Sunday, April 19, 2020

ദുഃഖവെള്ളി -2020

ഒന്നാം വായന: ഏശയ്യ 52:13-53:12
രണ്ടാം വായന: ഹെബ്രാ 4:14-16; 5:7-9
സുവിശേഷം: യോഹ 18:1-19:42
ഇന്ന് ദുഃഖ വെള്ളി.
ക്രൈസ്തവ ലോകത്തിന് ഏറ്റം പ്രധാനപ്പെട്ട ദിനം. ദു:ഖത്തെ, ദുഃഖകാരണത്തെ, ദുഃഖോപാധിയെ ആശ്ലേഷിക്കുന്ന, വാരിപ്പുണരുന്ന പ്രത്യക്ഷത്തിൽ അസ്വാഭാവികമായ കാഴ്ചപ്പാടും സമീപനവും! അതേ, അതുതന്നെയാണ് ക്രൈസ്തവീകത, ക്രിസ്തുവായി ഉയർത്തപ്പെട്ട യേശു നൽകുന്ന മാതൃക (മത്തായി 5:44) അതിനെയാണ് ഇന്ന് നാം അനുസ്മരിക്കുന്നതും അനുകരിക്കാൻ പ്രതിജ്ഞാബദ്ധരാവുന്നതും.
ഈ ദുഃഖം സന്തോഷമായി മാറുന്നതാണ് ഉയിർപ്പ്. അങ്ങനെയാവണം, ഇത് ഗുഡ് ഫ്രൈഡേ(Good Friday)യുമാവുന്നത്!
ഇനി, ഇന്നത്തെ വായനകളെ ധ്യാനിക്കാം: യോഹന്നാന്റെ പീഡാനുഭവ വിവരണം ശക്തവും ശൂഷ്മതയോടെയുള്ളതുമാണ്. ഇവിടെ യേശുവിന്റെ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നത് അത്ഭുതകരം എന്നല്ലാതെ മറ്റെന്തു പറയാനാണ്!
തന്നെ ബന്ധനസ്ഥനാക്കാൻ ആയുധങ്ങളുമായെത്തിയവരോട് 'അതു ഞാനാണ്' എന്ന് പറയാൻ അമാനുഷികമായ ധീരത വേണം.
ഭരണാധികാരി, പീലാത്തോസുമായുള്ള അവിടുത്തെ മുഖാഭിമുഖ ഏറ്റുമുട്ടൽ അതിശയിപ്പിക്കുന്നതാണ്!
'അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാൽ (യഹൂദർ) പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല'. അതിനാൽ പീലാത്തോസിനു പുറത്തു വന്നും പോകേണ്ടിയുമിരുന്നു. അങ്ങനെ അവൻ ഒരർത്ഥത്തിൽ നിസ്സാരനാവുകയും യേശു ആനുപാതികമായി ശക്തനായി ഉയരുകയുമാണ്. തന്നെയും തന്റെ അധികാരത്തേയും കുറിച്ചുള്ള വ്യക്തതയോടും അഹംഭാവത്തോടെയും കടന്നുവന്ന അവൻ എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു പരാജയപ്പെട്ടവൻ, ഒരുതരം നിസ്സംഗതയോടെ ചോദിക്കുന്നു: 'നീ യഹൂദരുടെ രാജാവാണോ?' എന്ന്. അതിനുള്ള മറുപടി, 'എന്റെ രാജ്യം ഐഹികമല്ല' എന്നാണ്. ഇത്, ഈ ലോകത്തിന്റേതല്ല എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ സുവിശേഷാധിഷ്‌ഠിതമല്ല. 'അങ്ങയുടെ രാജ്യം വരേണമേ' എന്ന് പ്രാർത്ഥിക്കുന്നത് ആ രാജ്യം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാവണം എന്നുതന്നെയാണ്. എങ്കിലും അത് അതിനെയും ഉല്ലംഘിക്കുന്നതാണ്.
'എന്റെ രാജ്യം ഐഹികമല്ല' എന്നതിന്റെ അർത്ഥം, അത് പീലാത്തോസിന് പരിചിതമായ ഒന്നല്ല, അവൻ പ്രതിനിധീകരിക്കുന്ന ഒന്നിനെപ്പോലെയുമല്ല എന്നാണ്. കാര്യങ്ങൾ ഏതാണ്ട് മനസ്സിലായ അവൻ ചോദിക്കുന്നു: 'അപ്പോൾ നീ രാജാവാണ് അല്ലേ?' യേശു അത് നിഷേധിക്കാതെ നൽകുന്ന സന്ദേശമിതാവണം: എന്റെ രീതി, ശൈലി നിന്റെയോ, നിന്റെ യജമാനൻ സീസറിന്റേതുപോലെയുമല്ല, മറിച്ച് അത് ശുശ്രൂഷയുടേതാണ്. ഇതാണ് പാദക്ഷാളനത്തിലൂടെ അവിടുന്ന് മാതൃക നൽകിയതും.
ഇവിടങ്ങളിലൊന്നും യേശു ഭയക്കുന്നില്ല സംശയിക്കുന്നില്ല എന്നുമാത്രമല്ല ഭരണാധികാരികൾക്കും അവരെ സ്വാധീനിച്ചവർക്കും പേടിസ്വപ്നമാവുകയുമാണ്.
പീലാത്തോസിന്റെ അസന്നിക്താവസ്ഥയെ യേശുവിനെതിരെയാക്കുവാൻ, 'ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല... ' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ്. തന്റെ നിലനില്പിനുവേണ്ടി അവിടുത്തെ കൈവിടുകയാണ്! അപ്പോഴും പതറാതെ അവിടുന്ന് കുരിശിനെ ഏറ്റുവാങ്ങി കിരീടമാക്കുകയാണ്. പ്രത്യക്ഷത്തിൽ പരാജിതനാണെങ്കിലും സത്യത്തിൽ അവിടുന്നു തലയുയർത്തി കാൽവരി കയറുകയാണ്, കുരിശുമായി! ഏശയ്യ പ്രവാചകന്റെ കർത്തൃദാസ പീഡകൾ ഏറ്റുവാങ്ങി നമ്മുടെ കുറവുകൾക്ക് പരിഹാരമാവുകയാണ്, നമ്മുടെ ബലഹീനതകളിൽ നമുക്ക് സമാനമാവുകയാണ്, ആശ്വാസം പകരുകയാണ്, ആത്യന്തിക വിജയത്തിലൂടെ, ഉയിർപ്പിലൂടെ. 'കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ' എന്ന എക്കാലത്തെയും പ്രതീക്ഷയുടെ ശക്തമായ സന്ദേശം നൽകുകയാണ്.
ശുഭദിനം...

No comments: