Sunday, April 19, 2020

ദിവ്യകാരുണ്യ – ദിവ്യബലി – പൌരോഹിത്യ ചിന്തകള്‍...

ദിവ്യകാരുണ്യ – ദിവ്യബലി – പൌരോഹിത്യ ചിന്തകള്‍...
വിഭൂതിത്തിരുനാളോടെ ആരംഭിച്ച തപസ്സുകാലം ആരാധനാക്രമത്തിലെ സവിശേഷ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലൂടെ അതിന്‍റെ ഉച്ചസ്ഥായിയായി പരിഗണിക്കപ്പെടുന്ന, ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണ വിഷയവുമായ പെസഹാത്രിദിനത്തിലെ യേശുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും വഴി പുതുജീവനിലേക്ക്, പുതിയ പ്രഭാതത്തിലേക്ക്‌, പ്രത്യാശയിലേക്ക് ക്രൈസ്തവ ജനതയെ വീണ്ടും വഴിനടത്തുകയാണ്. ഈ വര്‍ഷം ഇത് അനിതരസാധാരണവും ഭീതീജനകവും ശാസ്ത്രലോകത്തിന്റെതന്നെ നിസ്സഹായത വിളിച്ചോതി ലോകജനതയെ ആഗമാനം ഭയത്തിന്‍റെ ഒറ്റക്കുടക്കീഴില്‍ നിര്‍ത്തിയ കൊറോണാ വൈറസ് താണ്ഡവ കാലത്താണ്! വിശുദ്ധവാര അനുഷ്ടാനങ്ങള്‍തന്നെ ജനപങ്കാളിത്തത്തോടെ നടത്താന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തിലുമാണ് നമ്മൾ!
പെസഹാത്രിദിനം ആരംഭിക്കുന്നത് തിരുവത്താഴപൂജയോടെയാണ്. ഇതില്‍ അനുസ്മരിക്കുന്നത്‌ ദിവ്യകാരുണ്യത്തിന്‍റെയും പൌരോഹിത്യത്തിന്റെയും സ്ഥാപനവും പരസ്നേഹ കല്പനയുമാണ്. ദിവ്യകാരുണ്യം പരികര്‍മ്മം ചെയ്യപ്പെടു- ന്നത് ദിവ്യബലിയിലും അത് നിര്‍വ്വഹിക്കുന്നത് പുരോഹിതനുമാണ്. ദിവ്യബലി ക്രൈസ്തവീകതയുടെ, ക്രൈസ്തവ ആരാധനയുടെ ഉച്ചിയും ഉറവയുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. വിശ്വാസത്തിന്‍റെ, മതാത്മകതയുടെ ആധാരശിലകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ രണ്ടു ദിവ്യ രഹസ്യങ്ങളെയും കാലാനുസൃതം വേദപുസ്തക അടിസ്ഥാനത്തില്‍ മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ കുറിപ്പ്.
പഴയ നിയമത്തിലെ നിര്‍ണ്ണായക ഘട്ടമാണല്ലോ പുറപ്പാട് സംഭവം. ഈജിപ്തിലുള്ള തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട്, മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം കേട്ട്, അവരുടെ യാതനകള്‍ അറിഞ്ഞ് ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമാകാരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതു മായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമായുള്ള(Ex 3:7-8) കര്‍ത്താവിന്‍റെ നിര്‍ണ്ണായക ഇടപെടലാണ് പെസഹായിലൂടെ വാഗ്ദത്ത ഭൂമിയിലെത്തി ദൈവജന ‘ചരിത്ര’മാവുന്നത്. കര്‍ത്താവിന്‍റെ ഈ പെസഹാ ദിനം ഒരു സ്മരണാ ദിനമാണ്, തലമുറതോറും കര്‍ത്താവിന്‍റെ തിരു നാളായി ആചരിക്കപ്പെടെണ്ടതാണ്, എന്നേക്കുമുള്ള ഒരു കല്‍പ്പനയുമാണ്‌.(Ex 12:14).
അങ്ങനെയാണ്, ‘...ശിഷ്യന്മാര്‍ യേശുവിന്‍റെ അടുത്തുവന്നു ചോദിച്ചത്: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’ (Mt 26:17). അവന്‍റെ നിര്‍ദ്ദേശപ്രകാരം അവര്‍ പെസഹാ ഒരുക്കി. പെസഹായ്ക്കു ആട്ടിന്‍കുട്ടി അവിഭാജ്യ ഘടകമാണ്. അവിടെ യേശു സ്വയം ആട്ടിന്‍കുട്ടിയാവുകയാണ്, ‘ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ (Jn 1:29) എന്ന യോഹന്നാന്‍റെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട്. അന്ന് അത് അപ്പത്തില്‍ സ്വയം (പ്രതീകാത്മകമായി) അര്‍പ്പിച്ചുകൊണ്ടും, അടുത്ത ദിവസം കാല്‍വരിയില്‍ അതിനെ യാഥാര്‍ത്യമാക്കികൊണ്ടുമാണ്.
ഈ സംഭവം വിവരിക്കുന്ന സമാന്തര സുവിശേഷകന്മാരില്‍ ലൂക്കാ മാത്രമേ, ‘എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍’ (22:19) എന്നു പറയുന്നത്. കര്‍ത്താവിന്‍റെ ശിഷ്യരുടെ നേരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ട്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച- വരെ ബന്ധനസ്തരാക്കി കൊണ്ടുവരാന്‍ പോകും വഴി നിലംപതിച്ച് മാനസാന്തരപ്പെട്ട് പൌലോസായി മാറി, യേശു ദൈവപുത്രനാണെന്ന് പ്രഘോഷിച്ച സാവൂള്‍ കൂട്ടിച്ചേര്‍ക്കുന്നു: ‘...നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.’ (1 Cor 11:24-25). അതായത്, പില്‍ക്കാലത്ത് സഭയില്‍ സംഭവിച്ചപോലെ, എന്നും ചെയ്യണമെന്ന വിവക്ഷ ഇതിനില്ല, മറിച്ച് ചെയ്യുമ്പോള്‍ അവിടുത്തെ ഓര്‍മയ്ക്കായി ചെയ്യവിന്‍ എന്നേ അര്‍ത്ഥമാക്കേ ണ്ടതുള്ളൂ.
യേശുവിന്‍റെ ഓര്‍മ്മയ്ക്കു ചുറ്റും കൂടിയവര്‍ക്ക് അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യത്തെ അനുസ്മരിക്കാതിരിക്കാന്‍, ആഘോഷിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. യേശുവിനു ശേഷവും തുടര്‍ന്നും പീഡിപ്പിക്കപ്പെട്ട ശിഷ്യഗണങ്ങള്‍ക്ക്/സഭയ്ക്ക് ഇത് ഉത്തേജനമായി, ഊര്‍ജമായി, പ്രേരകശക്തിയായി. ഇത്തരം അനുസ്മരണാ വേളകളില്‍ മുറിക്കപ്പെട്ട അപ്പം സമ്മേളനവേദികളില്‍ (പലപ്പോഴും ഒളിയിടങ്ങളില്‍) ഭക്ഷിക്കാന്‍ കഴിയാത്ത വൃത്തര്‍ക്കും രോഗികള്‍ക്കും എടുത്തു ചെല്ലുക സ്വഭാവികമായിരുന്നു, പതിവായിരുന്നു, ചിലപ്പോഴെങ്കിലും സാഹസികവും അപകടകരവുമായിരുന്നു. ഈ അപ്പമാണ് പിന്നീട് ദിവ്യകാരുണ്യമായി സക്രാരികളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്; തുടര്‍ന്ന് ദിവ്യകാരുണ്യ ആശീര്‍വാദവും, ദിവ്യകാരുണ്യ ആരാധനയും, ഇപ്പോള്‍ ശീതീകരിക്കപ്പെട്ട കപ്പേളകളില്‍ നിത്യ ആരാധനയുമൊക്കെയായി.
ബലിയായിത്തീര്‍ന്ന യേശുവിന്‍റെ ജ്വലിക്കുന്ന, ജ്വലിപ്പിക്കുന്ന ഓര്‍മ്മ ഇന്ന് ഏതാണ്ട് ആചാരമായി, അനുഷ്ഠാനമായി, ആഡംബര പ്രഹസ്വനത്തിനുള്ള ഉപാതിയായി. പൂജയായി (പാട്ടുപൂജയായി, സമൂഹബലിയായി), കുര്‍ബാനയായെല്ലാം പരിണമിച്ച ഈ ഓര്‍മ്മയുടെ പേരില്‍ നിരവധി വൈദീകരെ അണിനിരത്തുന്ന, സംഗീതോപകരങ്ങളുടെ അതിപ്രസരവും, സമൂഹത്തെ വെറും നോക്കുകുത്തിയാക്കി നിറുത്തുന്ന ഗാനാലാപനവും, ഇറക്കുമതി ചെയ്ത വിലപിടിപ്പുള്ള പൂക്കള്‍കൊണ്ടുള്ള അലങ്കാരവും, വിശ്വാസികളുടെ ഏകാഗ്രതയെ വെല്ലുവിളിക്കുന്ന നിശ്ചലവും അല്ലാത്തതുമായ ചായാഗ്രഹണവും ദിവ്യബലിയെ മറ്റൊരു കച്ചവടോപാതിയാക്കിയില്ലേ! ഇങ്ങനെ കമ്പോളവല്‍ക്കരിക്കപ്പെട്ട ദിവ്യബലി നാളെ എന്തായിത്തീരുമോ, പ്രത്യേകിച്ചും ദിവ്യകാരുണ്യ ആരാധനയോടുള്ള അമിത ഭക്തിയുടെയും (ദിവ്യബലിക്ക് മുന്‍പും പിന്പുമുള്ള ആരാധന) പ്രാധന്യത്തിന്റെയും പശ്ചാത്തലത്തില്‍!
ഈ അനുസ്മരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മൂപ്പന്മാരാണ്, ശ്രേഷ്ഠന്‍മാരാണ്. പത്രോസ്തന്നെ സ്വയം ‘ഒരു സഹശ്രേഷ്ഠനാ’യാണ്‌ മറ്റു ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നത്. (1 Pet 5:1). അനുസ്മരണം വ്യവസ്ഥാപിത- മാക്കപ്പെട്ടപ്പോള്‍ നേതൃത്വം പുരോഹിതര്‍ക്കായി! ഇത് പഴയനിയമ ലേവി പൌരോഹിത്യംപോലെ ഒരു പ്രത്യേക വിഭാഗത്തിനുള്ളതല്ല എന്ന് അദ്ദേഹംതന്നെ പറയുന്നു: ‘നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയപുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്’ (1 Pet 2:9).
ബലിയുമായി ബന്ധപ്പെട്ടതാണ് പൌരോഹിത്യം. ഇത് ശുശ്രൂഷാ പൌരോഹിത്യമായിട്ടാണ് സഭ അവതരിപ്പിക്കുന്നത്‌. എന്നാല്‍, ‘ബലിയല്ല, കരുണയാണ്’ (Mt 9:13) യേശു ആഗ്രഹിച്ചത്‌. ദൈവപ്രീതിക്കെന്നു പറഞ്ഞ് മറ്റൊന്നിനെ - മനുഷ്യരെ, മൃഗങ്ങളെ, ഫലങ്ങളെ - സമര്പിച്ച്, അവയുടെ അസ്ഥിത്വം, വ്യക്തിത്വം ഇല്ലാതാക്കുന്ന ബലിയല്ല യേശു നിര്‍വ്വഹിച്ചത്‌. മറിച്ച് സ്വയം ബലിയാവുകയായിരുന്നു. അവിടെയും, യേശുവിനെ പുരോഹിതനാക്കാനുള്ള വ്യഗ്രതയില്‍, അവിടുത്തെ ‘ബലി വസ്തുവും, ബലിയര്‍പ്പകനും, ബലിപീഠവു’മൊക്കെയായി അവതരിപ്പിച്ചു!
‘ലേവ്യര്‍ക്കു തങ്ങളുടെ സഹോദരരോടൊത്ത് ഒരു ഓഹരിയും അവകാശവും ഇല്ല... അവിടുന്നാണ് അവരുടെ അവകാശം.’ (Deut 10:9; 12:12). അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്ന മെല്‍ക്കിസെദേക്കിന് എല്ലാറ്റിന്റെയും ദശാംശം അബ്രാം കൊടുത്തു. (Gen 14:18,20). ‘…അവിടുന്ന് എനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും’ എന്ന് യാക്കോബും പറഞ്ഞുവല്ലോ! (Gen 28:22). ഈ ദശാംശം പിന്നീട് പുരോഹിതന്മാര്‍ക്ക് അവകാശപ്പെട്ടതായി!
എല്ലാ മതങ്ങളിലും പൌരോഹിത്യം ഒരു ചൂഷണോപാധിയായിട്ടാണ് പൌരോഹിത്യേതര രചനകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്! അദ്ധ്വാനിക്കാതെ, മെയ്യനങ്ങാതെ കുറേ സമയത്തേക്കുള്ള ദേവാലയ ശുശ്രൂഷയുടെപേരില്‍ സുഖലോലുപരായി, സുഭിക്ഷമായി കഴിയാനുള്ള വ്യവസ്ഥ. മറ്റു മതസ്ഥര്‍ക്ക് പൌരോഹിത്യം ദേവാലയത്തെ ചുറ്റിപ്പറ്റിയാണെങ്കില്‍ നമുക്ക് അതിനുപുറമേ ഒരു ഇടവക സാമ്രാജ്യത്തെ ചുറ്റിപ്പറ്റിയും! സ്വയം സമര്‍പ്പിച്ച, ബാലിയായിത്തീര്‍ന്ന യേശു ശിഷ്യര്‍ക്ക് ഇതെങ്ങനെ സാധിച്ചു എന്നത് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല! അപ്പസ്തോലന്മാരയാകട്ടെ, എഴുപത്തിരണ്ടുപെരെയാകട്ടെ അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞത് ശ്രദ്ധിക്കാം: ‘യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്... (Lk 9:3). ‘മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്...’(Lk 10:4). പൌലോസും പറയുന്നു: ‘ നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു... അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.’ (2 Thes 4: 7-8, 10, 12).
യേശുവിന്‍റെ പ്രബോധനങ്ങളില്‍ ഏറ്റവും ആധികാരികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം ശ്രദ്ധിക്കാം: ‘വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്ക- റിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനു- മായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്ക്‌ വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.’ (Mk 10:42-45).
വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക്, മതങ്ങള്‍ക്ക് പൌരോഹിത്യം അനിവാര്യമെന്ന് കണ്ടവര്‍ യേശുവിനെത്തന്നെ പുരോഹിതനാക്കി, പ്രധാന പുരോഹിതനുമാക്കി (Heb 3:1; 4:14; 9:11); യേശു ശിഷ്യത്വത്തെ പൌരോഹിത്യവു- മാക്കി. ശ്രേണിവല്‍കരണത്തിന്‍റെ ഭാഗമാണ് പൌരോഹിത്യം. ഇത് സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്ന യേശുവിന്‍റെ ജീവിതവും ശൈലിയുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ്.
പണ്ടേ അധപ്പതിച്ചിരുന്ന പൌരോഹിത്യത്തെ പ്രവാചകന്മാര്‍ വിമര്‍ശിച്ചിരുന്നു (Jer 23:11; Ezek 7:26), ആ പരമ്പരയിലെ അഗ്രഗണ്യനായ യേശുവിനെ അവരും ഭരണവര്‍ഗവും ഒന്നുചേര്‍ന്ന് വകവരുത്തിയതും അതുകൊണ്ടാവണം (Mt 26:57ff).
‘ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു... യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്’ (Jn 4:21, 23) എന്നു പറഞ്ഞ വാക്കുകള്‍ ഈ കോറോണാ കാലത്ത് അന്വര്‍ത്തമാകുന്നുവോ! ‘സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല’ എന്നതും യാഥാര്‍ത്ഥ്യമാകുംപോലെ. യേശു വ്യവസ്ഥാപിതമായതൊന്നും വിഭാവന ചെയ്തില്ല എന്നുമാത്രമല്ല വ്യവസ്ഥിതികളോടു കലഹിച്ച് അവയെ (നിയമവും പ്രവാചകന്മാരെ) പൂര്‍ത്തീകരിക്കാനാണ് താന്‍ വന്നത് എന്നു അവകാശപ്പെടുകയും ചെയ്തു.(Mt 5:17).
ഈ പൂര്‍ത്തീകരിക്കപ്പെട്ട അവസ്തയായിരിക്കണം ‘ദൈവരാജ്യം’ എന്ന് യേശു വിശേഷിപ്പിച്ചത്‌. അതിനു നാം, സഭതന്നെയും മാനസാന്തരപ്പെടണം, അതു ഗോതമ്പുമണി നിലത്തുവീണ് അഴിഞ്ഞ് വളരെ ഫലം പുറപ്പെടുവിക്കുന്നപോലെ (Jn 12:24). യേശുവും മരണവിധേയനായിട്ടാണ് മഹത്വപൂര്‍ണനായി ഉയിര്‍ത്തെണീറ്റത്...
‘നിങ്ങളുടെ ഇടയില്‍ത്തന്നെയുള്ള ദൈവരാജ്യം’ (Lk 17:21) ‘ഇപ്പോള്‍ത്തന്നെയെന്നു യേശു പറഞ്ഞ ദൈവരാജ്യം ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നവര്‍ക്ക് (Jn 4:23) അനുഭവവേദ്യമാവും.
മതങ്ങളുടെ, ആത്യാത്മികതയുടെയല്ല, അനിവാര്യതയാണ് പൌരോഹിത്യം. (ഫെബ്രുവരി ലക്കത്തില്‍ ഇതിനെക്കുറിച്ച്‌ പരാമര്ഷിച്ചതോര്‍ക്കുമല്ലോ). ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയ്ക്ക് മധ്യസ്ഥത വഹിക്കുക, പാപമോചനത്തിനായി, ദൈവപ്രീതിക്കായി ബലിയര്‍പ്പിക്കുക എന്നിവയാണല്ലോ പുരോഹിത ധര്‍മങ്ങള്‍ എന്നു അവകാശപ്പെടുക. ഇതിനു ഒരാള്‍, അര്‍ഥി, യോഗ്യനാവുന്നത് കുറേ വര്‍ഷങ്ങളുടെ പഠനവും പരിശീലനവും കൊണ്ടോ, അഭിഷേകം കൊണ്ടോ എന്നതിലുപരി സ്വയം വിശുദ്ധീകരിച്ചുകൊണ്ടാവണം. മനുഷ്യാവതാരം ചെയ്ത യേശു പോലും പ്രാര്‍ഥിച്ചതിങ്ങനെയാണ്: ‘അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കേണമേ! അവിടുത്തെ വചനമാണ് സത്യം... അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടെണ്ടതിനു അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.’(Jn 17:17,19). ഇത് ഇന്നത്തെ അധികാര, ആതിപത്യ, ആസ്തി കൈകാര്യംചെയ്യുന്ന, ‘ദൈവത്തിന്‍റെ കല്‍പ്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം... മുറുകെപ്പിടിക്കുന്ന’ ((Mk 7:7) രീതിയുമായി ചേര്‍ന്നുപോവില്ല. ആത്മാവും, ആത്മാര്‍ത്ഥതയുമില്ലാത്ത ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ജനത്തെ തളച്ചിട്ടിരിക്കുകയാണ്, കാരണം അതാണ്‌ എളുപ്പവും സൌകര്യപ്രതവും സുകലോലുഭവവും. ഇവയില്‍നിന്നുമുള്ള മോചനമാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധന.
09.04.2020 (This was written for the Parish, St. Anne's Forane Church, Pettah, News Letter for April,2020 but could not be published due to the Coronavirus, Covid-19)

No comments: