Wednesday, June 4, 2025

എന്നിലേക്ക്...

[ഒരു സാമാന്യന്റെ ആത്മകഥ...

Saint Paul VI loved to quote the words of Terence: "I am a man: I regard nothiing human as alien to me." (p.206 of 'Hope', The Autobiography of Pope Francis, Penguin/Viking, UK, 2025)

ആലുവയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വായിച്ച, എന്നെ ഏറെ സ്വാധീനിച്ച ഒരു പുസ്തകമാണ്, J.A.T Robinson - ന്റെ 'Honest to God'. 

അതിനും മുൻപ്, പ്രീഡിഗ്രി പഠനകാലത്ത് എന്നന്നത്തേക്കുമായി ഒരു വാക്ക്/ ആശയം  ഫാ. മാത്യു കുഴിവേലിൽ SJ പറഞ്ഞു തന്നിരുന്നു, 'Authenticity'. 

ഇവയോട് ഒരു ഒത്തുതീർപ്പിനും, ഇന്നേവരെ ശ്രമിച്ചിട്ടില്ല.

എന്നാൽ, പഠന, പരിശീലന കാലത്തും പിന്നീട് ശുശ്രൂഷ രംഗത്തും, ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നുപോലും, ഇവയ്ക്ക് ആരും കാര്യമായ ഒരു പരിഗണനയും കൊടുത്തു കണ്ടിട്ടില്ല. 

ഈയടുത്ത ദിവസം മാത്രമാണ് ഭാഗ്യസ്മരണാർഹാനായ ഫ്രാൻസിസ് പാപ്പായുടെ ആത്മകഥ 'Hope' വായിച്ചു തീർത്തു എന്നുമാത്രമല്ല, അതിലൂടെ  ഒന്നിലും തളരാത്ത പ്രത്യാശ വേണം എന്ന കാര്യം ഉൾക്കൊള്ളുവാൻ കഴിഞ്ഞത്.

ഈ പശ്ചാത്തലത്തിൽ, 'ഇനി വേണ്ട' എന്നാഗ്രഹിച്ച ഇടവക (പൂജാരി) ശുശ്രൂഷ ഏറ്റെടുത്ത സാഹചര്യത്തിൽ ഒരു സാധാരണക്കാരനായ എന്റെയും ജീവിതം, ഞാനുമായി ബന്ധപ്പെട്ട മറ്റേതൊരു വ്യക്തിക്കും ദോഷം സംഭവിക്കാത്ത വിധം സത്യസന്ധമായി കുറിച്ചു തുടങ്ങാമെന്ന് ആഗ്രഹിച്ചത്...]


'സ്വയം അറിയുക' എന്നതാണ് അറിവിന്റെ പാരമ്യം എന്ന് കേട്ടിട്ടുണ്ട് .  'അഹം ബ്രഹ്‌മാസ്‌മി' അതായത് 'ഞാൻ ബ്രഹ്മം' എന്ന അദ്വൈത ബോധംകൂടി ഇതിനെ സാധൂകരിക്കുന്നുണ്ട് . 

അറിവ് ശക്തിയാണെന്ന് എനിക്കും ബോധ്യമുണ്ട്. ഈ അറിവ് മറ്റുള്ളവയെ ക്കുറിച്ചു, മറ്റുള്ളവരെക്കുറിച്ചുമൊക്കെയാണ്! സ്വയം അറിയുന്നവർ, അറിയാൻ ശ്രമിക്കുന്നവർ തുലോം വിരളമാണ്. അവർപോലും, തങ്ങളെ മറ്റുള്ളവർ എത്രയും നന്നായി, ഭംഗിയായേ അറിയാവൂ എന്ന് നിര്ബന്ധമുള്ളവരും. അതുകൊണ്ട്, പലരും, വിശേഷിച്ചും പൊതു പ്രവർത്തകർ, അതിൽ പ്രത്യേകിച്ച് മത - ആദ്ധ്യാത്‌മിക രംഗത്തുള്ളവർ, പലതും മൂടി വയ്ക്കുന്നതിനുപുറമെ ഛായം പൂശാൻ ശ്രമിക്കുന്നവരുമാണ്. 

എന്നാൽ സത്യം എന്നെങ്കിലും ഒരുനാൾ പുറത്തുവരും, വരാതിരിക്കാനാവില്ല അതിന്. 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പാറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിൻ മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവര്ക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.' (മത്തായി 5:14-16). 


വിശുദ്ധി, നിഷ്കളങ്കത എന്നിവ സുതാര്യമാണ്, ആവണം. സപ്തതി കഴിഞ്ഞ ഒരുവൻ എന്ന നിലയ്ക്ക്, ഞാൻ എന്നെ അറിയുവാൻ എന്നിലേക്ക് തിരിയുകയാണ്... ആ അറിവ് നിങ്ങളുമായി സുതാര്യമായി പങ്കുവയ്ക്കാൻ ശ്രമിക്കുയാണ്... 

ഓർമ്മകൾ എഴുപതുകളുടെ തുടക്കത്തിലേക്ക് പോവുകയാണ്... വൈദീക പരിശീലനത്തിന്റെ ഭാഗമായ പ്രീഡിഗ്രി പഠനം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ, താമസം സെന്റ് ആൻഡ്രൂസ് ഇടവക പള്ളി മേടയിലും. അവിടെ പ്രതിമാസ അർദ്ധദിന ധ്യാനത്തിന്റെ ഭാഗമായി ഒരിക്കൽ ഫാ. മാത്യു കുഴിവേലിൽ എസ് ജെ ധ്യാനിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് പിന്നെ എന്നത്തേക്കുമായി എന്നെ, എൻറെ ജീവിതത്തെ സാരമായി ,  സമൂലമായി  സ്വാധീനിച്ചു, അത് മറ്റൊന്നുമല്ല, 'authentic' എന്ന അടിസ്ഥാന അവസ്ഥതന്നെ. അതിന്റെ അർഥം 'സത്യസന്ധത, ആധികാരികത, വിശ്വസനീയത' എന്നൊക്കെയാണ്. 

പിന്നീട്, ആലുവാ സെമിനാരിയിൽ പഠിക്കുമ്പോൾ വായിച്ച, J.A.T Robinson- ന്റെ  'Honest to God' എന്ന പുസ്തകവും ആ അടിസ്ഥാന അവസ്ഥയിൽ എന്നെ സ്ഥിരീകരിച്ചു. ഈ മനോഭാവത്തോടെയാണ്, നിലപാടോടെയാണ് എന്നിലേക്ക് ഞാൻ കടക്കുന്നത്, എന്നെക്കണ്ടത്തുവാൻ... ആ കണ്ടെത്തലുകളെ, തിരിച്ചറിവുകളെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

ഇന്ന്, ഞാൻ അറിയപ്പെടുന്നത് ഒരു 'വൈദീക'നായിട്ടാണ്. ഇത് ഒരു പൂജാരി എന്നതിലുപരി ഒരു ശുശ്രൂഷകൻ എന്ന് കാണുവാൻ, ജീവിക്കുവാൻ ആഗ്രഹിക്കുന്നത്, ശ്രമിക്കുന്നത്. യേശുവിന്റെ പ്രബോധനങ്ങളിൽ  ആധികാരികമായ ഒന്നായി ബുൾട്ട്മാൻ എന്ന ബൈബിൾ പണ്ഡിതൻ പറയുന്ന വാക്കുകൾ ഇവയാണ്: 'മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ.' (മർക്കോസ് 10:45). യേശു വീണ്ടും പറയുന്നു, 'നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.' (യോഹന്നാൻ 13:14). ഇതുകൊണ്ടായിരിക്കണം, കത്തോലിക്കാ സഭാ തലവൻ സ്വയം 'servus servorum Dei' (servant of the servants of God), അതായത്, ദാസന്മാരുടെ ദാസൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. [എങ്കിലും, യേശു നമ്മെ 'ദാസന്മാരെന്നല്ല, 'സ്നേഹിതന്മാർ' എന്നു വിളിച്ചു. (യോഹന്നാൻ 15:15).] അതുകൊണ്ടുതന്നെ 'യജമാനത്വം, അധികാരം' എന്നിവ തീർത്തും പാടില്ല എന്ന് പഠിപ്പിച്ചു (മർക്കോസ് 10:42), ശ്രേണിവൽക്കരണവും. 


എന്റെ ബാല്യത്തിൽ നിന്നു തുടങ്ങാട്ടെ. ഞാൻ ജനിച്ചത്, താമ്രപരണി ആറ് (കുഴിത്തുറ ആറ്) അറബിക്കടലിൽ സംഗമിക്കുന്ന സുന്ദരമായ  ഇരയുമൻതുറ എന്ന കടലോര ഗ്രാമത്തിലാണ്. അന്നിത് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഒരുപക്ഷെ, മലയാള താരാട്ടു പാട്ടിന്റെ കവി ഇരയിമ്മൻ തമ്പിയെ അനുസ്മരിക്കാൻ അനുമോദിക്കാൻ കൂടിയാവണം ഈ പേരും. 

തമിഴ് എന്റെ 'മാതൃ' ഭാഷയാണ്, അതിലുപരി വൈകാരിക ഭാഷയും. എന്നാൽ ഞാൻ ആദ്യം വായിച്ചും എഴുതിയും തുടങ്ങിയത് മലയാളത്തിലും, കാരണം എന്റെ ചേച്ചി പഠിച്ചിരുന്നത് മലയാള ക്ലാസ്സിലായതുകൊണ്ടും എന്റെ അച്ഛൻ പഠിച്ചത് മലയാളമായതുകൊണ്ടും എന്റെ അമ്മ കേരളത്തിന്റെ ഭാഗമായ പൊഴിയൂരിൽ നിന്നുമായതുമൊക്കെക്കൊണ്ടു മാവാം. 

1976 മുതൽ ഞാൻ എഴുതിത്തുടങ്ങിയ തമിഴ് കവിതകളിൽ ഒരെഴുപതെണ്ണം സമാഹരിച്ചു 'ഉൻ സന്നിധിയിൽ' എന്ന പേരിൽ ഇക്കഴിഞ്ഞ മെയ് മാസം പത്താം തിയതി പ്രസിദ്ധീകരിച്ചപ്പോൾ, മലയാളത്തിൽ എന്തേ ഒന്നും എഴുതുകയോ (!) പ്രസിദ്ധീകരിക്കുകയോ (!) ചെയ്യാത്തത് എന്ന ചോദ്യത്തിന് ഉത്തരമായിട്ടുകൂടി  ഇപ്പോൾ ഈ 'ആത്മ കഥ' പരിമിത പരിജ്ഞാനം മാത്രമുള്ള മലയാളത്തിൽ എഴുതുകയാണ്. 

അമ്മയുടെ ആദ്യത്തെ കുഞ്ഞു (മകൻ) ശൈശവത്തിൽത്തന്നെ മരണപ്പെടുകയും പിന്നെ കുറേക്കാലത്തേയ്ക്ക് മക്കളില്ലാതിരിക്കയും ചെയ്ത സാഹചര്യത്തിൽ വല്യമ്മയുടെ മകളെ 'അമ്മ എടുത്തുവളർത്തി. അവരാണ് എന്റെ ചേച്ചി. പിന്നെ ഏഴു വർഷങ്ങൾക്കിപ്പുറമാണ് ഞാൻ ജനിച്ചത്. ശേഷം എനിക്കൊരു അനിയനും അനിയത്തിയും ജനിച്ചു. 

ഞാൻ ജനിച്ച അടുത്ത വർഷം മാത്രമാണ് ഞങ്ങളുടെ പ്രദേശം, ഇന്നത്തെ കന്യാകുമാരി ജില്ലാ ഭാഷാടിസ്ഥാനത്തിൽ മദ്രാസ് സംസ്ഥാനത്തോട്, ഇപ്പോഴത്തെ തമിഴ്‌നാട്, ചേർക്കപ്പെട്ടത്. അങ്ങനെ ഞാൻ ഞങ്ങളുടെ സർക്കാർ പള്ളിക്കൂടത്തിലെ (Govt. UPS, Poothurai) ആദ്യ തമിഴ് ക്ലാസ്സിലെ വിദ്യാർത്ഥി യുമായി. തുടർന്നുള്ള കാലം ദ്രാവിഡ (തമിഴ്) പ്രക്ഷോപത്തിന്റെ, യുക്തിചിന്തയുടെ, തമിഴ് സ്വാഭിമാനത്തിന്റെതൊക്കെയായിരുന്നു. എന്റെ അച്ഛൻ അറിയപ്പെട്ട ഒരു സംഗീതജ്ഞൻ, പ്രൊഫഷണൽ നാടക നടൻ, മുൻകാല ബ്രിട്ടീഷ് പട്ടാളക്കാരൻ എന്നിവയ്ക്ക് പുറമെ തികഞ്ഞ ഒരു ദ്രാവിഡ പ്രസ്ഥാനക്കാരനുമായിരുന്നു. അമ്മ നിരക്ഷരയെങ്കിലും നന്മയുടെ, ഉത്തരവാദിത്വത്തിന്റെ  പ്രതീകമായിരുന്നു. 

എന്റെ ഓർമ്മയിൽ അച്ഛന് ചമ്പക്കച്ചവടമായിരുന്നു. കൊഞ്ച് കയറ്റുമതി തുടങ്ങിയ കാലമായതിനാൽ അതിൽ ഒരുതരം കുത്തക ആ പ്രദേശത്ത് അച്ഛനുണ്ടായിരുന്നു. അന്ന് അതിന്റെ ഭാഗമായി തിരുവനന്തപുരം നേമത്തെ കമ്പനിയിൽ കാശ് വാങ്ങാൻ എന്നെ അയക്കുമായിരുന്നു. വലിയ സാമ്പത്തിക ഇടപാട് ആയതിനാൽ ഒരു കണക്കപ്പിള്ള ഉണ്ടായിരുന്നു. ഒരിക്കൽ ആദ്ദേഹം വലിയൊരു തിരിമറി നടത്തിയപ്പോൾ ഞാനതിന്റെ കണക്ക് സൂക്ഷിക്കുന്ന ജോലിയും ചെയ്യേണ്ടിവന്നു.  അങ്ങനെയുള്ള സമൃദ്ധിക്കൊപ്പം അച്ഛന്റെ നിരുത്തരവാദ ഉല്ലാസ ജീവിത ശൈലികളാൽ ദാരിദ്ര്യവും അന്യമായിരുന്നില്ല. അത്തരം സാഹചര്യങ്ങളിൽ അമ്മയുടെ കുടുംബത്തിലേക്ക്, പൊഴിയൂരിലേക്ക് (എവിഎം കനാലിലൂടെ വള്ളത്തിലും, ഏകനായി കാൽനടയായിട്ടുമൊക്കെ) മിക്കവാറും വാരാന്ത്യങ്ങളിൽ പോകുമായിരുന്നു. അമ്മൂമ്മയുടെ, വല്യമ്മയുടെ അടുത്താണെങ്കിലും, അത് എന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്താതിരുന്നില്ല, അന്നേതന്നെ.

ഹൈ സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലുണ്ടായ ഒരു വഴക്കിൽ ഗുരുതരമായ അക്രമ പ്രത്യാക്രമങ്ങളിൽ  അച്ഛനുൾപ്പെടെ പലരും പ്രതികളായപ്പോൾ അച്ഛൻ നേരത്തെ ഉപേക്ഷിച്ച മൽസ്യബന്ധനം, ഈ സമയത്ത് യന്ത്രവത്കൃത രീതിയിൽ കൊല്ലം ശക്തികുളങ്ങരയിൽ വീണ്ടും തുടരേണ്ടിവന്നു. അങ്ങനെ ചെറുപ്പം മുതലേ കൊല്ലവും എനിക്ക് പരിചിത മേഖലയായി.  

ഈ സമയത്താണ് ഞാൻ എസ് എസ് എൽ സി (പതിനൊന്നാം ക്ലാസ്)  ജയിക്കുന്നത്. ബാല്യ കൗമാരങ്ങളിൽ പള്ളിയുമായും, പിന്നീട് അൾത്താര ബാലനായി ശുശ്രൂഷ ചെയ്തതുകാരണം ഇടവക വികാരിയുമായി അടുപ്പമുണ്ടായിരുന്നതിനാലും, ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ സമ്പന്നയായ ഒരു ആന്റി എന്നെയും അമ്മയെയും പ്രേരിപ്പിചെയ്തുകൊണ്ടുമൊക്കെ സെമിനാരിയിൽ ചേരാൻ ഒരുങ്ങി. അച്ഛന്റെ എതിർപ്പിനെ പ്രസ്തുത ആന്റി പറഞ്ഞു മനസ്സിലാക്കിച്ചു എന്നെ തിരുവനന്തപുത്തെ  മെത്രാസന മന്ദിരത്തിൽ തെരഞ്ഞെടുപ്പിന് അയച്ചു. ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. 

പിതൃതുല്യനായ ഗബ്രിയേൽ അച്ഛനും സൗമ്യനായ മാർട്ടിൻ അച്ഛനും യുവ വൈദീകൻ സൂസപാക്യം അച്ഛനുമൊക്കെ നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ചു.  തിരുവനന്തപുരം പാളയത്തെ സെൻറ് വിൻസെന്റ്സ് മൈനർ സെമിനാരിയിലെ ഒരു വർഷത്തെ പഠനത്തിന് ശേഷം തുമ്പ സെൻറ് സേവിയേഴ്‌സ് കോളേജിൽ രണ്ടു വർഷത്തെ പ്രീ ഡിഗ്രി പഠനം സെൻറ് ആൻഡ്രൂസ് ഇടവക വൈദീക മന്ദിരത്തിൽ താമസിച്ചു  പൂർത്തിയാക്കി. 

തുടർന്ന് ആലുവയിലെ കാർമെൽഗിരി സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. പരിശീലന കാലയളവിൽ ആത്മാഭിമാനത്തിന് ക്ഷത മേൽപ്പിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിട്ടു, ഒപ്പം സത്യസന്ധതയുടെ പേരിൽ ആരുടെ മുൻപിലും ഒരു ഒത്തുതീർപ്പിനും തയ്യാറായതുമില്ല, പരിശീലനംതന്നെ പാതിവഴിയിൽ നിർത്തേണ്ടിവരുമെന്ന സാഹചര്യത്തിൽ പോലും... ഈ കാലയളവിൽ കൂട്ടുകാട്, മുണ്ടംവേലി, കോട്ടപ്പുറം തുടങ്ങിയ ഇടവകകളിൽ അജപാലന പരിശീലനവും നേടി.... 

ദൈവശാസ്ത്ര പഠന കാലത്ത് നടന്ന അസാധാരണമായ ഒരു പ്രതിഷേധം  പരാമർശിക്കാതെ പോകാൻ പാടില്ല.  ഈ കാലയളവിൽ ഞങ്ങളുടെ വേഷം ളോഹയാണ്. ആകപ്പാടെ ഉണ്ടായിരുന്ന ലാൻഡ്  ലൈൻ ഫോണിൽ കാൾ വന്നാൽ, ഇതിന്റെ മൊത്തം ബട്ടണുമിട്ടു അവിടെ ചെല്ലുമ്പോൾ കാൾ കട്ട് ആയിരിക്കും. അതുകൊണ്ട് ഇത്തരം സമയങ്ങളിലും പിന്നെ ലൈബ്രറി രേഫെക്ടറി മുതലായ സ്ഥലങ്ങളിലും ളോഹ ഒഴിവാക്കി കിട്ടണമെന്ന ആവശ്യം ഞങ്ങളുടെ ഫാദർ പ്രീഫെക്ടിനെ അറിയിച്ചപ്പോൾ അത് നല്ല നിർദ്ദേശമാണെന്നും പരിഹരിക്കണമെന്നും പറഞ്ഞു. നാളുകൾ പലതായിട്ടും ഒരു തീരുമാനവും ഉണ്ടാകാത്തപ്പോൾ ആ വർഷത്തെ റെക്ടർസ് ഡേയിൽ കളിക്ക് മുൻപ് ചായ കുടിക്കാൻ പോകും നേരം ളോഹ ഊരി പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു പോവുകയും ചെയ്തു. അപ്രതീക്ഷിതമായി അന്ന് മെത്രാന്മാരുടെ സെമിനാരി കമ്മീഷൻ അവിടെ വരികയും ഞങ്ങളുടെ ഈ പ്രവർത്തി അവർക്കെതിരെയാണെന്നും വരുത്തിത്തീർത്തു. അതിന്റെ പരിഹാരമെന്ന നിലയിൽ ഞങ്ങൾ മൊത്തം നാല്പതിലധികം പേരെ പിരിച്ചുവിടാനും ഉത്തരവായി. എന്നാൽ നല്ലവനായ ആ റെക്ടർ ഞങ്ങൾക്കുവേണ്ടി ആ തീരുമാനം മാറ്റാൻ അവരുടെ കാലു പിടിക്കേണ്ടി വന്നു. എങ്കിലും അവർ ഞങ്ങളുടെ ക്ലാസ് റെപ്രെസെന്ററ്റീവിനെ ബലിയാടാക്കി ബാക്കിയുള്ളവരെ മോചിപ്പിച്ചു. അദ്ദേഹം ഇന്ന് 'ദി ഹിന്ദു' പത്രത്തിന്റെ പത്രാധിപ ദൗത്യത്തിൽ നിന്ന് വിരമിച്ചു പല കോളേജുകളിലും ജേർണലിസം അധ്യാപകനായി ജോലി തുടരുകയാണ്. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന രൂപതാംഗം ഇപ്പോൾ ആ രൂപതയുടെ മെത്രാനുമായി! മറ്റൊരു സഹപാഠി മറ്റൊരു രൂപതയുടെ മെത്രാനുമാണ്. ഞങ്ങളെ പഠിപ്പിച്ചവരിലും മൂന്നു പേര് മെത്രാന്മാരായി. 

ഈ കാലഘട്ടത്തിൽ തന്നെ ഞങ്ങളുടെ രൂപതാ മെത്രാൻ പീറ്റർ ബെർണാഡ് പെരേര മരണപ്പെടുകയും ക്യാപ്പുച്ചിൻ സഭാംഗം ജേക്കബ് അച്ചാരുപറമ്പിൽ ഇവിടെ മെത്രാനായി. അദ്ദേഹമാണ് എന്നെ 22.12.1980-ൽ ഞങ്ങളുടെ ഇടവക, ഇരയുൻതുറ പള്ളിയിൽ വച്ച് അഭിഷേകം ചെയ്ത് വൈദീകനാക്കിയത്. അന്ന് വചന പ്രഘോഷണം നടത്തിയത് ഫാ. സൂസപാക്യമാണ്. 

ഇന്നുള്ളതുപോലെ ഇത്തരം അവസരത്തിനായി പ്രത്യേക ദിവ്യബലി വസ്ത്രങ്ങളോ മറ്റോ ഞാൻ വാങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു, അങ്ങനെ വാങ്ങിയുമില്ല. അതുകൊണ്ട് ഫാ. റൂഫസ് അദ്ദേഹത്തിന്റെതന്നെ അൽബും കാർമൽ കോൺവെന്റിൽ നിന്ന് ലളിത സുന്ദരമായ ഒരു ദിവ്യബലി വസ്ത്രവും  സംഘടിപ്പിച്ചു തന്നു. 

ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നെതെർലാൻഡിൽ നിന്നും 80 വയസ്സുള്ള എൻ്റെ ബെനഫാക്ടർ, മമ്മി മെന്റിങ് പോൾമാനും അവരുടെ മരുമകൻ ബെർട്ടസം വന്നിരുന്നു. പഠിക്കുമ്പോഴാകട്ടെ, ഇപ്പോൾ വന്നപ്പോഴാകട്ടെ, പരാമർശിക്കാൻ ഭാഗമുള്ള സാമ്പത്തിക സഹായം അവർ ചെയ്തില്ല. 

പിന്നീട് എൻ്റെ രണ്ടാമത്തെ ഇടവക, ഏതാണ്ട് 10 കിലോ മീറ്റർ ചുറ്റളവിലുള്ള 4 ഉപ ഇടവകകളുള്ള ഒരു മിഷൻ പ്രദേശമായ കീഴാരൂറിൽ ഒരു മോട്ടോർ സൈക്കിൾ വാങ്ങാൻ 12000/- രൂപ ഞങ്ങളുടെ രൂപത വഴി അയച്ചു തന്നു. അതുകൊണ്ട് ഒരു രാജ് ദൂത് മോട്ടോർ സൈക്കിൾ വാങ്ങി. അവിടെനിന്നും ചിനത്തുറയിലേക്ക് സ്ഥലം മാറ്റിയപ്പോൾ, അവിടെ രണ്ടു സ്ഥലങ്ങളിൽ കൃഷി ചെയ്യുവാൻ കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാൻ വേണ്ടി ആ മോട്ടോർ സൈക്കിൾ വിൽക്കേണ്ടി വന്നു. 

23.12.1980, അഭിഷേകത്തിൻ്റെ അടുത്ത ദിവസം തന്നെ അഞ്ചുതെങ്ങ് ഇടവകയിലെ വികാരി ഫാ. തോമസ് പെരേരയെ സഹായിക്കാൻ നിയോഗിക്കപ്പെട്ടു. അവിടെ ചെന്നപ്പോൾ, അടുത്തുള്ള താഴംപള്ളി-അരയതുരുത്തി ഇടവകകളുടെ വികാരി ഫാ.ലോറൻസ് പോൾ പള്ളിത്തുറ ഇടവകയിലെ സംഘർഷവും തുടർന്നുള്ള പോലീസ് ഇടപെടലുകളും കൈകാര്യം ചെയ്യാൻ പോകേണ്ടി വന്നതുകൊണ്ട്  അവയുടെ ചുമതലയും വഹിക്കേണ്ടി വന്നു. അവിടെ വഞ്ചിയിലാണ് (കൊതുമ്പു വള്ളം) പോയിക്കൊണ്ടിരുന്നത്‌. 

1981 ഫെബ്രുവരി 16-ആം തിയതി തൊട്ടടുത്ത ഇടവകയായ പൂത്തുറയിലേക്ക് നിയമിതനായി. ഇവിടെ ഫാ.തോമസ് കോച്ചേരിയും സംഘവും (ജെയിംസ് ചക്കാലക്കൽ, മാത്യു ഊട്ടുക്കുളം) അവിടെ തൊഴിൽ  മേഖലയിൽ അവർ കണ്ട ചൂഷണങ്ങളെ പ്രതിരോധിക്കാൻ തൊഴിലാളികളെ ശാക്തീകരിക്കാൻ വിമോചന ദൈവശാസ്ത്ര ചായ്‌വുള്ള വ്യത്യസ്തമായ ശുശ്രൂഷ അവിടെ പരിചിതമായിരുന്നു. യുവതയെ പ്രബുദ്ധമാക്കാൻ ഒരു വായനാ ശാലയും ബാലികാ ബാലന്മാരെ ഇത്തരം ചിന്തയിലേക്കും സംസ്കാരത്തിലേക്കും വളർത്തിയെടുക്കാൻ തക്കവണ്ണം ഒരു ബാലവാടിയും ഉണ്ടായിരുന്നു. കൂടാതെ, മനുഷ്യാവതാരത്തിൻ്റെ ചുവടു പിടിച്ചു, അവിടുത്തെ സ്ത്രീകളെപ്പോലെ, അതേ സാഹചര്യങ്ങളിൽ ജീവിച്ച്‌ അവർക്ക് പ്രചോദനവും മാതൃകയും നൽകാൻ മെഡിക്കൽ മിഷൻ സഹോദരിമാരുടെ ഒരു സമൂഹവും അവിടെ ഉണ്ടായിരുന്നു. വിമോചന ദൈവശാസ്ത്ര ചിന്തകളിൽ ആകൃഷ്ടനായ എന്റെയും സ്വപ്നം ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ തന്നെയായിരുന്നു.  അങ്ങനെ പ്രതീക്ഷയോടെ തുടങ്ങിയ ശുശ്രൂഷ വെല്ലുവിളികൾ ഉയർത്താതിരുന്നില്ല. അതിൽ തുടക്കക്കാരനായ എന്നെ പിടിച്ചുലച്ചത് 1982 മെയ് 2-നുണ്ടായ ഒരു പോലീസ് വെടിവയ്പ്പും അതിൽ, നിസ്സഹായനായ എൻ്റെ മുന്നിലുണ്ടായിരുന്ന ഗിൽബെർട്ടിൻ്റെ വെടിയേറ്റുള്ള മരണവും

ഇതുമായി ബന്ധപ്പെട്ട് കളക്ടർ ഉൾപ്പെടെയുള്ളവരെ അറിയിക്കുന്ന കൂട്ടത്തിൽ മുൻ വികാരിയും സാമൂഹിക പരിഷ്കർത്താവുമായ ഫാ. തോമസ് കൊച്ചേരിയെയും അറിയിച്ചു. അങ്ങനെ, അവിടേക്ക് വന്നുകൊണ്ടിരുന്ന അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത് വഴിത്തിരിവായി, അതായത് കൊല്ലപ്പെട്ട ഗിൽബെർട്ട്  വിസ്മരിക്കപ്പെടുകയും കോച്ചേരിയുടെ അറസ്റ്റ് വിവാദമാവുകയും അദ്ദേഹത്തിന്റെ ജയിൽ മോചനത്തെച്ചൊല്ലി സമരമുഖം തുറക്കപ്പെടുകയും ചെയ്തു. അങ്ങനെ, പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ വിക്ഷേപണത്തറയായി ആ സംഭവികാസങ്ങൾ. തുടർന്ന് പോലീസ് വെടിവയ്പ്പിനെ അന്വേഷിക്കാൻ സർക്കാർ പതിവ് വഴിപാട് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. 

ഒടുവിൽ, ജൂലൈ അവസാനം എന്നെ കീഴാരൂർ പള്ളിയിലേക്ക് മാറ്റി നിയമിച്ചു. ഇത് ഒരു ഉൾനാടൻ മിഷൻ പ്രദേശമാണ്. ഏതാണ്ട് പത്തു കിലോമീറ്റർ ചുറ്റളവിൽ അഞ്ചു പള്ളികൾ! കീഴാരൂറിന് പുറമെ, ആങ്കോട്, മാരായമുട്ടം,  മണ്ണൂർ, ഇടഞ്ഞി എന്നിവയാണ് മറ്റു പള്ളികൾ. കീഴാരൂർ ഒഴികെ ഒന്നിടവിട്ട ഞായറാഴ്ചകളിൽ മാത്രമാണ് രണ്ടു സ്ഥലങ്ങളിൽ ദിവ്യബലി അർപ്പിക്കപ്പെട്ടിരുന്നത്. 

കീഴാരൂറിൽ ഒരു കന്യാസ്ത്രീ മഠവും, ഒരു പ്രൈമറി സ്കൂളും, ഒരു തയ്യൽ പരിശീലന കേന്ദ്രവും ഉണ്ടായിരുന്നു. മാരായമുട്ടത്തുണ്ടായിരുന്ന പള്ളി മേടയിൽ ഒരു ബാലവാടി തുടങ്ങി. ഇടവകക്കാർ നിർബന്ധിച്ചതിന്റെ പേരിൽ ഒരു കുരിശടി അവിടെ പണിതു. ഇവിടെയും കീഴാരൂറും മരച്ചീനി കൃഷിയും തുടങ്ങി. 

ഇവിടെവച്ചുതന്നെ മാരായമുട്ടം ഉപദേശി ശ്രി സെൽവരാജിൽനിന്നും കളരിയും, നെല്ലിമൂട് സോമനിൽ നിന്നും തബലയും അഭ്യസിച്ചു. ഈ കാലയളവിൽ രൂപതാ വൈദീക സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി രൂപതാ സാമൂഹിക, കുടുംബ, അല്മായ ശുശ്രൂഷ കമ്മിഷനുകളിലും അംഗമായി.  





No comments: