Sunday, April 19, 2020

വിശുദ്ധ വാരം 2020: ചൊവ്വ - വചന വിചിന്തനം...

ഒന്നാം വായന: ഏശയ്യാ 49:1-6
സുവിശേഷം: വി.യോഹ 13:21-33,36-38
മനുഷ്യ സൃഷ്ടിയെക്കുറിച്ചുള്ള, ദൈവ-മനുഷ്യ ബന്ധത്തെക്കുറിച്ചുള്ള ധാരണയാണ് മതങ്ങളെ വ്യത്യസ്ഥങ്ങളാക്കുന്നുന്നത്. മനുഷ്യനെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചതെന്നും, തുടർന്നുള്ള ഓരോ ജന്മവും അതിന്റെ ജീവിത ധർമ്മവും അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചതാണ് എന്നും യഹൂദ-ക്രൈസ്‌തവ വേദപുസ്തകം സമർത്ഥിക്കാൻ ശ്രമിക്കുന്നു. അത് ദൈവേഷ്ടം നിറവേറ്റാൻ ആണ്‌ കർത്തൃദാസന്റെ രണ്ടാം ഗാനത്തിലൂടെ ഏശയ്യാ പ്രവാചകൻ ആദ്യ വായനയിൽ അവതരിപ്പിക്കുന്നത്.
സുവിശേഷ വായനയിൽ യോഹന്നാൻ യേശുവിന്റെ അവസാന നാളുകളിലെ നിർണായക സംഭവങ്ങളെ, അവിടുന്ന് ഏറ്റുവാങ്ങാനിരിക്കുന്ന പീഡകളുടെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രവചനാത്മകമായി വെളിപ്പെടുത്തുന്നു. ശിഷ്യന്മാരുടെ ധാരണകളെ, സ്വയംപ്രഖ്യാപിത അവകാശവാദങ്ങളെ പൊള്ളയെന്നു സൂചിപ്പിച്ചു താക്കീത് നൽകുന്നു. എന്നിട്ടും തങ്ങളിൽ മാത്രം ആശ്രയിച്ചതുകൊണ്ടു അവരിൽ ചിലർ പിഴച്ചുപോകുന്നു.
ദൈവേഷ്ടം നിവർത്തിക്കാൻ ദൈവസഹായം കൂടാതെ സാധ്യമല്ല എന്ന സന്ദേശം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ. ഈ കഷ്ടപ്പാടുകളുടെ, നിസ്സഹായതയുടെ കൊറോണാ നാളുകളിലും
പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിച്ചു നമുക്ക് പരിശ്രമിക്കാം. കൊറോണയുൾപ്പെടെ എല്ലാ തിന്മകളെയും അതിജീവിക്കാം.
ആചാരങ്ങൾക്കുപരിയുള്ള ഒരാധ്യാത്മികത വളർത്തിയെടുക്കാം. നന്മയിലും വിശുദ്ധിയിലും വളരാം.
ശുഭദിനം.

No comments: