Wednesday, December 25, 2024

ക്രിസ്തുമസ്...

 

 ക്രിസ്തുമസ് മനുഷ്യാവതാരത്തിന്റെ 'കഥ' യാണല്ലോ! 

യേശുവിന്റെ വ്യത്യസ്ത മായ ഒരു കഥ ജോസഫ് നെറ്റിയാടന്റെ 'ജോസഫ് എന്ന തച്ചൻ' എന്ന അതിസുന്ദരമായ നോവൽ അവതരിപ്പിക്കുണ്ട്. അതിൽ ഒരിടത്ത് ഏതാണ്ടിങ്ങനെ പറയുന്നു: 'മനുഷ്യർക്ക് അനുകരിക്കാൻ പറ്റാത്ത രീതിയിൽ 'വിശുദ്ധരെ' അവതരിപ്പിക്കാറുണ്ട്!

ഇതുതന്നെയാണ് ദൈവങ്ങളുടെ മനുഷ്യാവതാരങ്ങളെക്കുറിച്ചും പറയാവുന്നതും!

ദൈവങ്ങൾക്ക് കഴിയാത്തതൊന്നുമില്ലെന്നിരിക്കെ, മനുഷ്യാവതാര ങ്ങളിൽ എന്തിനിത്ര അതിശയോക്തി, അസാധാരണത്വം! 

കന്യകാജനനം തൊട്ടുള്ള കാര്യങ്ങളൊക്കെ മുകളിൽ പറഞ്ഞ നിലയ്ക്കല്ലാതെ മറ്റെങ്ങനെയാണ് എടുക്കാനാവുക?

ദൈവം, മനുഷ്യസൃഷ്ടിയെന്ന് നമ്മുടെ കുഞ്ഞുണ്ണിമാഷ് പറയാൻ ധൈര്യപ്പെട്ടതിൽ കഴമ്പില്ലേ എന്നൊരു സംശയം!

'ആറാം ദിവസം ദൈവം മണ്ണാല്‍ സൃഷ്ടിച്ചു മര്‍ത്യനെ/ 

ഏഴാം ദിവസം മര്‍ത്യന്‍ കല്ലാല്‍ ദൈവത്തെയും തഥാ.

ഇനി, ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ, അത് അവൻ/ അവൾ ദൈവമാകാനാണ്, യേശു ആയതു പോലെ, കാരണം അവിടുന്ന് അവരെ സൃഷ്ടിച്ചത് 'തന്റെ ഛായായിലാ'ണെന്ന് ഉല്പത്തി 1:27 ഉം, '... നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ, ഞാൻ പരിശുദ്ധനാണെന്ന്' ലേവ്യർ 11:45 ഉം, 'നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർ ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ രായിരിക്കുവിനെ'ന്ന്  മത്തായി 6:48 ഉം പറയുന്നതിന്റെ പൊരുൾ മറ്റെന്താവാനാണ്!

യേശു ദൈവമായത്, അവിടുന്ന് സ്നേഹത്തിന്റെ പര്യായമായതു കൊണ്ടാണ്. 'ദൈവം സ്നേഹമാണ്.' (1 യോഹ 4:8). ഈ സ്നേഹത്തിന്റെ പാരമ്യം അവിടുന്ന് കൈവരിച്ചത് 'സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പി(ച്ചതുകൊണ്ടും) ക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല.' (യോഹ 15:13). 

അതുകൊണ്ടാണ് ദൈവവുമായുള്ള സമാനത അവിടുന്ന് അവകാശപ്പെട്ടത്: 'നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു... എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. (യോഹ 14:7,9).

നമുക്കും ദൈവമാകണമെങ്കിൽ, യേശുവിനെപ്പോലെ സ്നേഹി ക്കാൻ കഴിയണം. 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.' (യോഹ 13:35). 

ക്രിസ്തുമസിൽ ക്രിസ്തുവുണ്ട്, യേശുക്രിസ്തു! യേശു, ചരിത്രനായകനെങ്കിൽ; ക്രിസ്തു, വിശ്വാസത്തിന്റെ സംഭാവനയാണ്. അങ്ങനെ, ക്രിസ്തുമസ് വിശ്വാസത്തിന്റെ, അതിൻമേൽ സൗകര്യപൂർവം പിന്നീട് പണിയപ്പെട്ട സഭയുടെ, അതിന്റെ ആചാരാനുഷ്ടനങ്ങളുടെ മേഖലയിലേതാണ്...  

അത്തരം ഒരോർമ്മ ജീവിതഗന്ധിയാവാണമെന്നില്ല. നമ്മളോരോരു ത്തരും ഓരോ യേശുവാകണം. സ്നേഹിതർക്കുവേണ്ടി ജീവൻ നൽകുന്നവരാകണം. അൽത്താരയിലെ അപ്പം മാത്രമല്ല, നമ്മുടെ അടുക്കളയിലെ അപ്പവും (അടിസ്ഥാന അവശ്യവസ്തുക്കലുൾപ്പെടെ) പങ്കുവയ്ക്കാൻ, 'ഉള്ളവും ഉള്ളതും' പങ്കുവയ്ക്കാൻ തയ്യാറാവണം. എമ്മാവുസിലെ ശിഷ്യന്മാർക്കെന്നപോലെ അപ്പം മുറിച്ച് പങ്കുവയ്ക്കുമ്പോൾ യേശു പ്രത്യക്ഷനാവും... 

നാം യേശുവായ്‌ത്തീരാൻ അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലാണ് ജനിക്കേണ്ടത്, കാലിത്തൊഴുത്തിൽ പ്രതിമ ഉണ്ണിയായല്ല...

ക്രിസ്തുമസ് - നവവത്സര ആശംസകൾ!

 

No comments: