Sunday, April 19, 2020

05.04.2020: Breaking the word...

കഴിഞ്ഞ നാല്പതു ദിവസങ്ങളായി ഇന്ന്, കർത്താവിന്റ ജറുസലേം പ്രവേശത്തിന്റെ അനുസ്മരണമായ കുരുത്തോലപ്പെരുനാളിൽ തുടങ്ങുന്ന അവിടുത്തെ രക്ഷാകരമായ പീഡാനുഭവവും കുരിശുമരണവും ഉദ്ധാനവും അനുസരിക്കുന്ന വിശുദ്ധ വാരത്തിലേക്കു കടക്കാൻ ഒരുങ്ങുകയായിരുന്നു നാം.
കർത്താവിന്റെ പരസ്യജീവിതം സംഭവബഹുലമായിരുന്നു, വിവാദവിഷയമായിരുന്നു, മത, രാഷ്ട്ര നേതൃത്വങ്ങൾക്ക് വെല്ലുവിളിയും പേടിസ്വപ്നവുമായിരുന്നു. അതുകൊണ്ടുതന്നെ അവർ അവിടുത്തെ വകവരുത്തുവാൻ, ഇല്ലായ്മ ചെയ്യാൻ ഒരുങ്ങിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജറുസലേമിൽ പോകുന്നത് അവിടുത്തേക്ക്‌ അപകടകരം എന്നുമാത്രമല്ല, അത് ആത്മഹത്യാപരവും.
ജീവന്റെ രഹസ്യം അത് സംരക്ഷിക്കുന്നതിലല്ല, മറിച്ച് അനേകർക്ക്‌ പ്രയോജനം/ഫലം നൽകുന്ന ഗോതമ്പു മണിപോലെ സ്വയം ഇല്ലാതാകുന്നതിലൂടെയാണെന്ന ബോധ്യത്തോടെ, അത്
മാനവരക്ഷയ്ക്കു അനിവാര്യമാണെന്ന് കണ്ട അവിടുന്ന് ധീരതയോടെ ജറുസലേമിലേക്കുതന്നെ വരികയാണ്.
അവിടുത്തെ കരുണയും, കരുതലും, സ്നേഹവും, സൗഖ്യവും, പാപമോചനവുമൊക്കെ ഏറ്റുവാങ്ങിയ ജനം സ്വതസിദ്ധമായ ഉത്സാഹത്തോടെ അവിടുത്തെ എതിരേൽക്കുകയാണ്, ഓശാന പാടി, മരച്ചില്ലകൾ വിതറിയും വീശിയും.
ധീരന്മാർ മരണത്തെ ഭയക്കാറില്ല, ഒരുപക്ഷേ മരണം അവരെ ഭയന്നെന്നുവരാമെങ്കിലും.
അവഹേളിതമായ മരണത്തിലേക്ക്, അതുവഴി മഹത്വപൂർണമായ ഉയിർപ്പിലേക്കുള്ള നിർണായകമായ ചുവടുവയ്പ്പാണ് ജറുസലേം പ്രവേശം.
മരണത്തെ, അത് ഇന്നു നാം മുഖാഭിമുഖം കണ്ടു പകച്ചു നിസ്സഹായരായി നില്ക്കുന്ന, കൊറോണാ മരണത്തെപ്പോലും ഭയക്കുന്നില്ലെങ്കിൽ, അതിന്റെ മുന്നിൽ യേശുവിനെപ്പോലെ ധീരതയോടെ വിശ്വാസത്തോടെ നിലയുറപ്പിച്ചാൽ ജീവിതം സാഹസവും സന്തോഷപൂർണ്ണവുമാകും, വിജയപ്രദവും.
അനുഗ്രഹദായകമായ, എന്നാൽ കൊറോണാ പശ്ചാത്തലത്തിൽ അസാധാരമായ വിശുദ്ധവാരം നേരുന്നു, ഉയിർപ്പ് ഉറപ്പാണെന്ന പ്രത്യാശയോടെ.
ശുഭദിനം. 

No comments: