Sunday, April 19, 2020

വ്യാഴം, 16/4/2020* Easter Thursday വിചിന്തനം...


സുപ്രഭാതം!
ഇന്നലത്തെ സുവിശേഷത്തിൽ പ്രതിപാദിച്ച മുടന്തൻറെ സൗഖ്യം ജനത്തെ വല്ലാതെ സ്വാതീനിച്ചിട്ടുണ്ടാവണം. അതിനാലാണ് സൗഖ്യം പ്രാപിച്ചവനും ജനവും സോളമന്റെ മണ്ഡപത്തിൽ ശിഷ്യൻമാർക്ക് ചുറ്റും കൂടിയത്. അവരെ അഭിസംബോധന ചെയ്തുകൊണ്ട് പത്രോസ് തന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നു. യഹൂദ നേതൃത്വവും അവർ വശത്താക്കിയ ജനവും പരിശുദ്ധനും നീതിമാനുമായവനെ, ജീവന്റെ നാഥനെ തള്ളിപ്പറഞ്ഞു, വധിച്ചു. എന്നാൽ ദൈവം അവനെ 'കർത്താവും ക്രിസ്തുവു'മാക്കി ഉയിർപ്പിച്ചു. അവന്റെ നാമത്തിലാണ്, അവനിലുള്ള വിശ്വാസം മൂലമാണ് മുടന്തന് സൗഖ്യം ലഭിച്ചത്. അതിനാൽ പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവിൻ.
തങ്ങളുടെ ഗുരുവിന്റെ ഉയിർപ്പ് ശിഷ്യന്മാരെ പുതിയ അനുഭവങ്ങളിലേക്ക് നടത്തുകയാണ്. അവിടുത്തെ സാന്നിധ്യം മുമ്പത്തേക്കാൾ ശക്തമായി സജീവമായി അനുഭവപ്പെടുകയാണ്, അത് നിയമത്തേയും പ്രവാചകന്മാരെയും പുതിയ സാഹചര്യത്തിൽ ആഴമായി ഗ്രഹിക്കാൻ സഹായകമാവുന്നു. ഇത്, യേശു ജീവിച്ചിരുന്നപ്പോൾ പ്രഘോഷിച്ച ദൈവാരാജ്യത്തിനായുള്ള പശ്ചാത്താപത്തിനും മാനസാന്തരത്തിനും വഴിയൊരുക്കാൻ അവരെ പ്രാപ്തരാക്കാൻകൂടിയാണ്.
മാനസാന്തരമാണ് ദൈവാരാജ്യത്തിനുള്ള ഏക വ്യവസ്ഥ. ദൈവാരാജ്യമെന്നാൽ ദുഃഖമില്ലാത്ത, രോഗമില്ലാത്ത, മരണംപോലും പരാജയപ്പെടുന്ന അവസ്ഥയാണ്. ഈ കൊറോണാക്കാലത്തു അതിനേക്കാൾ കൂടുതൽ എന്തെങ്കിലും ആഗ്രഹിക്കാനുണ്ടാവുമോ! നമുക്കും മാനസാന്തരപ്പെടാം, സഹോദരരുമായി, സഹജീവികളുമായി, പരിസ്ഥിതിയുമായി, പ്രകൃതിയുമായി രമ്യപ്പെടാം, ഈ പ്രപഞ്ചത്തെ പറുദീസയാക്കാം, നമുക്കും മറ്റു ജീവരാശികൾക്കും പിന്തലമുറകൾക്കും.
ഇതിന് തുടക്കമെന്നോണം കൊറോണാ പ്രതിസന്ധിയെ സർക്കാരുമായി സഹകസരിച്ചു അതിജീവിക്കാം.
ശുഭദിനം നേരുന്നു.

No comments: