Sunday, April 19, 2020

03.04.2020: Breaking the word...

ദൈവ സങ്കൽപ്പത്തെ മാത്രമല്ല, ദൈവ-മനുഷ്യ ബന്ധത്തെപ്പോലും തിരുത്തിക്കുറിച്ചവനാണ് യേശു. കോപിഷ്ടനാവുന്ന, ശിക്ഷിക്കുന്ന, പ്രതികാരദാഹിയായ ദൈവത്തെ ശാന്തതയുള്ള, കരുണയുള്ള, ക്ഷമിക്കുന്ന ദൈവമാക്കി അവതാരിപ്പിച്ചു.
ഇന്നത്തെ ആദ്യ വായനയിൽ ജെറമിയ പ്രവാചകൻ, തനിക്കെതിരെ ആരോപണം നടത്തിയവരോട് പ്രതികാരത്തിനായി പ്രാർത്ഥിമ്പോൾ യേശു തന്നെ കുരിശിലേറ്റി കൊല്ലുന്നവരെ ക്ഷമിക്കണമെന്ന് പ്രാര്ഥിച്ചാണ് നമുക്ക് മാതൃകയായത്.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ശൃഷ്ടിക്കപ്പെട്ട മനുഷ്യൻ, അവിടുത്തെ ജീവശ്വാസം ഏറ്റുവാങ്ങിയവൻ, 'നിങ്ങളുടെ ദൈവമായ ഞാൻ പരിശുദ്ധനായിരിക്കുന്നപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ' എന്ന നിയോഗം ലഭിച്ചവൻ ദൈവമാകാൻ ശ്രമിക്കുന്നതിൽ, ദൈവമാണെന്ന് അവകാശപ്പെടുന്നതിൽ കുപിതരാകാൻ, കല്ലെറിഞ്ഞു കൊല്ലാൻ ഒരുങ്ങുന്നതിൽ എന്ത് ന്യായീകരണമിരിക്കുന്നു എന്ന അവിടുത്തെ ചോദ്യം തന്നെ പ്രസക്തമാണ്.
മാത്രവുമല്ല, പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്നവരോട് 'നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ' എന്ന് വെല്ലുവിളിച്ചു അവളെ രക്ഷപ്പെടുത്തിയ അവിടുത്തെത്തന്നെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിക്കുന്നത് എന്തു വിരോധാഭാസമാണ്!
ദൈവത്തോളം വളർന്ന അവിടുന്ന് ദൈവപുത്രനല്ലെങ്കിൽ മറ്റാരാണ്!
ഇത് അവിടുത്തെ പ്രതിയോഗികൾക്കു, 'വിജ്ഞാനികളും വിവേകികളും' എന്ന് അഹങ്കരിക്കുന്ന' അവർക്കു മനസ്സിലാവില്ല, മറിച്ചു ശിശുക്കളെ പോലെയുള്ള സാധാരണക്കാർക്ക് മനസ്സിലായി, അവർ 'അവന്റെ അടുത്തു വന്നു... അവനിൽ വിശ്വസിച്ചു.'
'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ' എന്ന യേശുവിന്റെ ആഹ്വാനം ജീവിതമാക്കാം.
പ്രതികാരം തിന്മയെ വളർത്തുമ്പോൾ ക്ഷമ അതിനെ ഇല്ലാതാക്കുന്നു. തിന്മയില്ലാത്ത, രോഗമില്ലാത്ത ദൈവരാജ്യ അവസ്ഥ ഇവിടെ യാഥാർഥ്യമാക്കാൻ ആവുന്നതെല്ലാം ചെയ്യാം.
സുപ്രഭാതം! 

No comments: