[ഒരു സാമാന്യന്റെ ആത്മകഥ...
Saint Paul VI loved to quote the words of Terence: "I am a man: I regard nothiing human as alien to me." (p.206 of 'Hope', The Autobiography of Pope Francis, Penguin/Viking, UK, 2025)
ആലുവയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വായിച്ച, എന്നെ ഏറെ സ്വാധീനിച്ച ഒരു പുസ്തകമാണ്, J.A.T Robinson - ന്റെ 'Honest to God'.
അതിനും മുൻപ്, പ്രീഡിഗ്രി പഠനകാലത്ത് എന്നന്നത്തേക്കുമായി ഒരു പ്രയോഗം ഫാ. മാത്യു കുഴിവേലിൽ SJ പറഞ്ഞു തന്നിരുന്നു, 'Authenticity'.
ഇവയോട് ഒരു ഒത്തുതീർപ്പിനും, ഇന്നുവരെ ശ്രമിച്ചിട്ടില്ല.
എന്നാൽ, പഠന, പരിശീലന കാലത്തും പിന്നീട് ശുശ്രൂഷ രംഗത്തും, ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നുപോലും, ഇവയ്ക്ക് കാര്യമായ ഒരു പരിഗണനയും കൊടുത്തു കണ്ടിട്ടില്ല.
ഈയടുത്ത ദിവസം മാത്രമാണ് ഭാഗ്യസ്മരണാർഹാനായ ഫ്രാൻസിസ് പാപ്പായുടെ ആത്മകഥ 'Hope' വായിച്ചു തീർത്തു എന്നുമാത്രമല്ല ഒന്നിലും തളരാത്ത പ്രത്യാശ വേണം എന്ന് മനസ്സിലാ യിത്തുടങ്ങിയത്.
ഈ പശ്ചാത്തലത്തിൽ, 'ഇനി വേണ്ട' എന്നു വച്ച ഇടവക (പൂജാരി) ശുശ്രൂഷ ഏറ്റെടുത്ത സാഹചര്യത്തിൽ ഒരു സാധാരണക്കാരനായ എന്റെയും ജീവിതം, ഞാനുമായി ബന്ധപ്പെട്ട മറ്റേതൊരു വ്യക്തിക്കും ദോഷം സംഭവിക്കാത്ത വിധം സത്യസന്ധമായി കുറിച്ചു തുടങ്ങാമെന്ന് ആഗ്രഹിച്ചത്...]
'സ്വയം അറിയുക' എന്നതാണ് അറിവിന്റെ പാരമ്യം എന്ന് കേട്ടിട്ടുണ്ട് . 'അഹം ബ്രഹ്‌മാസ്‌മി' അതായത് 'ഞാൻ ബ്രഹ്മം' എന്ന അദ്വൈത ബോധംകൂടി ഇതിനെ സാധൂകരിക്കുന്നുണ്ട് .
അറിവ് ശക്തിയെന്നാണ് പറയപ്പെടുന്നത്. ഈ അറിവ് മറ്റുള്ളതിനെക്കുറിച്ചു, മറ്റുള്ളവരെക്കുറിച്ചുമൊക്കെയാണ്! സ്വയം അറിയുന്നവർ, അറിയാൻ ശ്രമിക്കുന്നവർ തുലോം വിരളമാണ്. അവർപോലും, തങ്ങളെ മറ്റുള്ളവർ എത്രയും നന്നായി, ഭംഗിയായേ അറിയാവൂ എന്ന് നിര്ബന്ധമുള്ളവരും. അതുകൊണ്ട്, പലരും, വിശേഷിച്ചും പൊതു പ്രവർത്തകർ, അതിൽ പ്രത്യേകിച്ച് മത - ആദ്ധ്യാത്‌മിക രംഗത്തുള്ളവർ, പലതും മൂടി വയ്ക്കുന്നതിനുപുറമെ ഛായം പൂശാൻ ശ്രമിക്കുന്നവരുമാണ്.
എന്നാൽ സത്യം എന്നെങ്കിലും ഒരുനാൾ പുറത്തുവരും, വരാതിരിക്കാനാവില്ല അതിന്. 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പാറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിൻ മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവര്ക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.' (മത്തായി 5:14-16).
വിശുദ്ധി, നിഷ്കളങ്കത എന്നിവ സുതാര്യമാണ്, ആവണം. സപ്തതി കഴിഞ്ഞ ഒരുവൻ എന്ന നിലയ്ക്ക്, ഞാൻ എന്നെ അറിയുവാൻ എന്നിലേക്ക് തിരിയുകയാണ്... ആ അറിവ് നിങ്ങളുമായി സുതാര്യമായി പങ്കുവയ്ക്കാൻ ശ്രമിക്കുയാണ്...
ഓർമ്മകൾ എഴുപതുകളുടെ തുടക്കത്തിലേക്ക് പോവുകയാണ്... വൈദീക പരിശീലനത്തിന്റെ ഭാഗമായ പ്രീഡിഗ്രി പഠനം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ, താമസം സെന്റ് ആൻഡ്രൂസ് ഇടവക പള്ളി മേടയിലും. അവിടെ പ്രതിമാസ അർദ്ധദിന ധ്യാനത്തിന്റെ ഭാഗമായി ഒരിക്കൽ ഫാ. മാത്യു കുഴിവേലിൽ എസ് ജെ ധ്യാനിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് പിന്നെ എന്നത്തേക്കുമായി എന്നെ വല്ലാതെ സ്വാധീനിച്ചു, അത് മറ്റൊന്നുമല്ല, 'authentic' എന്ന അടിസ്ഥാന അവസ്ഥതന്നെ. അതിന്റെ അർഥം 'സത്യസന്ധത, ആധികാരികത, വിശ്വസനീയത' എന്നൊക്കെയാണ്.
പിന്നീട്, ആലുവാ സെമിനാരിയിൽ പഠിക്കുമ്പോൾ വായിച്ച, J.A.T Robinson- ന്റെ 'Honest to God' എന്ന പുസ്തകവും ആ അടിസ്ഥാന അവസ്ഥയിൽ എന്നെ സ്ഥിരീകരിച്ചു. ഈ മനോഭാവത്തോടെയാണ്, നിലപാടോടെയാണ് എന്നിലേക്ക് ഞാൻ കടക്കുന്നത്, എന്നെക്കണ്ടത്തുവാൻ... ആ കണ്ടെത്തലുകളെ, തിരിച്ചറിവുകളെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.
ഇന്ന്, ഞാൻ അറിയപ്പെടുന്നത് ഒരു 'വൈദീക'നായിട്ടാണ്. ഇതൊരു പൂജാരി എന്ന നിലയ്ക്കുപരി ഒരു ശുശ്രൂഷകനായിട്ടാണ് എന്നെ ഞാൻ കാണുവാൻ, അവതരിപ്പിക്കുവാൻ, ജീവിക്കുവാൻ ആഗ്രഹിക്കുന്നത്, ശ്രമിക്കുന്നത്. യേശുവിന്റെ പ്രബോധനങ്ങളിൽ കൂടുതൽ ആധികാരികമായ ഒന്നായി ബുൾറ്റ്മാൻ എന്ന ബൈബിൾ പണ്ഡിതൻ പറയുന്ന വാക്യമിതാണ്: 'മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ.' (മർക്കോസ് 10:45). യേശു വീണ്ടും പറയുന്നു, 'നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.' (യോഹന്നാൻ 13:14). ഇതുകൊണ്ടായിരിക്കണം, കത്തോലിക്കാ സഭാ തലവൻ സ്വയം 'servus servorum Dei' (servant of the servants of God), അതായത്, ദാസന്മാരുടെ ദാസൻ എന്നാണ് വിശേഷിപ്പിക്കുന്നത്. [എങ്കിലും, യേശു നമ്മെ 'ദാസന്മാരെന്നല്ല, 'സ്നേഹിതന്മാർ' എന്നു വിളിച്ചു. (യോഹന്നാൻ 15:15).] അതുകൊണ്ടുതന്നെ 'യജമാനത്വം, അധികാരം' എന്നിവ തീർത്തും പാടില്ല എന്ന് പഠിപ്പിച്ചു (മർക്കോസ് 10:42), ശ്രേണിവൽക്കരണവും.
എന്റെ ബാല്യത്തിൽ നിന്നു തുടങ്ങാട്ടെ. ഞാൻ ജനിച്ചത്, താമ്രപരണി ആറ് (കുഴിത്തുറ ആറ്) അറബിക്കടലിൽ സംഗമിക്കുന്ന അതിസുന്ദരമായ ഇരയുമൻതുറ എന്ന കടലോര ഗ്രാമത്തിലാണ്. അന്നിത് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഒരുപക്ഷെ, മലയാള താരാട്ടു പാട്ടിന്റെ കവി ഇരയിമ്മൻ തമ്പിയുടെ ഓർമ്മയ്ക്കായിട്ടുകൂടിയാവണം ഈ പേരും.
തമിഴ് എന്റെ 'മാതൃ' ഭാഷയാണ്, അതിലുപരി വൈകാരിക ഭാഷയും. എന്നാൽ ഞാൻ ആദ്യം എഴുതിയും വായിച്ചും തുടങ്ങിയത് മലയാളത്തിലും, കാരണം എന്റെ ചേച്ചി പഠിച്ചിരുന്നത് മലയാള ക്ലാസ്സിലായതുകൊണ്ടും എന്റെ അച്ഛൻ പഠിച്ചത് മലയാളമായതുകൊണ്ടും എന്റെ അമ്മ കേരളത്തിന്റെ ഭാഗമായ പൊഴിയൂരിൽനിന്നു മായതുമൊക്കെ ക്കൊണ്ടുമാവാം.
1976 മുതൽ ഞാൻ എഴുതിത്തുടങ്ങിയ തമിഴ് കവിതകളിൽ ഒരെഴുപതെണ്ണം സമാഹരിച്ചു 'ഉൻ സന്നിധിയിൽ' എന്ന പേരിൽ ഇക്കഴിഞ്ഞ മെയ് മാസം പത്താം തിയതി പ്രസിദ്ധീകരിച്ചപ്പോൾ, മലയാളത്തിൽ എന്തേ ഒന്നും എഴുതുകയോ (!) പ്രസിദ്ധീകരിക്കുകയോ (!) ചെയ്യാത്തത് എന്ന ചോദ്യത്തിന് ഉത്തരമായിട്ടുകൂടി ഇപ്പോൾ ഈ 'ആത്മ കഥ' മലയാളത്തിൽ എഴുതുകയാണ്.
അമ്മയുടെ ആദ്യത്തെ കുഞ്ഞു (മകൻ) ശൈശവത്തിൽത്തന്നെ മരണപ്പെടുകയും പിന്നെ കുറേക്കാലത്തേയ്ക്ക് മക്കളില്ലാതിരിക്കയും ചെയ്ത സാഹചര്യത്തിൽ വല്യമ്മയുടെ മകളെ 'അമ്മ എടുത്തുവളർത്തി. അവരാണ് എന്റെ ചേച്ചി. പിന്നെ ഏഴു വർഷങ്ങൾക്കിപ്പുറമാണ് ഞാൻ ജനിച്ചത്. ശേഷം എനിക്കൊരു അനിയനും അനിയത്തിയും ജനിച്ചു.
ഞാൻ ജനിച്ച അടുത്ത വർഷമാണ് ഞങ്ങളുടെ പ്രദേശം, ഇന്നത്തെ കന്യാകുമാരി ജില്ലാ ഭാഷാടിസ്ഥാനത്തിൽ മദ്രാസ് സംസ്ഥാനത്തോട്, ഇപ്പോഴത്തെ തമിഴ്‌നാട്, ചേർക്കപ്പെട്ടത്. അങ്ങനെ ഞാൻ ഞങ്ങളുടെ സർക്കാർ പള്ളിക്കൂടത്തിലെ ആദ്യ തമിഴ് ക്ലാസ്സിലെ വിദ്യാർത്ഥിയുമായി. തുടർന്നുള്ള കാലം ദ്രാവിഡ (തമിഴ്) പ്രക്ഷോപത്തിന്റെ, യുക്തിചിന്തയുടെ, തമിഴ് സ്വാഭിമാനത്തിന്റെതൊക്കെയായിരുന്നു. എന്റെ അച്ഛൻ അറിയപ്പെട്ട ഒരു സംഗീതജ്ഞൻ, പ്രൊഫഷണൽ നാടക നടൻ, മുൻകാല ബ്രിട്ടീഷ് പട്ടാളക്കാരൻ എന്നിവയ്ക്ക് പുറമെ തികഞ്ഞ ഒരു ദ്രാവിഡ പ്രസ്ഥാനക്കാരനുമായിരുന്നു. അമ്മ നിരക്ഷരയാണെങ്കിലും നന്മയുടെ, ഉത്തരവാദിത്വത്തിന്റെ പ്രതീകമായിരുന്നു.
എന്റെ ഓർമ്മയിൽ അച്ഛന് ചമ്പക്കച്ചവടമായിരുന്നു. കൊഞ്ച് കയറ്റുമതി തുടങ്ങിയ കാലമായതിനാൽ അതിൽ ഒരുതരം കുത്തക ആ പ്രദേശത്ത് അച്ഛനുണ്ടായിരുന്നു. അന്ന് അതിന്റെ ഭാഗമായി തിരുവനന്തപുരം നേമത്തെ കമ്പനിയിൽ കാശ് വാങ്ങാൻ എന്നെ അയക്കുമായിരുന്നു. വലിയ സാമ്പത്തിക ഇടപാട് ആയതിനാൽ ഒരു കണക്കപ്പിള്ള ഉണ്ടായിരുന്നു. ഒരിക്കൽ ആദ്ദേഹം വലിയൊരു തിരിമറി നടത്തിയപ്പോൾ ഞാനതിന്റെ കണക്ക് സൂക്ഷിക്കുന്ന ജോലിയും ചെയ്യേണ്ടിവന്നു. അങ്ങനെയുള്ള സമൃദ്ധിക്കൊപ്പം ദാരിദ്ര്യവും അന്യമായിരുന്നില്ല. അത്തരം സാഹചര്യങ്ങളിൽ അമ്മയുടെ കുടുംബത്തിലേക്ക്, പൊഴിയൂരിൽ എവിഎം കനാലിലൂടെയുള്ള യാത്രാ വള്ളത്തിലും, ഏകനായി കാൽനടയായിട്ടുമൊക്കെ മിക്കവാറും വാരാന്ത്യങ്ങളിൽ പോകുമായിരുന്നു. അമ്മൂമ്മയുടെ, വല്യമ്മയുടെ അടുത്താണെങ്കിലും, അത് എന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തിയിരുന്നു, അന്നേതന്നെ.
ഹൈ സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലുണ്ടായ ഒരു ഗുരുതരമായ വഴക്കിൽ അച്ഛനുൾപ്പെടെ പലരും പ്രതികളായപ്പോൾ അച്ഛൻ നേരത്തെ ഉപേക്ഷിച്ച മൽസ്യബന്ധനം, യന്ത്രവത്കൃത രീതിയിൽ കൊല്ലം ശക്തികുളങ്ങരയിൽ വീണ്ടും അവലംബിച്ചു. അങ്ങനെ ചെറുപ്പം മുതലേ കൊല്ലവും എനിക്ക് പരിചിതമായി.