രണ്ടാണ്.

രണ്ടാമത്തേത് കൂടുതല്‍ യുക്തിഭദ്രവും, അതുകൊണ്ടുതന്നെ സ്വീകാര്യവും, കാരണം, അന്നുവരെ പരിചിതമായിരുന്ന കോപിഷ്ടനായ, ക്രുദ്ധനായ, പ്രതികാരദാഹിയായ, ശിക്ഷിക്കുന്ന ദൈവത്തെയല്ല, മറിച്ച് ഹൃദ്യനായ, കരുണാര്‍ദ്രനായ, രോഗത്തിലും, വിശപ്പിലും, ഒറ്റപ്പെടുത്തലിലും, അവഹേളനത്തിലും, മരണത്തിലുമൊക്കെ അടുത്തുനില്‍ക്കുന്ന, അലിവു കാണിക്കുന്ന, ആശ്വസിപ്പിക്കുന്ന ദൈവത്തെ, അവഹേളിതരെ ആശ്ലേഷിച്ചു അംഗീകരിക്കുന്ന, ക്ഷമിക്കുന്ന, നഷ്ടപ്പെട്ടതിനെ, ഉപേക്ഷിക്കപ്പെട്ടതിനെ തേടിച്ചെല്ലുന്ന ദൈവത്തെ കാണാന്‍, കേള്‍ക്കാന്‍, അനുഭവിക്കാന്‍ യേശു വഴിയൊരുക്കി. ഇതല്ലേ പുറപ്പാട് പുസ്തകത്തില്‍ ഇറങ്ങി വന്ന ദൈവം (Ex3:7-8); നസ്രേത്ത് സിനഗോഗിലെ യേശുവിന്‍റെ വായനയും ചേര്‍ത്തുവച്ച അവകാശവാദവും (Lk 4:18-21) അവതരിപ്പിക്കുന്ന ദൈവം; അങ്ങനെ അവിടുന്ന് ദൈവത്തോളം ഉയര്‍ന്നു, ദൈവമായി. മാനവീകതയുടെ പൂര്‍ണതയാണ് ദൈവീകത. അങ്ങനെയാണ് യേശു ദൈവമായത്. അങ്ങനെയാണ് മനുഷ്യന്‍, വിശേഷിച്ചും യേശുവില്‍, ദൈവത്തിന്‍റെ ചായയും സാദൃശ്യവുമാവുന്നത്.

മനുഷ്യനെ കൊച്ചാക്കി – ദാസനെന്നും, അടിയനെന്നും, സ്വയം പാപിയെന്നും, ഒരു യോഗ്യതയുമില്ലാത്തവന്‍ എന്നുമൊക്കെയാക്കി - വലിയവനാവുന്ന ദൈവമല്ല യേശു അവതരിപ്പിച്ചത്; മറിച്ച് ‘ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനെകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനും’ വന്ന ദൈവമാണ് (Mk 10:45). ശിഷ്യരുടെ പാദങ്ങള്‍ കഴുകി മാതൃകയാവുന്ന ദൈവം(Jn 13:1ff). ‘ദൈവം പരിശുദ്ധനായിരിക്കുന്നപോലെ നമ്മളും പരിശുദ്ധരായിരിക്കണം’ എന്നു പഠിപ്പിക്കയും അങ്ങനെ ജീവിക്കുന്ന, ജീവിക്കാന്‍ ആഹ്വാനം ചെയ്ത് നമ്മെ ദൈവത്തോളം ഉയര്‍ത്തുന്നവാനാണ്, അവിടുന്ന്.  യേശു യാഹൂടരോട് ചോദിക്കുന്നത് ശ്രദ്ധിക്കുക: നിങ്ങള്‍ ദൈവങ്ങളാണെന്ന് ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? ...ദൈവവചനം ആരുടെ അടുത്തേക്ക്‌ വരുന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു...Jn10:34). ‘ഞാനും പിതാവും ഒന്നാണ്’(Jn 10:30) ‘എന്നെക്കാണുന്നവന്‍ പിതാവിനെക്കാണുന്നു’ (Jn 14:9) എന്നുവരെ അവകാശപ്പെട്ടവന്‍; ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു’ (Jn 8:12) എന്നു പ്രഘോഷിച്ചവാന്‍ നമ്മളും ‘ലോകത്തിന്‍റെ പ്രകാഷമാണെ’(Mt 5:14)ന്ന് പഠിപ്പിച്ചവന്‍; എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തതെന്ന് (Mt 25:40,45) വ്യക്തമാക്കിയവാന്‍... !  

യേശുവിലൂടെയാണ് നാം ദൈവത്തെ അടുത്തറിഞ്ഞത്...
‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി...’ (Acts 2:36), എന്നതാണ് ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണം. ഇതാണ് ക്രൈസ്തവീകതയുടെ കാതല്‍. അതുകൊണ്ടാണ് പൌലോസ് പ്രഖ്യാപിച്ചത്: ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.’ (I Cor 15:14). ഉയിര്‍പ്പില്ലെങ്കില്‍ ക്രൈസ്തവീകതവികതയില്ല. മരണത്തിനുമപ്പുറമുള്ള പ്രതീക്ഷയാണ് ക്രൈസ്തവീകത. HAPPY EASTER!                                              - Pancretius, Pettah – 20.04.2018


No comments: