Sunday, January 6, 2019


An Old Post:

മാവേലിനാടും ദൈവരാജ്യവും....
നമ്മുടെ ഇടവകയിലെ ശുശ്രൂഷാച്ചുമതലയേറ്റതിനുശേഷം അതിന്‍റെ വാര്‍ത്താപത്രികയിലെ വികാരിയുടെ സന്ദേശം അവസാനിപ്പിച്ചിടത്തുനിന്നും ആരംഭിക്കട്ടെ.  ‘...നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്.’ (1 പത്രോസ് 2:9a). അതെ, നിങ്ങള്‍ക്കൊപ്പം ഞാനും, പത്രോസ് പറയുന്ന സവിശേഷ അവകാശങ്ങള്‍ക്ക് കൂട്ടവകാശിയെന്നു കരുതുന്നതില്‍ പന്തികേടുണ്ടാവില്ലല്ലോ! ആ നിലയ്ക്ക് നമുക്കൊരുമിച്ച് ഈപ്പറഞ്ഞ ശ്രേഷ്ട ബഹുമതികള്‍ക്ക് അര്‍ഹരാണെന്ന് തെളിയിക്കാം, ജീവിതംകൊണ്ട്... ജീവിതയാത്രയില്‍ നമുക്ക് സഹായാത്രികരാവാം – പരസ്പരമുള്ള  കരുതലോടെ – തളരുന്നവരെ താങ്ങാം, വീഴുന്നവരെ എഴുന്നേല്‍പ്പിക്കാം, ദുര്‍ബലര്‍ക്ക്  ബലമാകാം, ദുഃഖഭാരങ്ങള്‍ പങ്കുവയ്ക്കാം, കുറവുകള്‍ നികത്താം, രോഗങ്ങളിലും വേദനകളിലും ആശ്വാസമാകാം, അവഗണനയിലും തിരസ്കരണത്തിലും  അംഗീകാരവും പ്രോത്സാഹനവുമാവുമൊക്കെയായി സംഘടിതരായി, ശക്തരായി മുന്നേറാം യേശു പ്രഖ്യാപിച്ച ദൈവരാജ്യ അനുഭവത്തിലേക്ക്...
നമ്മുടെ ഇടയില്‍ത്തന്നെയുണ്ടെന്ന്‍ അവിടുന്നു പറഞ്ഞുവച്ച ദൈവരാജ്യത്തെ കണ്ടെത്തുക, സ്വായത്തമാക്കുക അത്ര എളുപ്പമാവില്ലെന്നാണ് നാളിതുവരെയുള്ള അന്വേഷകരുടെ അനുഭവങ്ങള്‍ വ്യകതമാക്കുന്നത്. ‘വഴിയും സത്യവും ജീവനു’മായ യേശുവിനെ അനുഗമിക്കാം, അവിടുത്തേക്ക്‌ യോഗ്യരായ ശിഷ്യരാവാം. അതിനു ദൈവരാജ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകള്‍ ഉണ്ടായേപറ്റു. അത് സുവിശേഷങ്ങളില്ലാതെ മറ്റെവിടെനിന്നും ലഭ്യമാവുമെന്നു തോന്നുന്നില്ല.
യേശുവിലെ മനുഷ്യവതാരം തന്നെ ദൈവരാജ്യ പ്രഖ്യാപനത്തിനും അത് മാനവര്‍ക്ക് അവര- വരുടെ ജീവിതസാഹചര്യങ്ങളില്‍ അനുഭവവേദ്യമാക്കുന്നതിനും വേണ്ടിയായിരുന്നു. അവിടുത്തെ പ്രബോധനം ആരംഭിക്കുന്നതുതന്നെ, ‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെടുവിന്‍’ എന്ന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്. (Mt 4:17). അതിന്‍റെ  സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് അവന്‍ ഗലിലീയിലുടനീളം ചുറ്റിസഞ്ചരിച്ചത്.’ (Mt 4:23). അവന്‍റെ പ്രബോദനങ്ങളുടെ നല്ലൊരു ഭാഗം ദൈവരാജ്യത്തെ വിശദീകരിക്കുവാനുള്ള നിരവധിയായ ഉപമകളാണ്. കൂടാതെ ‘ആദ്യം നിങ്ങള്‍ ദൈവരാജ്യവും അതിലെ നീതിയും അന്വേഷിക്കുക, ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കപ്പെടും’ എന്നുകൂടി ആവശ്യപ്പെട്ടു. അതുകൊണ്ടായിരിക്കണമല്ലോ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് യേശു പഠിപ്പിച്ച ഹ്രസ്വവും ഹൃദ്യവുമായ പ്രാര്‍ഥനയിലും ‘...അങ്ങയുടെ രാജ്യം വരേണമേ...’ എന്ന്‍കൂടി  ചേര്‍ത്തത്.
ഇനി യേശുവിന്‍റെ ദൈവരാജ്യ സ്വപ്നവും ചിങ്ങപ്പിറവിയോടെ നാം തുടക്കംകുറിച്ച  മലയാളി മനസ്സിലെ ഗ്രഹാതുരതയുണര്‍ത്തുന്ന ഓണാഘോഷത്തിന്‍റെ കാതലായ  ‘മാവേലി നാട്’ സങ്കല്‍പ്പവും എത്ര സാമ്യമുള്ളവ! ‘ദരിദ്രരെ സുവിശേഷം അറിയിക്കാന്‍... ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാ പിക്കാന്‍ എന്നെ അയച്ചിരിക്കുന്നു’ എന്ന യേശു- വചനത്തിന്‍റെ പ്രതിധ്വനിയല്ലേ സഹോദരന്‍ അയ്യപ്പന്‍ രചിച്ചതെന്ന് അവകാശപ്പെടുന്ന നമ്മുടെ ഓണപ്പാട്ട്:  
മാവേലി  നാട്  വാണിടും  കാലം
മാനുഷ്യരെല്ലാരുമൊന്ന്  പോലെ
ആമോദത്തോടെ  വസിക്കും  കാലം
ആപത്തങ്ങാര്കുമൊട്ടില്ല  താനും

ആധികള്വ്യാധികള്ഒന്നുമില്ല
ബാലമരണങ്ങള് കേള്ക്കാനില്ല
ദുഷ്ടരെ കണ്കൊണ്ട്  കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ല പാരില് ഇല്ല പാരില്

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളികോലാദികള്നാഴികളും
എല്ലാം കണക്കിന് തുല്യമായിതുല്യമായി

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്മറ്റൊന്നുമില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനംപൊളിവചനം

ഈയൊരു ‘സ്വാതന്ത്രിയത്തിന്റെ നാട്ടിലേക്ക് എന്‍റെ നാടുണരട്ടെ’ എന്നാശംസിച്ചുകൊണ്ട് ഓരോരുത്തര്‍ക്കും ആഗതമാവുന്ന  ഓണത്തിന്‍റെ ആശംസകളും പ്രാര്‍ഥനകളും ഏറ്റം  ഹൃദ്യമായി നേരട്ടെ...  

No comments: