Wednesday, December 25, 2024

നാരായണ ഗുരു (1856-1928) വിന്റെ ഏകലോക ദർശനവും ദേശിയോദ്ഗ്രഥനവും...

നാരായണ ഗുരു (1856-1928) വിന്റെ

ഏകലോക ദർശനവും ദേശിയോദ്ഗ്രഥനവും

(Varkala Narayana Gurukulam Convention - Dec 2024)

-           അഡ്വ. (ഫാ). പങ്കറേഷ്യസ് [മാനേജർ, സെൻറ് ജേക്കബ്സ് ടീച്ചർ ട്രെയിനിങ് കോളേജ് &  

മര്യൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, തിരുവനന്തപുരം അതിരൂപത]

 

ദേശീയോദ്ഗ്രഥനം ദേശീയതയിൽ അധിഷ്ഠിതമാണ്. ദേശീയത ദേശത്തിലും അല്ലെങ്കിൽ രാഷ്ട്രത്തിലും. അതിർത്തികളും അധികാരികളുമില്ലാത്ത ലോകത്ത് ആഹാരത്തിനായി അലഞ്ഞു തിരിഞ്ഞു നടന്ന പുരാതന മനുഷ്യനിൽനിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം കുടുംബം, സമൂഹം, രാഷ്ട്രം എന്നീ ഘട്ടങ്ങളിലൂടെയായിരുന്നു. ഈ യാത്രക്കിടെ രൂപപ്പെട്ട നിരവധി സാമൂഹിക പ്രസ്ഥാനങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് രാഷ്ട്രം. പരമാധികാരമുള്ള ഒരു ഗവണ്മെന്റോടുകൂടി ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്ന ഒരു കൂട്ടം ജനങ്ങളെയാണ് ഒരു രാഷ്ട്രം എന്ന് വിളിക്കുന്നത്. (Kerala Kaumudi, p.4 of 11th November 2024). ‘രാഷ്ട്ര നിർമ്മാണം എന്നത് പഴഞ്ച നായ, എന്നാൽ ഉജ്ജ്വലമായ ഒരു ആദർശമാകുന്നു’, എന്ന് ആൻഡ്രേബെറ്റൈൽ പറ ഞ്ഞുവച്ചു. ['ജനാധിപത്യവാദികളും വിമതരും', രാമചന്ദ്ര ഗുഹ (പരിഭാഷ: കെ. സി. വിൽസൺ), p. 280, DC Books, Kottayam, 2019]. [പുറത്തുള്ളവർ അന്യരാണ്, ശത്രുക്കളാണ്. ഇവിടെ 'വസിക്കുക എന്നാൽ സഹവസിക്കുക' എന്ന സാഹോദര്യത്തിന്റെ, സമഭാവനയുടെ, സഹിഷ്ണുതയുടെ യൊക്കെ നന്മ ഇല്ലാതാവുന്നു]

ഇന്ത്യ, ഇന്ന് അവകാശം ഉന്നയിക്കുന്ന ആരുടേയുമല്ല; മറിച്ച് ഇവിടെ ദ്രാവിഡർക്കും മുൻപുണ്ടായിരുന്ന, എന്നാൽ ഇന്നും അവഗണിക്കപ്പെടുന്ന ആദിവാസിക(പട്ടിക വർഗ്ഗങ്ങ)ളുടേതാണ്[Supreme Court in Criminal Appeal No. 11 of 2011, https://www.thehindu.com/ opinion/op-ed/India-largely-a-country-of-immigrants/article 15127444.ece]. ഇന്നത്തെ 'അവകാശി കളും' പിന്നീട് (1800 -1500 BCE) ഇവിടെ കുടിയേറിയവർ തന്നെയാണ്.

ന്ത്യ എന്നത് സിന്ധുനദിതട സംസ്കാരത്തിന് കാരണമായ സിന്ധു (Sindhu) എന്ന സംസ്കൃത ധാതുവിൽ നിന്നുമാണ്. അതിൽനിന്നും ഹിന്ദു (Hindu) എന്ന പേർഷ്യൻ പദവും, അതിൽ  നിന്നും 'h' ഒഴിവാക്കിയുള്ള ഇൻഡസ് (Indus) എന്ന ഗ്രീക്ക് പദവും ഉണ്ടായത്. 'ഭാരത'മാകട്ടെ ഇതിഹാസ കഥാപാത്രമായ 'ഭരത'നിൽ (ദുഷ്യന്തൻ-ശകുന്തള പുത്രൻ) നിന്നുമാണ്. ഭരതൻ പ്രകാശ അന്വേഷകനും, പ്രകാശം പരത്തുന്ന വനുമെന്നൊക്കെയാണ് വിവക്ഷ! ഭാരതം എന്ന പരാമർശം റിഗ് വേദത്തിൽ (1500 BCE) കാണാമെങ്കിലും, ഹിന്ദുസ്ഥാൻ എന്നത് 1318-ൽ അമീർ ഖുശ്രവിന്റെ നുഹ് സിഫിർ- ൽ കാണാം.ഇന്ത്യ, ’എന്ന പ്രയോഗം ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ പിന്നാലെ, വാറൻഹാസ്റ്റിംഗ്സ് ആണ് ബ്രിട്ടീഷ് ഇന്ത്യ പ്രയോഗത്തിലൂടെ (1773) മുന്നോട്ടു വച്ചത്. 

ഇന്ത്യ ഉപഭൂഖണ്ഡത്തിൽ, ബ്രിട്ടീഷ് ഭരണ കാലത്ത് ഏതാണ്ട് അതിന്റെ പകുതിയോളം വരുന്ന, അഞ്ഞൂറില്പരം ചെറുതും വലുതുമായ നാട്ടു രാജ്യങ്ങൾ, ഉണ്ടായിരുന്നു (p. 12-13, Abraham Varghese, ‘The Covenant of Water’, Grove Press UK, 2023). ഇതിന് മാറ്റം വരുത്തിയ ഇന്ത്യൻ ദേശീയതയ്ക്ക് വിത്ത് പാകിയത്, വിദേശ ആധിപത്യത്തിനെതിരായ 1857-ലെ ശിപായി ലഹള ആയിരുന്നു.  തുടർന്ന് ഹിന്ദു ഭൂരിപക്ഷ ബംഗാൾ എന്നും ഇസ്ലാം ഭൂരിപക്ഷ ബംഗാൾ എന്നുമുള്ള 1905-ലെ ബംഗാളിന്റെ വിഭജനവും, പാകിസ്ഥാന്റെ രൂപീകരണത്തിൽ കലാശിച്ച വിവിധ ഘട്ടങ്ങളിലെ ഹിന്ദു - മുസ്ലിം സംഘർഷങ്ങളുമായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ ഇന്ത്യൻ ദേശീയത ക്രമേണ രൂപപ്പെടാൻ തുടങ്ങി. 1882-ലെ ബങ്കിംചന്ദ്ര ചട്ടോപാധ്യയുടെ "ആനന്ദമത്" എന്ന നോവലിലൂടെ ഭാരതമാതാ എന്ന ആശയവും, തുടർന്ന് രബീന്ദ്രനാഥടാഗോറി ന്റെ "ഗീതാഞ്ജലി"(1910)യിലൂടെ ഇന്ത്യൻ ഐക്യവും സാംസ്കാരിക സത്വവും രൂപ പ്പെട്ടു. പിന്നീട് ഗാന്ധിജിയുടെ ഹിന്ദ്സ്വരാജ് (1909) ലൂടെ സ്വയംപര്യാപ്ത സ്വതന്ത്ര ഇന്ത്യ എന്ന ആശയവും.

ഇന്ത്യ – ഭാരതം:

നമുക്കേവർക്കും അറിയാവുന്നപോലെ, ഇന്നത്തെ ഇന്ത്യ എന്ന രാഷ്ട്രം പിറന്നത് 1947 ആഗസ്റ്റ് 14 അർദ്ധ രാത്രിയിലായിരുന്നു. എന്നാൽ, അതൊരു ഭരണഘടനാ ജനാധിപത്യമാവുന്നത് 1950 ജനുവരി 26-നും. ഭാരതമായ ഇന്ത്യ…’ (ഭാരതം എന്ന ഇന്ത്യ) എന്നാണ് നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ/അനുച്ഛേദനം ഒന്ന് തുടങ്ങുന്നതു തന്നെ. അങ്ങനെ, താരതമ്യേനെ ഒരു പുതിയ ആശയമാഇന്ത്യൻ ദേശീയത, ഇന്നൊരു യാഥാർഥ്യമാണ്.

ഭരണഘടനയുടെ ആമുഖം ശ്രദ്ധേയമാണ്: 'നമ്മൾ,  ഇന്ത്യയിലെ ജനങ്ങൾ,  ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗൻമാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി,  ആരാധന,  എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,  സ്ഥാനമാനങ്ങൾ,  അവസരങ്ങൾ എന്നിവയി ലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതി നും ദൃഢനിശ്ച യം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കു കയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു’.

1962-ൽ പൈദിമാരി വെങ്കട സുബ്ബറാവു എഴുതി, 1963 മുതൽ കുട്ടികൾ വിദ്യാലങ്ങളിൽ ഏറ്റു ചൊല്ലി അഭിമാനിതരാവുന്ന, സുപരിചിതമായ പ്രതിജ്ഞ ശ്രദ്ധിക്കാം: ഇന്ത്യ എൻറെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരീസഹദരന്മാരാണ്.  ഞാൻ എൻറെ രാജ്യത്തെ സ്നേഹിക്കുന്നു. അതിൻറെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു...

മതനിരപേക്ഷ’, ‘സോഷ്യലിസ്ററ്... എന്നീ 1976-ലെ അടിയന്തരാവസ്ഥ കാലത്ത്, 42-ആം ഭേദഗതിയിലൂടെ ചേർത്തതിനെക്കുറിച്ച് അടുത്തകാലത്ത് ഉണ്ടായ കോലാഹലങ്ങൾ ആസ്ഥാനത്തെന്നു വ്യക്തമാക്കി സുപ്രീം കോടതി നൽകിയ വിധി ആ ഭേദഗതിയുടെ പ്രാധാന്യവും അവിഭാജ്യതയും അടിവരയിട്ടു പറഞ്ഞുകഴിഞ്ഞു (Editorial, Malayala Manorama, 26.11.’24). എന്നിട്ടും, ഇന്നത്തെ ഭരണപക്ഷം, ഭരണഘടനാദിന പ്രസംഗത്തിപോലും സാക്ഷാൽ രാഷ്ട്രപതിയെക്കൊണ്ടുതന്നെ, മതനിരപേക്ഷ’, ‘സോഷ്യലിസ്ററ്എന്നീ വാക്കുകൾ ബോധപൂർവം ഒഴിവാക്കിച്ച് മുന്നോട്ടു പോകാനാണ് ശ്രമിച്ചത്.

ദേശീയതയിൽ ഭിന്നിപ്പ്:

അങ്ങനെ, ഇന്ത്യയായി അറിയപ്പെട്ട ഭൂപ്രദേശം സ്വാതന്ത്ര്യസമര കാലത്തോടെ അവഗണിക്കാൻ കഴിയാത്തത്ര മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുടെയും നാടായിരുന്നു. എന്നാൽ അവർ, പ്രത്യേകിച്ച് മുസ്ലിങ്ങൾ അവരുടെ ആനുപാതിക പ്രാതിനിധ്യത്തിൽ അതൃപ്തരും, അരക്ഷിതരുമായിരുന്നു. അവരുടെ അവകാശ സംരക്ഷണത്തിനായി 1906- മുസ്ലിം ലീഗ് രൂപപ്പെടുകയും അവർ തങ്ങൾക്കു മാത്രമായി ഒരു ഇസ്ലാം ദേശത്തിനായി വാദിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ത്തോടുകൂടി രാജ്യം ഇന്ത്യ, പാകിസ്ഥാൻ എന്ന് രണ്ടായി വിഭജിക്കപ്പെട്ടു. തുടർന്ന്, പറഞ്ഞാൽ തീരാത്ത രക്തച്ചൊരിച്ചിലും പലായനവും മണ്ണ് മാത്രമല്ല മനസ്സുകളും പങ്കുവയ്ക്കപ്പെട്ടു ('Train to Pakistan', Kushwant Singh, 1956), അതിന്റെ സ്പർദ്ധയും  അനുരണനങ്ങളും  ഇന്നും പല രൂപത്തിലും ഭാവത്തിലും ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു... ഹൈന്ദവരും (‘I am not a Hindu’ Kancha Ilaiya) ദേശ, ഭാഷ, ജാതി പരിഗണകൾക്കപ്പുറത്ത് ഹെഡ്ഗേവറിന്റെ നേതൃത്വത്തിൽ സംഘടിച്ച്‌, 1925- രാഷ്ട്രീയ സ്വയം സേവക് സംഘിന് രൂപം നൽകി...

എന്നാൽ, നെഹ്‌റുവിന്റെ "ഡിസ്‌കവറി ഓഫ് ഇന്ത്യ" (1946) പോലുള്ള പുസ്തകങ്ങളും നമ്മുടെ അഭിമാനമായ ഇന്ത്യൻ ഭരണഘടനയും ഇന്ത്യ എന്ന ആശയത്തെ നിഷേധിക്കാനോ നിരാകരിക്കാനോ സാധിക്കാത്ത ഒരു യാഥാർഥ്യമാക്കി വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

തുടർന്ന്, സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായ പ്രാദേശിക വാദങ്ങൾ, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ, അവയുടെ കീഴിലെ സർക്കാർ രൂപീകരണം,  ബാബ്‌റി മസ്ജിദ് ഉന്മൂലനം, കാശ്മീർ വിഘടനവാദം, പൗരത്വഭേദഗതി നിയമം, ദേശീയപൗരത്വ രജിസ്റ്റർ, ഗോദ്ര കൂട്ടക്കൊല, ഡൽഹി കലാപം (2020), ഹാഥ്‌രാസ്‌ കൂട്ടബലാത്സംഗം, ഉന സംഭവം, ഭീമ-കൊറെഗാവ് സംഘർഷം, മറ്റ് ജാതി സംഘർഷങ്ങൾ, തെലുങ്കാന സമരം, മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം എന്നു വേണ്ട, സംഭൽ ഷാഹി ജുമാ മസ്ജിദ് സർവേ എല്ലാം വെല്ലുവിളി ഉയർത്തുന്നവയായി.

എന്നാൽ, ഇന്ന് ഇന്ത്യയും ഭാരതവും വ്യത്യസ്തങ്ങളായ, വിഭിന്നങ്ങളായ രണ്ടു സംജ്ഞകളാണ്, രാഷ്ട്രീയമായിട്ടാണെങ്കിൽകൂടി. അവയെ പ്രതിനിധാനം ചെയ്യുന്നത് ഭരണാധികാരത്തിനു വേണ്ടി പരസ്പരം കൊമ്പുകോർക്കുന്ന, വിരുദ്ധചേരികളിലുള്ള ഭാരതീയ ജനത പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഇന്നിപ്പോൾ അവ നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും  (National Democratic Alliance – NDA) ഇന്ത്യ അലൈൻസു(Indian National Developmental Inclusive Alliance - INDIA) മാണ്. അടുത്തിടെ, സോഷ്യൽ മീഡിയയിൽ ഈ ദ്വന്ദത വെളിപ്പെടുത്തുന്ന ഒരു ഫലിത പരാമർശം കണ്ടു: ക്രിക്കറ്റ് കളിയിൽ നമ്മുടെ ടീം വിജയിച്ചാൽ 'ഭാരതം' വിജയിച്ചെന്നും, തോറ്റാൽ 'ഇന്ത്യ' തോറ്റെന്നുംവരെ പറയുന്ന ഒരു രീതി!

ഇന്ത്യ വിഭജനത്തിന് ശേഷം ഇന്ത്യൻ ദേശീയത അതിന്റെ തീവ്രതയിൽ, ഒരുതര ഇസ്ലാം വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ ദേശീയതയായി  പ്രചരിക്കുവാൻ തുടങ്ങി... അതിന്റെ മൂർത്തീഭാവമെന്നോണം  ഇന്ത്യയുടെ ഭരണപരമായ നേതൃത്വം ആരംഭിച്ചത് വാജ്പായി നേതൃത്വം നൽകിയ ദേശീയ ജനാധിപത്യ സഖ്യ (NDA National Democratic Alliance) സർക്കാറിലൂടെയും, പിന്നീട് 2014 മുതൽ നരേന്ദ്ര മോദി നേതൃത്വം നൽകി, ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഭരണത്തിലൂടെയുമാണ്... ഇക്കാലയളവിൽ മുസ്ലിങ്ങളും ഇതര മത, ഭാഷ, ദേശ ന്യൂനപക്ഷങ്ങളും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിവേചനങ്ങളും അരക്ഷിതത്വവും  അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ഈ അവസ്ഥയെ 1949 നവംബർ 25-ന് ഭരണഘടനയുടെ അവസാന വായനവേളയിലെ പ്രസംഗത്തിൽത്തന്നെ അംബേദ്കർ പ്രവചിച്ചിരുന്നു: '1950 ജനുവരി 26-ന് നമ്മൾ വൈരുധ്യമാർന്ന ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് തുല്യതയുണ്ടാകും. എന്നാൽ, സാമൂഹിക-സാമ്പത്തിക ജീവിത ത്തിൽ നമുക്ക് അവശേഷിക്കുക അസമത്വമായിരിക്കും.' ഇതിനു പുറമെ, 'ഒരു ഭരണ ഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടവർ നല്ലവരല്ലെങ്കിൽ അതു മോശമാ യിത്തീരുമെന്ന് തീർച്ച,' എന്നും അദ്ദേഹം പറഞ്ഞുവച്ചു.[മാതൃഭൂമി, പേജ്,06, 26.11.2024).

എന്നാൽ, ഇന്ന് ഇത്തരം വിവേചനങ്ങളെ ന്യായീകരിക്കുന്ന, ഇവയ്ക്ക് മറപിടിക്കുന്ന വികലമായ, അസഹിഷ്ണമായ ഒരുതരം ദേശീയത അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവുമായ ബഹുസ്വരതയെ, മതനിരപേക്ഷതയെ, ദേശ, ഭാഷ, സംസ്കാര വൈവിധ്യത്തെ ദുർബലമാക്കാൻ അധികാര മോഹികളായ ചില പ്രസ്ഥാനങ്ങളും കുൽസിതബുദ്ധികളും ശ്രമിക്കുന്ന ചുറ്റുപാടിലാണ് ദേശീയോത്ഗ്രധനം സാംഗത്യവും, പ്രസക്തവും, കാലോചിതവുമാവുന്നത്.

ഗുരുവിന്റെ കാലത്താണെങ്കിൽ, തിരുവിതാംകൂറിൽ/കേരളത്തിൽ ഇത് അഞ്ഞൂറി ലധികം വ്യത്യസ്‌ത ജാതികളുടെ, ഏറെ സങ്കീർണമായ ജാതി വ്യവസ്ഥയായിരുന്നു, അതും ഒരേ മതത്തിന്റെ കീഴിൽ. അയിത്തജാതികൾക്ക്, തീണ്ടലും തൊടീലും മാത്രമല്ല, സാമീപ്യം പോലും കുറ്റകരമാക്കുന്ന പശ്ചാത്തലം, ക്ഷേത്ര പ്രവേശന നിരോധനങ്ങൾ, പൊതുവഴി ഉപയോഗിക്കാൻ നിയന്ത്രണം എന്നു വേണ്ട, ജീവിതത്തിന്റെ എല്ലാ മേഖലകളെയും ജാതി ചിന്ത പ്രതികൂലമായി ബാധിച്ചിരുന്നു. സത്യത്തിൽ, തിരുവിതാംകൂറിൽ നടന്ന  ചാന്നാർ ലഹള മുതൽ വൈക്കം പോരാട്ടം വരെയുള്ള ജാതിവിരുദ്ധ സമരങ്ങളൊന്നും ക്ഷേത്രത്തിൽ കയറാൻ മാത്രമായിരുന്നില്ല, വഴിനടക്കാനും, തുണി ഉടുക്കാനും/ മാറ് മറയ്ക്കാനും, വിദ്യനേടാനും, മനുഷ്യനായി ജീവിക്കാനുമൊക്കെ വേണ്ടിക്കൂടിയായിരുന്നു.

ഏകലോക ദർശനം:

ജാതി വ്യവസ്ഥിതിയുടെ കാര്യത്തിൽ മലബാറിനെ/കേരളത്തെ 'ഭ്രാന്താലയം' എന്നുവരെ വിശേഷിപ്പിക്കാൻ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ച, പ്രകോപിപ്പിച്ച അവസ്ഥയെ ഗുരു നേരിട്ട വ്യതിരിക്തമായ വഴിയാണ് ഏകാലോക ദർശനം. പ്രസ്തുത ദർശനം കൊണ്ട് ദേശീയത, വിശേഷിച്ചും ദേശിയോദ്ഗ്രഥനം എങ്ങനെ യാഥാർഥ്യമാക്കാം എന്നതിന് വളരെ സാംഗത്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ വിഷയത്തിന്റെ പ്രസക്തിയും.

ഗുരുവിന്റെ താല്പര്യം മാനവരാശിയിൽ ആകമാനം ആയിരുന്നു. വ്യക്തി താൽപര്യങ്ങൾക്കും ഏകപക്ഷീയതയ്ക്കും ഒന്നും അവിടെ സ്ഥാനം ഉണ്ടായിരുന്നില്ല. ഒരു തപസ്വിയുടെ അചഞ്ചലതയും നിഷ്പക്ഷതയും അവിടുത്തെ മനോഭാവത്തിൽ നിറഞ്ഞു നിന്നിരുന്നു. ജാതി, വർഗ്ഗ, മത സാമ്പത്തിക ഭേദമെന്യേ മനുഷ്യൻ ഒരുമയോടെ കഴിയുന്ന ഒരു മാതൃക മാനവ സമുദായം എന്നതായിരുന്നു ഗുരുവിന്റെ സങ്കല്പം.

ഇവയ്‌ക്ക് വേണ്ടിയാണ് ഗുരു ശബ്ദമുയർത്തിയത്, പോരാടിയത്, സമത്വവും, സാഹോദര്യവും, ആത്മാഭിമാനവും നേടിയെടുത്തത്... അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ അദ്വൈത ബോധ്യങ്ങളിൽ അധിഷ്ഠിതമായ ഏകലോക ചിന്തയ്ക്ക് പുറമെ തമിഴ് സാഹിത്യ പരിചയംകൂടിയാവണം.

-       "பிறப்பொக்கும் எல்லா உயிர்க்கும் - சிறப்பொவ்வா செய்தொழில் வேற்றுமையான்" 

(സമത്വമുള്ളതായ്ക്കാണാം ജനനത്താലെല്ലാവരും/ മേന്മയും താഴ്മയും, ചെയ്യും തൊഴിലാലേർപ്പെടുന്നതാം) (തിരുക്കുറൾ, പൊരുട്പാ, പെരുമൈ, 972)

-       "சாதி இரண்டொழிய வேறில்லை சாற்றுங்கால்/ நீதி வழுவா நெறிமுறையின்/ 

இட்டார் பெரியோர் இடாதோர் இழிகுலத்தோர்/ பட்டாங்கில் உள்ளபடி." (നാലടിയാർ)

(ആണ് പെണ്ണ് എന്ന രണ്ട്‌ ജാതീയല്ലാതെ മറ്റൊന്നില്ല, നീതി നിഷേധിക്കാത്ത ധാർമികതയിൽ കൊടുക്കുന്നവൻ ശ്രേഷ്ഠൻ കൊടുക്കാത്തവൻ അധമൻ...)

-       "யாதும் ஊரே யாவரும் கேளிர்."  'എല്ലായിടവും (ലോകത്തിലെ) എൻറെ സ്വദേശമാണ്; എല്ലാവരും എൻറെ ബന്ധുക്കളും...) (പുറനാനൂറ് 'പൊരുൺമൊഴി കാഞ്ചി', കണിയാൻ പൂങ്കുന്റനാർ, 172).

ഇതിനെ 2010-ൽ സി.പി.ഐ (എം)ൻറെ മുൻ ജനറൽ സെക്രട്ടറി പരേതനായ സീതാറാം യെച്ചൂരി വ്യക്തമാക്കുന്നത് ശ്രദ്ധിക്കാം:  ഇതാ ഞാൻ, തമിഴ്‌നാട്ടിൽ ജനിച്ച്, തെലുങ്ക് മാതൃഭാഷയായക്കി, ഹിന്ദി സംസാരിക്കുന്ന ഡൽഹിയിൽ സ്ഥിരതാമസമാക്കി, പശ്ചിമ ബംഗാളിലെ ജനങ്ങളെ പാർലമെൻറിൽ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള തമിഴ് സംസാരിക്കുന്ന ആളുകളുടെ ആഗസ്റ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു, ഇതാണ് ഇന്ത്യ."

ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ദേശീയത, ദേശിയോദ്ഗ്രഥനം അനിതര സാധാരണമായ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന ഒരു കാലഘട്ടത്തിൽ

ഏറെ പ്രതിപാതിക്കപ്പെടുന്ന, പ്രസക്തിയുള്ള വിഷയം തന്നെയാണ് ഏകലോക ദർശനം.

മാനവരെ, സമൂഹത്തെയാകെ വിവേചിക്കുന്ന, വേറുതിരിക്കുന്ന ജാതി സങ്കല്പത്തെ ക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിനിർണ്ണയം’, ജാതിലക്ഷണം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കി യിരുന്നു. ജാതിഭേദവും അവാന്തര ജാതിഭേദവുംകൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നി രുന്ന രാഷ്ട്രത്തിന് ഗുരു നല്‍കിയ ഏറ്റവും വലിയ സന്ദേശം (പിന്നീട് ആംബേദ്കർ ഏറ്റെടുത്ത) ജാതിനിഷേധമായിരുന്നു. അതിൻറെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമാ ക്കുന്ന ക്യതിയാണ് ജാതി നിര്‍ണ്ണയം. (A Critique of Jaati- casteism), 1914] 

1.  മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

[ജീവികളെ മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങ ളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാ വാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.]

2.    ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

പത്തു പദ്യങ്ങളുള്ള ജാതിലക്ഷണ(1914)ത്തിലാണ് ഗുരു തന്റെ ജാതി നിഷേധമെന്ന സന്ദേശം വിശദീകരിക്കുന്നത്.

1.  പുണർന്നുപെറുമെല്ലാമൊ-
രിനമാം, പുണരാത്തത്
ഇനമ,ല്ലിനമാമിങ്ങൊ-
രിണയാർന്നൊത്തു കാൺമതും. 

      

ഏകമതം: എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. ഗുരു ആദ്യം താതവികമായി മനുഷ്യന്റെ ഏകതയെ അവന്റെ ആത്മസത്തയിൽത്തന്നെ സ്ഥാപിക്കുന്നു. ആത്മാ വിന്റെ വശത്തുനിന്ന് നോക്കിക്കൊണ്ട് മനുഷ്യരെല്ലാം ഒരു ജാതിയിൽപ്പെട്ടതാണെന്ന് 'ആത്മോപദേശശതകം ശ്ലോകം 10 - വ്യക്തമാക്കുന്നു:

"ഇരുളിലിരിപ്പവനാര് ചൊലക് നീ'യെ

ന്നൊരുവനുരപ്പത് കേട്ടു താനു മേവം

അറിവതിനായവനോട് 'നീയുമാരെ'

ന്നരുളുമിതിൻ പ്രതിവാക്യമേകമാകും."

അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാ സ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌, ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു, ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്', (ജാതി നിര്‍ണ്ണയംശ്ലോകം -2)

 'അവനവനാത്മസുഖത്തിനാചരിക്കുന്നവ

യപരന് സുഖത്തിനായി വരേണം' ('ആത്മോപദേശശതകം ശ്ലോകം 24) എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. 

അന്നത്തെ ആത്മീയ സാമൂഹിക ചുറ്റുപാടിൽ ദൈവം കൂടിയേ കഴിയൂ എന്നുള്ളവർക്ക് നാരായണഗുരുക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവിടെ അവർണ്ണർ തന്നെ പ്രതിഷ്ഠ നടത്തുകയും പൂജിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സമാന്തര ക്ഷേത്ര ശൃംഖല തന്നെ സൃഷ്ടിച്ചിരുന്നു, കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് 51 ക്ഷേത്രങ്ങൾ സ്ഥാപിച്ചു. രണ്ടുതവണ ശ്രീലങ്ക (1918, 1926) സന്ദർശിക്കുകയും അവിടെ ക്ഷേത്രപ്രതിഷ്ഠ നടത്തുകയും ചെയ്തു.

ക്ഷേത്രങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന പരമ്പരാഗത ആശയങ്ങളെ നവീകരിച്ച് ഗുരു വിദ്യാദേവതയായ ശാരദാദേവിയുടെ പ്രതിഷ്ഠ നടത്തിയിരുന്നു. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വിശ്വസിച്ചു ജീവിക്കുന്ന ജനസമൂഹത്തെ ഉത്കൃഷ്ടമായ അറിവിലേക്ക് ഉയർത്തുവാൻ ക്ഷേത്രങ്ങളെയും ആരാധനാ, ആചാര സമ്പ്രദായങ്ങളെയും എങ്ങനെ ഉപാധിയായി സ്വീകരിക്കാമെന്ന് ഈ പ്രതിഷ്ഠാ കർമ്മത്തിലൂടെ ഗുരു നമുക്ക് കാണിച്ചുതരുന്നു.

തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപു വിന്റെ പ്രേരണയാൽ അദ്ദേഹം 1903ശ്രീ നാരായണ ധർമ പരിപാലന യോഗം SNDP സ്ഥാപിച്ചു. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, എന്നതാണ് അദ്ദേഹ ത്തിന്റെ ആപ്തവാക്യം. 1916- ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയു ടെയും മതത്തിന്റെയും വക്താവല്ലെന്നും, താൻ ജാതിയും മതവും ഉപേക്ഷിച്ച് സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി [https:// ml.m.wikipedia.org/]

മനുഷ്യരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതം': മനുഷ്യരാശിയുടെ ഏകതയ്ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്. മനുഷ്യരുടെ വാക്കിലും വിചാരത്തിലും പ്രവൃത്തിയിലുമുള്ള സകലവിധ ഭേദങ്ങളേയും വിപാടനം ചെയ്ത് മനുഷ്യരെ യെല്ലാം ഒരേയൊരു അദ്വൈത സത്യത്തിന്‍റെ സ്ഫുരണ ങ്ങള്‍ മാത്രമാണെന്ന് കണ്ടു. 

അദ്വൈതം ഗുരുവിനെ സംബന്ധിച്ച് സര്‍വതിന്‍റേയും ഏകതയ്ക്കു വേണ്ടിയുള്ള ദര്‍ശനമായിരുന്നു. ഗുരു ഒരു അദ്വൈതവാദി മാത്രമായിരുന്നില്ല, മറിച്ച്‌ തികഞ്ഞ ഒരു  അദ്വൈതിതന്നെയായിരുന്നു. അദ്വൈതത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറത്ത് ഒരു ജീവിതപദ്ധതിയായി പ്രായോഗിക വേദാന്തം ഗുരു ചമച്ചു. അതിന്‍റെ വെളിച്ചത്തില്‍ ജാതിമത ചിന്തകള്‍ക്കതീതമായി ലോകമെമ്പാടും അധിവസിക്കുന്ന മുഴുവന്‍ ജനതയും ഏകമായ പരംപൊരുളിന്‍റെ ആവിഷ്ക്കാരമായി ദര്‍ശിച്ച ഗുരു "എല്ലാവരും ആത്മസഹോദരര്‍' എന്ന് പാടി. ഗുരു പ്രഖ്യാപിച്ച ഏകലോക ദര്‍ശനത്തിന്‍റെ ആദ്യ ഉദ്ബോധനമാണ്

"ജാതിഭേദം മതദ്വേഷ-

മേതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാമിത്'' എന്ന അരുവിപ്പുറം സന്ദേശമെന്നു പറയാം. 1888 മുതല്‍ 1928 വരെയുള്ള 40 വര്‍ഷക്കാലം ആയുസും വപുസും ആത്മതപസും ബലിയര്‍പ്പിച്ച് ആഹര്‍നിശം ഗുരു കര്‍മ പ്രപഞ്ചത്തില്‍ വ്യാപരിച്ചത് സര്‍വരും സഹോദരരായി കഴിയുന്ന ഈ ഏകലോക വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു.

ഭാരതത്തിന്‍റെ അഭിമാനമായ വിവേകാനന്ദ സ്വാമികള്‍ 1893ല്‍ ചിക്കാഗോയിലെ സര്‍വമത സമ്മേളന വേദിയില്‍ വച്ച് "അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരന്‍മാരെ' എന്ന വിശ്വസാഹോദര്യ മന്ത്രം മുഴക്കുന്നതിനും 5 വര്‍ഷം മുമ്പാണ് തികച്ചും ഗ്രാമീണരായിരുന്ന ഒരവധൂതന്‍ ഈ ഏകലോക സന്ദേശം മുഴക്കിയത് എന്ന് നാം അറിയണം. 

ഒരു വിമർശനം

ശ്രീനാരായണസമൂഹം പോലും മഹാഗുരുവിനെ സാമുദായികതലത്തില്‍ കാണുന്നുവെന്ന താണ് ഏറ്റവും വലിയ ദുര്യോഗം. കവിത്രയ ശ്രേഷ്ഠ ഉള്ളൂർ പരമേശ്വര അയ്യർ പരിഭവിച്ചത് ഇപ്രകാരമാണ്: ഈഴവർ ഗുരുവിന്റെ ആത്യാത്മിക/ആന്തരിക ശക്തിയെ ഉപയോഗിക്കുകയോ, അതിന് മറ്റുള്ളവരെ സഹായിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ ശിഷ്യർ അദ്ദേഹത്തെ തെറ്റായി മനസ്സിലാക്കി, മറ്റുള്ളവരാകട്ടെ അദ്ദേഹത്തെ മനസ്സിലാക്കിയതുമില്ല. ശിഷ്യർ അദ്ദേഹത്തെ പത്ത് സെന്റ് ഭൂമിയിൽ ദേവനായി തളച്ചിട്ടപ്പോൾ അല്ലാത്തവർ അദ്ദേഹത്തെ ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം ശിലയിലൊതുക്കി. എന്നാൽ ഗുരു ഇതില്നിന്നെത്രയോ അകലെയാണ്, ഉയരെയാണ്... (Dr. S. Mohandas, 'The Prophet of One World').

ക്ഷേത്ര പ്രവേശനം അനുവദിച്ചതോടെ, ഈഴവർ നാരയണഗുരുവിൻറെ ക്ഷേത്രങ്ങൾ ഉപേക്ഷിച്ച് സവർണ ക്ഷേത്രങ്ങളുടെ പിന്നാലെപോയി. ക്ഷേത്ര പ്രവേശനവിളമ്പര ത്തിന് ശേഷമുണ്ടായ 1937 മാർച്ചിലെ ആദ്യശിവരാത്രിക്ക് അരുവിപ്പുറത്ത് ശാന്തിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈഴവരെല്ലാം വൈക്കത്തേയും ഏറ്റുമാനൂരിലെയുമെല്ലാം പൂണൂൽ ഉള്ള ശിവനെ തേടി പോയെന്ന് അഴീക്കോട് മാഷ് എഴുതിയിട്ടുണ്ട്.

ഗുരു ഒരു സന്ദേശം പറഞ്ഞു വയ്ക്കുക മാത്രമല്ല ചെയ്തത്. അതനുസരിച്ച് ജീവിച്ച് മാതൃക കാട്ടുകയും ചെയ്തു. "എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്ന (ഗാന്ധിജിയുടെ) ആപ്തവചനം കൂടുതല്‍ ഇണങ്ങുന്നത് ശ്രീനാരായണ ഗുരുവിലാണെന്ന് കാണാം. മനുഷ്യജാതിയുടെ ഏകതയെ കുറേക്കൂടി ആഴത്തില്‍ അഭിവീക്ഷണം ചെയ്തുകൊണ്ട് ഗുരു പാടി:

ഏകജാതിര്‍ഭവത്യേക

ദൈവമേകമതം മതം

തസ്മാദഭേദോ ള വയവാ:

വയം സര്‍വേ സാഹോദരാ:, എന്ന് ശിവഗിരി മഠം സ്ഥാപിക്കുന്ന കാലത്ത് 1904 ല്‍ തന്നെ ഗുരു വിളംബരം ചെയ്തിരുന്നു. അതിന്‍റെ മലയാളമൊഴിയാണ് 1920ല്‍ തൃപ്പാദങ്ങളുടെ അറുപത്തിയഞ്ചാം ജന്‍മദിനത്തിന് നല്‍കിയ ജാതി നിർണയം എന്ന കൃതിയിലെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം. 

മിശ്രഭോജനം, മിശ്രവിവാഹം: മനുഷ്യരുടെ മതം, വേഷം ഭാഷ ഇവ എങ്ങനെയിരു ന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ടണ്ട് അന്യോന്യം പന്തീഭോജനവും വിവാഹവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല' എന്ന് ഉപദേശിക്കുമ്പോഴും മനുഷ്യരുടെ ഏകതയാണ് ഗുരു ലക്ഷീകരിച്ചത്.

ഇന്ന് ഇന്ത്യയുടെ ആവശ്യമെന്താണ്? "ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്നും മോചനം'. "പലമതസാരവുമേകം, ജഗദിയിലിമ്മതമേകം' എന്നു 1897ല്‍ ഉപദേശിച്ച ഗുരു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കേവലമനുഷ്യത്വത്തിന് പ്രാധാന്യം നല്‍കി മതദര്‍ശനം അവതരിപ്പിക്കുന്നു." മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതം കൊണ്ട് എന്ത് പ്രയോജനം'! മതമല്ല മനുഷ്യനാണ് വലുതെന്ന് (സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനു വേണ്ടിയല്ല.' മർക്കോസ് 2:27) ഗുരു പഠിപ്പിക്കുന്നു. ഏത് മതത്തില്‍ കൂടിയും മനുഷ്യന് നന്നാകുവാന്‍ സാധിക്കും. അതിനാല്‍ മതപരിവര്‍ത്തനം ചെയ്യേണ്ട ആവശ്യമില്ലാ എന്ന് ഗുരു സിദ്ധാന്തിക്കുന്നു. സകല മനുഷ്യരും എപ്പോഴും പ്രയത്നിക്കുന്നത് ആത്മസുഖത്തിന് വേണ്ടിയാണ് എന്നാണ് നാരായണ ഗുരുവിന്റെ ഏകമതം.

1924ല്‍ "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്' എന്ന സിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ ഗുരു ഏഷ്യയിലാദ്യമായി സര്‍വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടി. ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്‌ലാമും ബൗദ്ധനും ജൈനനും തുടങ്ങി പ്രമുഖ മതത്തിലെ ആചാര്യര്‍ ഒത്തുകൂടി "പലമതസാരവുമേകം' എന്ന ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ അന്നാദ്യമായി ഏകമതദ ര്‍ശനം ചര്‍ച്ച ചെയ്യപ്പെട്ടു. മതങ്ങൾ ആ ആത്മസുഖത്തിന്റെ ഉദാത്ത ഭാവത്തെ ലക്ഷീകരിക്കുന്നവയാണെന്ന് മാത്രം. ഗുരു ദർശിച്ച ഒരു മതം നിലവിലുള്ള മതങ്ങളിൽ ഏതെങ്കിലും ഒന്നോ, ഇനി സ്ഥാപിച്ചെടുക്കേണ്ട ഏതെങ്കിലും പുതിയ പ്രസ്ഥാനമോ അല്ല.  ഇപ്പോൾ മനുഷ്യന് ഒരു മതമാണ് നല്ലത്.... മതങ്ങളുടെ പേരിൽ നടക്കുന്ന കോലാഹലങ്ങൾക്ക് അവസാനം വരാനും അതേയുള്ളു വഴി.

ഇപ്പോള്‍ സര്‍വമത സമ്മേളനത്തിന്‍റെ ശതാബ്ദി ശിവഗിരി മഠത്തിന്‍റെ നേതൃത്വ ത്തില്‍ ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ, രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. 'ഇതിനോടനുബന്ധിച്ചാണ് വത്തിക്കാനിൽ 30.11.2024- സംഘടി പ്പിച്ച സർവമത സമ്മേളനത്തിൽ കത്തോലിക്ക ക്രൈസ്തവരുടെ ഫ്രാൻസിസ് പാപ്പാ നേരിട്ടെത്തി അനുഗ്രഹ പ്രഭാഷണം നടത്തിയത് ചരിത്രമാണ് (മലയിൻകീഴ് ഗോപാലകൃഷ്ണൻ, 'നഗരപ്പഴമ', മാതൃഭൂമി, പേജ് 03, 02 .12 .2024)

1924-ലെ സര്‍വമത സമ്മേളനത്തെത്തുടര്‍ന്ന്, എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധി യോടും സമഭക്തിയോടും കൂടി പഠിക്കുന്ന, ഒരു സര്‍വമത പാഠശാലയ്ക്കും ഗുരു ശിവഗിരിയില്‍ ശിലാസ്ഥാപനം നടത്തി. ഇപ്പോള്‍ സാവധാനമെങ്കിലും ആശാവഹ മായ രീതിയില്‍ പ്രസ്തുത പാഠശാല ഇവിടെ, പ്രവര്‍ത്തിച്ചുവരികയാണ്. എല്ലാ മതവിശ്വാസികളുടെ ഇടയിലും ഇത്തരം സര്‍വമത പാഠശാലകള്‍ ആരംഭിക്കേണ്ടത് മറ്റെന്തിനേക്കാളും രാജ്യത്തിന് ഇന്നാവശ്യമാണ്, വിശേഷിച്ചും ഇന്ന് മതേതരത്വം ഭരണനേതൃത്വ പിന്തുണയോടെ ഭീഷണി നേരിടുന്ന ഒരു ഘട്ടത്തിൽ.

മതപരിവര്‍ത്തന കോലാഹലങ്ങളും മതതീവ്രവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് കലുഷിതമായ ലോകത്ത് എല്ലാവരും സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളുടെയും സിദ്ധാന്തങ്ങള്‍ പഠിക്കണം. അപ്പോള്‍ മതത്തിന്‍റെ പേരിലുള്ള വിവാദങ്ങള്‍ കുറയും. ഈ മഹിതമായ കാഴ്ചപ്പാടാണ് ഗുരുവിന് ഉണ്ടായിരുന്നത്.

ഗുരു ഉപദേശിക്കുന്നു, "സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗദര്‍ശികള്‍ മാത്രമാണ് മതങ്ങള്‍. സൂക്ഷ്മം അറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവന്‍ പ്രമാണമാണ്' (സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനു വേണ്ടിയല്ല.' മർക്കോസ് 2:27) ഈ താത്വിക നിലപാടില്‍ നിന്നുകൊണ്ടാണ് ഗുരുദേവന്‍ ഒരു പ്രത്യേക മതത്തിലും ഉള്‍പ്പെടുന്നില്ല എന്ന് തുറന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സൂക്ഷ്മമായ തത്വത്തെ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാന്‍ അതാത് മതവിശ്വാസികള്‍ അവരവരുടെ മതത്തെത്തന്നെ പ്രമാണമാക്കി മതസിദ്ധാന്തങ്ങളെ പിന്‍തുടരുകയാവാം. എന്നാല്‍ അത് മറ്റൊരു വിശ്വാസിയുടേയും ജീവിതത്തിനും ചര്യകള്‍ക്കും വിഘാതം വരുത്തുന്ന തരത്തിലാകാന്‍ പാടുള്ളതല്ല. മതാതീതമായ വിശ്വദര്‍ശനമാണ് ശ്രീനാരായണദര്‍ശനം. ഇക്കാര്യത്തിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ മായ ജ്ഞാനരഹസ്യം നാരായണ ഗുരു ആത്മോപദേശകത്തിൻറെ 44 മുതൽ 49 വരെയുള്ള ശ്ലോകങ്ങളിൽ വിശദമാക്കിയിരിക്കുന്നു.

ഗുരുവിന്‍റെ എത്രയും ഉദാരമായ ഈ നിലപാട് ഇന്നത്തെ അതത് വിശ്വാസികള്‍ അംഗീകരിച്ചാല്‍ മതത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കും. ഏതായാലും ഈ ഉദാരമായ നിലപാടിലൂടെ മാത്രമേ മത സംഘട്ടനങ്ങളുടേയും മതങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുടേയും വേരറുക്കാന്‍ സാധിക്കൂ. എല്ലാ മതങ്ങളേയും വിശ്വത്തേയും ഒന്നായിക്കാണുന്ന ഒരു മഹാപുരുഷനു മാത്രമേ ഇതു സാധിക്കൂ. അതുകൊണ്ടാണ് ഗുരു വിശ്വമാനവികതയുടെ പ്രവാചകനായത്.

മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങൾ ഉണ്ട്. ബാഹ്യമായ മതപരിവര്‍ത്തന സംരഭങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആന്തരികമായ പരിവര്‍ത്തനം വിവേകിയായ മനുഷ്യരില്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ആ രീതിയിലും മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് ഗുരു സിദ്ധാന്തിക്കുന്നു. മതത്തിന് ഉപരി മനുഷ്യനെ സ്നേഹിക്കുവാന്‍ ഗുരു പഠിപ്പിക്കുന്നു.

ഗുരു വിശ്വത്തെ ഒന്നായിക്കണ്ടു. ജാതി, മതം, ദേശം എന്നിവയുടെ വേലിക്കെട്ടുകള്‍ പൊളിച്ചുകളഞ്ഞു. സർവ്വമത സമന്വയം ആയിരുന്നു ഗുരുവിന്റെ മനസ്സിൽ ഉണ്ടായി രുന്നത്. ആത്മോപദേശശതകം 24 - ആം  ശ്ലോകത്തിൽ,

"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം'' എന്ന് ഉപദേശിക്കുന്നുണ്ട്.

അവനും ഇവനും ഇനി മറ്റൊരാളും ആദിമമായ ആത്മസത്തയുടെ അംശങ്ങള്‍ തന്നെയാണ്. എല്ലാവരും ഒന്നിന്‍റെ തന്നെ വകഭേദങ്ങള്‍മാത്രം. അതിനാല്‍ ആത്മസഹോദരരെ എന്തിനു മതം മാറ്റണമെന്ന് ഗുരു ചോദിക്കുന്നു. ഒരേ ഒരു സത്തയുടെ സ്ഫുരണങ്ങളായ മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക എന്നതാണ് ജീവിതധര്‍മ്മമായി ഗുരു സിദ്ധാന്തിക്കുന്നത്. ശ്രീനാരായണ സ്മൃതിയില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ബൗദ്ധമത വിശ്വാസികളും ജൈന മതസ്ഥരും എല്ലാവരും ഒരേ ഒരു ആത്മസുഖത്തെ പ്രാപിക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ എല്ലാ മതവിശ്വാസികളും ഏകമാണെന്നും ഗുരു അഭിപ്രായപ്പെടുന്നു. ആത്മോപദേശശതകം 49 - ആം  ശ്ലോഹത്തിൽ

"അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിടുന്നു;

ജഗതിയിലിമ്മതമേകമെന്നു ചിന്തി-

ച്ചഘമണയാതകതാരമര്‍ത്തിടേണം'' എന്ന് ഗുരു പറയുന്നു. ആത്മസുഖത്തിനായി മതവിശ്വാസികളും ശ്രമിക്കുന്നതിനാല്‍ പലമതങ്ങളില്ല. 

സ്വാമി ജോണ്‍ ധര്‍മതീര്‍ത്ഥര്‍ പറഞ്ഞു, ശ്രീനാരായണ ഗുരു ഭാവിലോകത്തിന്‍റെ പ്രവാചകന്‍ എന്ന്. സഹോദരന യ്യപ്പന്‍ പാടി.

"സുവർണകാലം കഴിഞ്ഞില്ല

വരുന്നേയുള്ളൂ കാക്കുവിന്‍

വരുത്തേണ്ടതു നിങ്ങളുടെ

ശ്രമത്താലെന്നുമോര്‍ക്കുവിന്‍''.

ഗുരു വിഭാവനം ചെയ്യുന്ന ഏകലോക വ്യവസ്ഥിയാണ് സുവർണകാലം. അത് വരുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ഇതു ശ്രവിക്കുന്ന നാമോരോരുത്തരും നമ്മുടെ കടമ നിര്‍വഹിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ഏകലോക വ്യവസ്ഥിതിയുടെ പ്രവാചകനായ ഗുരുവിന്‍റെ ചിന്താസരണിക്കൊത്തു നാമും മുന്നേറുക.

"വാദങ്ങള്‍ ചെവിക്കൊണ്ട്

മതപ്പോരുകള്‍ കണ്ടും

മേദസ്ഥിരനായങ്ങു

വസിപ്പൂ മലപോലെ'', കുമാര മഹാകവി ഗുരുദേവനെക്കുറിച്ചെഴുതിയ ഈ വരികള്‍ നമ്മുടേയും ജീവിത ദര്‍ശനമാകട്ടെ. [കടപ്പാട്:ഏകലോക വ്യവസ്ഥിതിയുടെ മഹാ പ്രവാചകൻ’, സ്വാമി സച്ചിദാനന്ദ, ശിവഗിരി മഠം, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ്, പ്രസിഡന്‍റ്, ശ്രീനാരായണ ഗുരുവിന്‍റെ 170- ം ജയന്തിയോടനുബന്ധിച്ചുള്ള ലേഖനം]

ഇന്നത്തെ അവസ്ഥ: കേരളം: കവിയും ശില്പിയുമായ രാഘവൻ അത്തോളിയുടെ സാക്ഷ്യം ശ്രദ്ധിക്കാം: 'സമൂഹത്തെക്കുറിച്ചു പറയുമ്പോൾ ജാതി പറയേണ്ടിവരുമെങ്കിലും, എനിക്ക് ജാതിയും മതവും ഇല്ല'കടക്കാരും കച്ചവടക്കാരും അടുത്തവീട്ടുകാരും ഒന്നും മനുഷ്യൻ എന്ന പരിഗണന ഞങ്ങൾക്കൊന്നും തന്നിരുന്നില്ല... ഞങ്ങളൊക്കെ നികൃഷ്ടജീവി ജന്മങ്ങളായിരുന്നു, അവരുടെയൊക്കെ കാഴ്ചപ്പാടിൽ. പണ്ടൊക്കെ ഞാനും അമ്മയും വരമ്പത്തുകൂടി പോകുമ്പോൾ ആരെങ്കിലും എതിരെ വരുന്നുണ്ടെങ്കിൽ ഞങ്ങൾ വയലിലോട്ട് ഇറങ്ങിനിന്നു കൊടുക്കണം(29)... ഞങ്ങൾക്കന്ന് കിണറൊന്നുമില്ല. തൊട്ടടുത്ത് ആശാരിമാരുടെ വീടുകളാണ്. അന്ന് മൺപാത്രമാണ്. അത് അവിടെ കൊണ്ടുവെച്ച് ദൂരെ മാറിനിക്കണം. അവർ എപ്പോഴെങ്കിലും കണ്ടാൽ വെള്ളം കോരിവെച്ച് മാറിപ്പോയതിനുശേഷം വേണം എടുത്തുകൊണ്ടുവന്ന് നമ്മൾക്കു കുടിക്കാൻ. അയിത്തം അത്രയ്ക്ക് അനുഭവിച്ച...(29). ജാതിയെ അതിജീവിക്കുന്നതിനുള്ള അന്വേഷണങ്ങളൊന്നും നടക്കുന്നില്ല.  കൂടുതൽ ജാതിയിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ് ഇന്ന്...(31). ജാതി ഇല്ലാതാവില്ല. പക്ഷെ, എല്ലാ ജാതിയിൽപ്പെട്ടവരും മനുഷ്യരാണ് എന്ന ഒരു സമത്വത്തിലേയ്ക്ക് സമൂഹത്തിനെ മാറ്റാൻ... പറ്റുന്നില്ലെങ്കിൽ എന്തു ചെയ്യും? (31) പുലത്തിന്റെ അധിപനാണ് പുലയൻ... വിശാലമായ ഭൂമിയുടെ ഉടമകളാണ് പിന്നീട് ലക്ഷം വീടുകളിലും രണ്ട് സെന്റിലും ഒക്കെ ജീവിക്കേണ്ടിവന്നത്. ഞങ്ങളുടെ ഭൂമി ഒഴിപ്പിച്ച് ഒഴിപ്പിച്ച് എടുക്കുകയായിരുന്നു (31).  ഒരുകാലത്ത് ഞങ്ങളുടേതായിരുന്ന ഈ മണ്ണും ഭൂമിയും... ['എഴുത്തച്ഛനല്ല എൻറെ ഭാഷയുടെ അച്ഛൻ', രേഖാചന്ദ്ര, സമകാലിക മലയാളം, 2024 നവംബർ 11, കവിയും ശില്പിയുമായ രാഘവൻ അത്തോളിയെക്കുറിച്ച്...]

ഇന്ത്യ: ഇന്നത്തെ ഭരണ നേതൃത്വം അധികാരത്തില്‍ വന്നതിന് ശേഷം ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ന്യൂനപക്ഷങ്ങളെ നുളളിനോവിക്കലും അടിച്ചമര്‍ത്തലും, വേണ്ടി വന്നാല്... ഭക്ഷണം മുതല്‍ സ്‌കൂള്‍ യൂണിഫോം വരെ ഇന്ത്യയില്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചു...(ന്യൂനപക്ഷങ്ങളെ നോവിക്ക ലാണ് ഭൂരിപക്ഷം കൂട്ടാനുള്ള മാർഗമെന്ന് പഠിച്ച ബി.ജെ.പി, ‘പ്രതിഭാഷണംസി.പി. ജോൺ 09 June 2022) [https:// www.mathrubhumi.com/in-depth/columns/pratibhashanm-column-by-cp-john-1. 7591248]

ഈയടുത്ത കാലത്ത് വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയായത് ആയിരങ്ങളാണ്. ഇതില്‍ ഭൂരിഭാഗം പേരും മുസ്ലീങ്ങളും ദളിതരുമാണ്. ബീഫ് വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടിയുടെ മറവിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും അരങ്ങേറിയത്. നൂറു കണക്കിന് വിദ്വേഷ അതിക്രമങ്ങൾ അരങ്ങേറിയതായാണ് റിപ്പോർട്ട്. ഇതിൽ ആയിരക്കണക്കിന് ആളുകളാണ് ഇരകളാക്കപ്പെട്ടത്. ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത് ഉത്തർപ്രദേശിലാണ്. ചെറിയ പ്രശ്നങ്ങളുടെ പേരിൽ തുടങ്ങുന്ന സംഘർഷങ്ങൾ പിന്നീട് വലിയ വർഗീയ കലാപങ്ങളായി മാറുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

മത-ഭാഷാന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനംചെയ്യുന്ന അവകാശങ്ങൾ ഹനി ക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം യു. പി.യിലെ സംഭലിൽനടന്ന അക്രമം വേദനാ ജനകമാണ്. ഭരണ ഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും ജുഡീഷ്യറിയുടെയും ഉത്തരവാദിത്വമാണ്... (ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം - കാന്തപുരം 02 December 2024) [https:// newspaper.mathrubhumi. com/news/kerala/kerala-1.10125969] ജുഡിഷ്യറിയിലെ, അലഹാ ബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ശേഖർ കുമാറിന്റെ, വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലെ, വിവാദപ്രസംഗത്തിന്റെ പേരിൽ ഉണ്ടായ പ്രതിഷേധങ്ങളും, അദ്ദേഹത്തെ പാർലമെൻറിൽ ഇമ്പീച്ച് ചെയ്യാൻ പ്രതിപക്ഷം തുടങ്ങിവച്ച നടപടികളും, സുപ്രീംകോടതി കൊളീജിയം നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടതുമൊക്കെ (മാതൃഭൂമി, 16.12.24) ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.

ഉപസംഹാരം:

"സഹപൗരന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ തന്റെ രാഷ്ട്രം അല്ലെങ്കിൽ ഗവണ്മെന്റ് കുറ്റം ചെയ്യുമ്പോൾ അതിൽ ലജ്ജ അനുഭവപ്പെടാത്ത ഒരാൾക്ക് ഒരു യഥാർത്ഥ ദേശീയവാദിയാകുവാൻ സാദ്ധ്യമല്ല." - ബെനെഡിക്ട് ആൻഡേഴ്സൺ എന്ന ചിന്തകൻ (1936-2015) പറഞ്ഞത് അന്ന് ഗുരുവിൽ നൂറു ശതമാനവും അന്വർത്ഥമായി.

"ഇന്ത്യയുടെ രാഷ്ട്രനിർമ്മാണത്തിന്റെ അമ്ലപരീക്ഷണം ഇവിടുത്തെ സ്ഥാപനങ്ങൾക്ക് അവയുടെ സ്വാതന്ത്ര്യവും മതേതരവുമായ സ്വഭാവം നിലനിർത്തുവാനും അവയുടെ സ്വാധീനം വിപുലീകരിക്കുവാനും സാധിക്കുമോ എന്നുള്ളതാകുന്നു...'ആൻഡ്രേ ബെറ്റൈൽ, from 'ജനാധിപത്യവാദികളും വിമതരും', രാമചന്ദ്ര ഗുഹ Tr.  കെ. സി. വിൽസൺ, p. 280, DC Books, Kottayam, 2019

"എല്ലാവരും ഒരുപോലെ ജീവിക്കുന്നതും ഒരുപോലെ ചിന്തിക്കുന്നതും ഒരേ ഭാഷ സംസാരിക്കുന്നതുമായ ഒരു ഏകജാതി ലോകമല്ല, ആധുനികവൽക്കരണം, നേരെമറിച്ച് അത് വിജ്ഞാനത്തെയും വൈവിദ്ധ്യത്തെയും ആവശ്യപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.' വൈവിദ്ധ്യമാർന്ന പാരമ്പര്യങ്ങളെ ഉൾക്കൊള്ളുന്നതും ഒരേ ഒരു പാരമ്പര്യത്തെ മാത്രം മുറുകെപ്പിടിക്കുന്നതുമായ ഒരു വ്യവസ്ഥിതിയെ ഒരു സംസ്കാരം എന്ന് വിശേഷിപ്പിക്കുവാൻ സാദ്ധ്യമല്ല.' (ibid p. 283)

'ഇന്ത്യയിലെ വംശീയവും ഭാഷാപരവും സാമൂഹികവും സാംസ്കാരികവും മതപരവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ സമാനതകളില്ലാത്ത വൈവിധ്യ ങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭരണഘടനയുടെ മതനിരപേക്ഷ, സോഷ്യലിസ്ററ്, ജനാധിപത്യ, ഫെഡറൽ ചട്ടക്കൂടിൽ മാത്രമേ രാജ്യത്തിന് ഒറ്റക്കെട്ടായി നിലകൊള്ളാനും അഖണ്ഡത നിലനിർത്താനും കഴിയൂ എന്നു വ്യക്തമാണ്.' (ഡോ. ജി. മോഹൻ ഗോപാൽ, 'ഭരണഘടനയ്ക്കായി പോരാടാം', മലയാള മനോരമ, പേജ്.8, 26. 11.2024)

ശശി തരൂറിന്റെ വാക്കുകളിൽ, 'ഇന്ത്യൻ മതനിരപേക്ഷതയായിരുന്നു എക്കാലത്തെയും ഇന്ത്യ എന്ന ആശയം.  (അത്) വെറും ഒരു രാജ്യം/രാഷ്ട്രമല്ല, പിന്നയോ, ഒരു ആശയ മാണ്, ബഹുസ്വരതയുടെ ആശയം.'

ഗുരുവിന്റെ ഏക ലോക ദർശനം ഏതാണ്ട് അതിന്റെ പൂർണ അർത്ഥത്തിൽ നമ്മുടെ ഭരണഘടന ഉൾക്കൊണ്ടിട്ടുണ്ട്. ഇന്ന് വികലമായ, അധാർമിക അധികാര ആർത്തിയോടെ വിഘടനാവാദം, അത് മതത്തിന്റെ, ഭാഷയുടെ, പ്രദേശങ്ങളുടെ പേരിൽ മനസ്സുകളിൽ കുത്തിവച്ചു അരക്ഷിതത്വ ബോധം ഉണ്ടാക്കി ഭൂരിപക്ഷ പ്രീണനത്തിലൂടെ ന്യൂനപക്ഷങ്ങളെ തീർത്തും അവഗണിച്ചുകൊണ്ടുള്ള നെറികെട്ട രാഷ്ട്രീയം കളിക്കാൻ മടിക്കാത്ത ഒരു കൂട്ടം, സൃഷ്ടിക്കുന്ന ദേശീയതയാണ് മുന്നോട്ടു വയ്ക്കപ്പെടുന്നത്. ഇതൊരുതരം ബലപരീക്ഷണമാണ്, ബലപ്രയോഗമാണ്... ഇതിനു ശാശ്വതമായ ഒരു ഐഖ്യം, ദേശീയത ഉറപ്പു വരുത്തുവാൻ ഒരിക്കലും സാധിക്കില്ല, ഗുരുവിന്റെ ഏകലോക വ്യവസ്ഥിതിയിലൂടെയല്ലാതെ

'വസിക്കുക എന്നാൽ സഹവസിക്കുക”, എന്നാണ്. ഇത പറഞ്ഞത് ബെർണാർഡ് ജെ കുക്കാണെങ്കിലും ഇതിന്റെ തുടക്കം സാർത്രെ പോലുള്ള അസ്തിത്വവാദ ചിന്തകരാ ണ്. സഹോദരൻ, അയൽവാസി അന്യനാവുന്നത്, അവരോട് അസൂയ തോന്നുന്നത്, അവർ ശത്രുവാകുന്നത് നമ്മൾ മനുഷ്യരിൽ മാത്രമാണ്! മറ്റ് ജീവജാലങ്ങൾ അങ്ങനെയല്ല (പറുദീസാ - ജോൺ മിൽട്ടന്റെ 'നഷ്ട സ്വർഗ്ഗം'). യേശു പറഞ്ഞത് നല്ല അയൽക്കാരനാവുക എന്നതാണ്. (ലൂക്ക 10:30-37). മാത്രവുമല്ല, 'ശത്രുക്കളെ സ്നേഹിക്കുവിൻ' (മത്തായി 5:44) എന്നുകൂടി പറഞ്ഞുവച്ചു.

References:

1.   Balakrishnan P. K., ‘Jathivyavasthayum Kerala Charithravum’, D.C Books, Kottayam, 1983

2.   Betty sunny, ‘The concept of God in the philosophy of Sree Narayana Guru’, Doctoral Thesis submitted to the University of Kerala, 2019.

3.   Karthikeyan, Shornur, ‘Guru – The Sun of Kerala Renaissance’, Sivagiri Madam Publications, Sivagiri, 2014

4.     Kumaran Asan, ‘Sree Narayana Gurudevan’, (Edited, translated and appended by Dr. Josh S. Channar, Channar Books, Ernakulam, 2021)

5.   Mithra C. R., ‘Sree Narayana Guruvum Samoohiya Viplavavum’, (translation: Sivaraj C. P), NBS, Kottayam, 1993

6.   Mohandas S. Dr., ‘The Prophet of One World’, Sabarigiri, Kunnukuzhy, Thiruvananthapuram, 1993

7.   Omana S, ‘Sree Narayana Guru – Jeevithavum Dharshanavum’, Kerala Bhasha Institute, 2013

8.   Omana S., ‘The Philosophy of Sree Narayan’, DK Print, Thiruvananathapuram

9.    രാമചന്ദ്ര ഗുഹ, 'ജനാധിപത്യവാദികളും വിമതരും', (പരിഭാഷ: കെ. സി. വിൽസൺ), p. 280, DC Books, Kottayam, 2019]

10.                 Swami Muni Narayana Prasad, ‘The Philosophy of Sree Narayana Guru’, D, K Print Word. Delhi.

11.  And online materials…

സർവ്വാദരണീയനായ ഗുരു മുനി നാരായണ പ്രസാദ് / സ്വാമി ത്യാഗീശ്വരൻ, ഡോ . പി . കെ സാബു, പീതാംബര സൗഹൃദത്തിലെ സഹോദരി സഹോദരന്മാരെ ,  മറ്റ് സുഹൃത്തുക്കളെ...  ശ്രീ നാരായണ ഗുരുകുലത്തിന്റെ 74 - മത് വാർഷിക കൺവെൻഷന്റെ രണ്ടാം ദിവസം ഇതിൽ പങ്കെടുക്കാനും  'നാരായണ ഗുരു ദർശനം പ്രയോഗത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി 'നാരായണഗുരുവിൻ്റെ ഏകലോക ദർശനവും ദേശീയോദ്ഗ്രഥനവും' അവതരിപ്പിക്കുവാനും എനിക്ക് അവസരം നൽകിയതിന് കൃതാർത്ഥനാണ് ഞാൻ.../  എന്റെ പരിമിതമായ അറിവിലും അനുഭവത്തിലും നിന്ന് കുറെ കാര്യങ്ങൾ പ്രൗഢ വേദിയിൽ വിനയപുരസ്സരം അവതരിപ്പിക്കട്ടെ...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                              

 

 

 

 

 

 

 

 

 

                              

 


No comments: